ad
Deshabhimani

print edition ഭവനവായ്പ: നേരത്തേ തീർക്കാം നേട്ടമുണ്ടാക്കാം

housing loan
avatar
കെ കെ ജയകുമാർ

Published on Nov 04, 2025, 09:58 AM | 4 min read

​ഒരു മാനേജ്‌മെന്റ് ഫലിതമുണ്ട്. മീറ്റിങ്ങിനിടയില്‍ കോര്‍പറേറ്റ് ഓഫീസിന്റെ റൂഫ് ടോപ്പില്‍നിന്ന് ഒരു മാനേജര്‍ അബദ്ധത്തില്‍ താഴേക്ക് വീണു. പത്ത് നിലയാണ് ഓഫീസിന്. വീണമാത്രയില്‍ മാനേജര്‍ പേടിച്ചു. ജീവനക്കാരെല്ലാം ജോലി നിര്‍ത്തി ജനാലയ്ക്കരികില്‍ എത്തി പേടിയോടെ അയാള്‍ താഴേക്ക് പതിക്കുന്നത് നോക്കിനിന്നു. എട്ടാംനിലയിലെ സഹപ്രവര്‍ത്തകര്‍ ജനാലയിലൂടെ അയാളോട് ചോദിച്ചു. എങ്ങനെയുണ്ട് സാറേ..? ​ അയാള്‍ പറഞ്ഞു. " ഇതേവരെ കുഴപ്പമില്ല. നല്ല സുഖം. സോ ഫാര്‍ സോ ഗുഡ്''. സഹപ്രവര്‍ത്തകരെല്ലാം മൂക്കത്ത് വിരല്‍വച്ചു. താഴെ എത്തുമ്പോള്‍ എന്തായിരിക്കുമോ എന്തോ? ഭവനവായ്പ എടുത്തവരുടെ കാര്യവും ഏറെക്കുറേ ഇതുതന്നെയാണ്. ആദ്യമൊന്നും അത്ര പ്രശ്നം തോന്നില്ല. എന്നാല്‍, 20 – -30 വര്‍ഷത്തോളം കാലയളവുള്ള വായ്പയാണത്.


ഒരു വീട് പണിയുന്നതോടെ നിങ്ങള്‍ ജീവിതകാലം മുഴുവന്‍ ലോക്ക് ആകുന്ന അവസ്ഥയിലായേക്കാം. ഇപ്പോഴത്തെതിനേക്കാള്‍ മികച്ചൊരു ജോലി നോക്കാന്‍പോലും ആകാത്തവിധം തടവിലാക്കപ്പെടാം. ദാമ്പത്യബന്ധത്തില്‍ വിള്ളലുണ്ടായാല്‍ വിവാഹമോചനംപോലും സാധ്യമാകാത്തവിധം ഭവനവായ്പ പലരെയും വലിച്ചുമുറുക്കാറുണ്ട്. ആദായനികുതിയുടെ ന്യൂ റെജിം സ്വീകരിക്കുന്നവര്‍ക്ക് ഭവനവായ്പയ്ക്ക് ആദായനികുതി ഇളവ് ലഭിക്കുകയുമില്ല. അതിനാല്‍ കഴിയുന്നത്ര നേരത്തേ ഇത് തിരിച്ചടച്ച് തീര്‍ക്കുന്നതാണ് നല്ലത്. ഇതിലൂടെ പലതരത്തില്‍ നേട്ടമുണ്ടാക്കുകയും ചെയ്യാം. ​


തിരിച്ചറിയണം 
പലിശഭാരം


എടുത്ത തുകയുടെ ഇരട്ടിയിലേറെ പലിശയായി തിരിച്ചടയ്‌ക്കേണ്ടിവരും എന്നത് മനസ്സിലാക്കിവേണം ഭവനവായ്പയെടുക്കാന്‍. ഉദാഹരണത്തിന്, 20 ലക്ഷം രൂപ 30 വര്‍ഷത്തേക്ക് പ്രതിവര്‍ഷം എട്ട് ശതമാനം പലിശയ്ക്ക് വായ്പ എടുത്താല്‍ പ്രതിമാസ ഇഎംഐ 14,675 രൂപയാകും. 30 വര്‍ഷം കൊണ്ട് മുതലും പലിശയും ചേര്‍ത്ത് തിരിച്ചടയ്ക്കേണ്ടത് 52,83,105 രൂപയാണ്. ഇതിലെ മുതല്‍ തുകയായ 20 ലക്ഷം കഴിച്ച് പലിശയായി തിരിച്ചടയ്ക്കേണ്ടിവരുന്നത് 32,83,105 രൂപയാണ്. നമ്മള്‍ പ്രതിമാസം 14,675 രൂപവീതം ഒരു വര്‍ഷം 1,76,100 രൂപ അടയ്ക്കുമ്പോള്‍ ആദ്യവര്‍ഷം മുതലിലേക്ക് തിരിച്ചടവ് വരുന്നത് വെറും 16,707 രൂപയായിരിക്കും. ബാക്കി 1,59,393 രൂപയും പോകുന്നത് പലിശയിലേക്കാണ്. ഇത് വായ്പ അടച്ചുതുടങ്ങുന്ന ആദ്യവര്‍ഷത്തെ കണക്കാണ്.


രണ്ടാംവര്‍ഷവും കാര്യങ്ങള്‍ ഇങ്ങനെതന്നെയാണ് പോകുന്നത്. പലിശയിലേക്ക് വകയിരുത്തുന്നതില്‍ 1386 രൂപയോളം കുറയുകയും മുതലിലേക്ക് വകയിരുത്തുന്നതില്‍ 1387 രൂപയോളം കൂടുകയും ചെയ്യുമെന്ന് മാത്രം. 20 ലക്ഷം വായ്പ എടുത്ത നിങ്ങള്‍ ആദ്യ 10 വര്‍ഷം പിന്നിടുമ്പോള്‍തന്നെ മൊത്തം തിരിച്ചടച്ചത് 17,61,030 രൂപയാണ്. പക്ഷേ ഇതില്‍ മുതലിലേക്ക് വരവുവച്ചത് എത്രയാണ് എന്നറിയാമോ? വെറും 2,45,506 രൂപ. ബാക്കി അടവ് മുഴുവന്‍ പലിശയിലേക്ക് പോയി. അതായത് ആദ്യ 10 വര്‍ഷംകൊണ്ട് നിങ്ങള്‍ 15,15,524 രൂപയാണ് പലിശയായി അടച്ചത്. ഭവനവായ്പ എടുത്തവരും എടുക്കാനിരിക്കുന്നവരും തിരിച്ചറിയേണ്ടതാണ് ഈ പലിശഭാരം. ​​


കാലാവധി തീരാന്‍ 
കാത്തിരിക്കരുത്


ജീവിതത്തിലെ സന്തോഷമെല്ലാം വേണ്ടെന്നുവച്ച്, നരച്ച ഷര്‍ട്ടും വള്ളി പൊട്ടിയ ചെരുപ്പുമൊക്കെ ഇട്ട് മുണ്ട് മുറുക്കിയുടുത്ത് ഇഎംഐ അടച്ചുപോരുന്നതുകൊണ്ട് ഇതൊന്നും നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലായിരിക്കാം. ഇതുവരെ രണ്ട് ലക്ഷം പലിശയടവിനും 1.5 ലക്ഷം മുതലടവിനും (ആകെ 3.5 ലക്ഷം) ആദായനികുതി ഇളവ് കിട്ടിയിരുന്നതുകൊണ്ട് ഇതൊന്നും ശ്രദ്ധിക്കാന്‍ പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റുമാരും പൊതുവില്‍ പറയാറില്ല. ഇപ്പോഴതല്ല സ്ഥിതി. ഈ ആദായനികുതിയിളവ് ഇല്ലാതായി. ഇതിനര്‍ഥം ആരും ഭവനവായ്പ എടുക്കരുത് എന്നല്ല. എടുത്താല്‍ കാലാവധി തീരാന്‍ കാത്തിരിക്കരുത്. കഴിയുന്നതുപോലെ വേഗത്തില്‍ തിരിച്ചടയ്ക്കാന്‍ ശ്രദ്ധിക്കണം.


യഥാര്‍ത്ഥ നേട്ടം 
വളരെ വലുത് ​


മുകളില്‍ പറഞ്ഞ 30 വര്‍ഷത്തേക്കുള്ള 20 ലക്ഷത്തിന്റെ വായ്പ എല്ലാവര്‍ഷവും ഇഎംഐയ്ക്ക് പുറമെ ഒരു ലക്ഷം രൂപകൂടി ലംപ്സമായി അടച്ചാല്‍ 15 വര്‍ഷംകൊണ്ട് തീരുമെന്നാണ് ഭവനവായ്പ കാല്‍ക്കുലേറ്റര്‍ പറയുന്നത്. അപ്പോള്‍ പലിശയിനത്തില്‍ 15–16 ലക്ഷം രൂപ ലാഭിക്കാം. അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം 15 വര്‍ഷം ഓരോ ലക്ഷം അധികമായി അടയ്ക്കുന്നില്ലേ പിന്നെ 15 ലക്ഷം പലിശയില്‍ ലാഭം കിട്ടുന്നതുകൊണ്ട് എന്ത് നേട്ടം എന്ന്. ഓരോ വര്‍ഷവും ഓരോ ലക്ഷംവീതം അധികമായി അടയ്ക്കുന്നില്ലെങ്കില്‍ 15 വര്‍ഷംകൂടി പ്രതിമാസം ഇഎംഐ ആയി 14,675 രൂപവീതം അടയ്ക്കണം. ഇതുമാത്രം ഏകദേശം 26.41 ലക്ഷം രൂപ വരും. അതായത് ഓരോ വര്‍ഷം ഓരോ ലക്ഷം രൂപ ആധികമായി അടയ്ക്കുന്നതുകൊണ്ട് ഉണ്ടാകുന്ന യഥാര്‍ഥ ലാഭം 26.41 ലക്ഷം രൂപയാണ്. ​​


ചെറിയ തുകയും വലിയ നേട്ടം തരും


പ്രതിവര്‍ഷം ലംപ്-സമായി ഒരു ലക്ഷം അടയ്ക്കാന്‍ കഴിയില്ലെങ്കില്‍ 50,000 വീതം എല്ലാവര്‍ഷവും അടച്ചാല്‍ 30 വര്‍ഷത്തെ വായ്പ 20–-21 വര്‍ഷംകൊണ്ട് തീരും. അതായത്, പലിശയിനത്തില്‍ 7-–8 ലക്ഷം രൂപ ലാഭിക്കാം. ഇഎംഐ ഇനത്തില്‍ 15.84 ലക്ഷമാണ് നേട്ടം. ​ഇനി ലംപ്സം അടയ്ക്കാന്‍ ശേഷിയില്ലെങ്കില്‍ എല്ലാവര്‍ഷവും ഇഎംഐ തുകയില്‍ 2000 രൂപവീതം വര്‍ധന വരുത്തിയാല്‍പ്പോലും വലിയ നേട്ടമുണ്ടാക്കാം.


വായ്പ 16 വര്‍ഷംകൊണ്ട് തീരുമെന്നും പലിശയിനത്തില്‍ 15 ലക്ഷം ലാഭിക്കാമെന്നുമാണ് ഹൗസിങ് ലോണ്‍ കാല്‍ക്കുലേറ്റര്‍ പറയുന്നത്. ഇഎംഐ ഇനത്തില്‍ 25 ലക്ഷത്തിന്റെ ലാഭമാണ് ഉണ്ടാകുന്നത്. കണക്കെല്ലാം കണ്ട് ബോധ്യപ്പെട്ടു. ഐഡിയ കൊള്ളാം പക്ഷേ, മൊട്ടുസൂചി മേടിക്കാന്‍പോലും അഞ്ച് പൈസ അധികമായി എടുക്കാന്‍പറ്റാത്ത അവസ്ഥയിലാണ് സാറേ എന്നാകും ഇതുവായിക്കുന്ന പല ഇടത്തരക്കാരും വിചാരിക്കുക. എങ്കില്‍ ന്യൂ ടാക്‌സ് റെജിം സ്വീകരിക്കുന്നതുകൊണ്ട് ടിഡിഎസ് ഇളവ് കിട്ടിയ തുകയെങ്കിലും ഇതിലേക്കു മാറ്റൂ എന്നാണ് അതിന് മറുപടിയായി പറയാനുള്ളത്. ​​


നേട്ടം നിക്ഷേപമാക്കാം


ഭവനവായ്പ നേരത്തേ അടച്ചുതീര്‍ക്കാന്‍ കഴിയുന്നവരെ മറ്റൊരു നേട്ടം കൂടി കാത്തിരിക്കുന്നുണ്ട്. അതുവരെ ഇഎംഐ അടച്ചിരുന്ന തുക ഒരു പ്രതിമാസ നിക്ഷേപ പദ്ധതിയിലേക്ക് മാറ്റിയാല്‍ (റിക്കറിങ് ഡിപ്പോസിറ്റ്, ചിട്ടി, മ്യൂച്വല്‍ ഫണ്ട് എസ്ഐപി) നിങ്ങള്‍ക്ക് ലാഭത്തിന്റെ കൂമ്പാരമാണ് ലഭ്യമാകുക. മുകളില്‍ സൂചിപ്പിച്ച 30 വര്‍ഷക്കാലയളവിലെ ഉദാഹരണത്തിലെ ഇഎംഐ 14,675 രൂപയായിരുന്നല്ലോ. ഒരു ലക്ഷം രൂപ അധികമായി എല്ലാ വര്‍ഷവും അടച്ചാല്‍ 30 വര്‍ഷത്തെ വായ്പ 15 വര്‍ഷംകൊണ്ട് തീരുമെന്നും പറഞ്ഞു. അതായത് കരുതിയിരുന്നതിലും 15 വര്‍ഷം മുമ്പ് വായ്പ തീരും.


അപ്പോള്‍ കൈയില്‍ എല്ലാ മാസവും 14,675 രൂപ മിച്ചം വരുമല്ലോ. ഈ തുക പ്രതിവര്‍ഷം ശരാശരി 12 ശതമാനം വീതം ലാഭം കിട്ടുന്ന ഒരു മ്യൂച്വല്‍ ഫണ്ടില്‍ 15 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ ഓഹരിവിപണിയുടെ ഗതിവിഗതികള്‍ക്കനുസരിച്ച് 70 ലക്ഷത്തോളം നേടാനാകും. എന്താ ഒന്നു പരീക്ഷിക്കുന്നോ. ഭവനവായ്പയുടെ ആദ്യവര്‍ഷങ്ങളിലെ അടവ് വലിയ കുഴപ്പമില്ലാതെ പോകും. റൂഫ് ടോപ്പില്‍നിന്ന് വീണ മാനേജരെപ്പോലെ "സോ ഫാര്‍ സോ ഗുഡ്' എന്നൊക്കെ തോന്നും. പക്ഷേ, കാലം ചെല്ലുംതോറും ജീവിതച്ചെലവും ബാധ്യതകളും ഏറുമ്പോള്‍ ഇഎംഐ അടവ് വലിയ ഭാരമാകും. അപ്പോള്‍ ചിന്തിച്ചിട്ട് കാര്യമില്ല. എത്ര നേരത്തേ ഇത് പരീക്ഷിക്കുന്നോ അത്രയും നന്ന്.


മുന്നറിയിപ്പ്


ഓണ്‍ലൈന്‍ ടൂളുകളും പ്രമുഖ ബാങ്കുകളുടെ ഹൗസിങ് ലോണ്‍, റിക്കറിങ് ഡിപ്പോസിറ്റ്, മ്യൂച്വല്‍ ഫണ്ട് കാല്‍ക്കുലേറ്ററുകളും ഉപയോഗിച്ച് തയ്യാറാക്കിയ കണക്കുകളാണ് മുകളില്‍ പറഞ്ഞത്. അതിനെ ഒരു സൂചനയായി മാത്രം എടുക്കുക. തിരിച്ചടവില്‍ തീരുമാനം എടുക്കുന്നതിനുമുമ്പ് വായ്പ എടുത്ത ബാങ്കുമായി ബന്ധപ്പെട്ട് യഥാര്‍ഥ ലാഭവും വ്യവസ്ഥകളും മനസ്സിലാക്കണം.


(അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. പേഴ്‌സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ് മെന്ററുമാണ് ലേഖകൻ. ഇ–-മെയിൽ jayakumar [email protected])



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home