ഒരാൾക്ക് എന്തിന് നാല് നോമിനി?

പി ജെ എബ്രഹാം
Published on Oct 28, 2025, 11:11 AM | 3 min read
നിക്ഷേപകർക്ക് പൊതുവിൽ വളരെ പരിചിതമായ പേരാണ് നോമിനി, പ്രത്യേകിച്ച് ബാങ്കുകളിൽ നിക്ഷേപം നടത്തിയിട്ടുള്ളവർക്ക്. ബാങ്കുകളിലെ നോമിനേഷനുമായി ബന്ധപ്പെട്ട നിയമത്തിൽ മാറ്റംവരികയാണ്. നിക്ഷേപങ്ങളുടെ കൈമാറ്റം ഉറപ്പാക്കാൻ അക്കൗണ്ട് ഉടമകൾ ഒരു നോമിനിയെ വയ്ക്കണമെന്നാണ് മുമ്പ് ബാങ്കുകൾ പറഞ്ഞിരുന്നത്. എന്നാൽ, ഇനി നാലുപേരെവരെ നോമിനിയായി നാമനിർദേശം ചെയ്യാം.
മുമ്പും, ചില ബാങ്കുകൾ ഒന്നിലധികം നോമിനികളെ വയ്ക്കാനുള്ള അവസരം നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ വന്നിരിക്കുന്ന ബാങ്കിങ് ഭേദഗതിനിയമപ്രകാരം എല്ലാ ബാങ്കുകളും എല്ലാ നിക്ഷേപ അക്കൗണ്ടുകൾക്കും ലോക്കറുകൾക്കും നാല് നോമിനികളെ നിർദേശിക്കാനുള്ള സൗകര്യം ചെയ്തുതരേണ്ടതാണ്. നവംബർ ഒന്നുമുതൽ ഈ വ്യവസ്ഥ പ്രാബല്യത്തിലാകും. അപ്പോൾ ഈ സൗകര്യം എങ്ങനെ ഉപയോഗപ്പെടുത്താം? നാല് നോമിനികൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ്? എല്ലാത്തരം അക്കൗണ്ടുകൾക്കും ഇത് സാധ്യമാകുമോ? തുടങ്ങിയ ചോദ്യങ്ങൾ ഉയരുക സ്വാഭാവികമാണ്.
പുതിയ നിയമത്തിന്റെ ലക്ഷ്യം
അക്കൗണ്ട് ഉടമയുടെ മരണശേഷം ആസ്തികൈമാറ്റം ലളിതമാക്കുക, നിയമപരമായ അവകാശികൾ തമ്മിലുള്ള തർക്കങ്ങൾ കുറയ്ക്കുക തുടങ്ങിയവയാണ് പുതിയ നിയമംകൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. ഒന്നിനുപകരം നാലുപേരെ നോമിനിയാക്കുമ്പോൾ ഓരോരുത്തർക്കും നിക്ഷേപത്തിന്റെ എത്ര ശതമാനംവീതം നൽകണമെന്നും അത് ഏത് ക്രമത്തിലായിരിക്കണമെന്നും അക്കൗണ്ട് ഉടമയ്‌ക്ക് നിർദേശിക്കാനാകും. ഒരു വ്യക്തിക്ക് സേവിങ്സ്, കറന്റ്, ഫിക്സഡ് തുടങ്ങി ഒന്നിലധികം അക്കൗണ്ട് ഉണ്ടെങ്കിൽ, എല്ലാ അക്കൗണ്ടുകൾക്കും ഒരുമിച്ചും ഓരോ അക്കൗണ്ടിനും പ്രത്യേകമായും നോമിനികളെ നിശ്ചയിക്കാം.
ലോക്കറുകൾക്ക് നാലുപേരെ നോമിനിയാക്കാമെങ്കിലും ഒരേസമയം ഒരാൾക്കുമാത്രമായിരിക്കും നോമിനി അവകാശം. അത് ആർക്കായിരിക്കണമെന്ന് മുൻഗണനാക്രമത്തിൽ ലോക്കറുടമയ്ക്ക് തീരുമാനിക്കാം. ഒന്നാമത്തെയാൾക്കായിരിക്കും ഉടമയുടെ കാലശേഷം അവകാശം. ഒന്നാമൻ ജീവിച്ചിരിപ്പില്ലെങ്കിൽമാത്രം രണ്ടാമന് അവകാശം ലഭിക്കും. ലോക്കറിലുള്ള വസ്തു ഒരുപക്ഷേ, വിഭജിക്കാൻ പറ്റാത്തതായേക്കാം എന്ന അനുമാനത്തിലാണ് ഈ വ്യവസ്ഥ വച്ചിരിക്കുന്നത്.
നോമിനി ഇല്ലാതായാൽ
ഒന്നിലധികംപേരെ നോമിനിയാക്കുമ്പോൾ ചില പ്രശ്നങ്ങളും ഉയർന്നുവരാം. ഉദാഹരണത്തിന്, ഒരാൾ A, B, C, D എന്നിങ്ങനെ നാലുപേരെ നോമിനിയായി നാമനിർദേശം ചെയ്തു എന്ന് വിചാരിക്കുക. ഇതിൽ A അക്കൗണ്ട് ഉടമ മരിക്കുന്നതിനുമുമ്പ് മരണമടയുന്നുവെന്നും വിചാരിക്കുക. അപ്പോൾ ആ വ്യക്തിക്ക് അനുവദിച്ചിരുന്ന നിക്ഷേപത്തിന് എന്ത് സംഭവിക്കുമെന്ന പ്രശ്നം വരാം.
അക്കൗണ്ട് ഉടമയ്ക്ക് മരിച്ചയാൾക്കുപകരം മറ്റൊരാളെ നാമനിർദേശം ചെയ്ത് ഈ പ്രശ്നം പരിഹരിക്കാം. അങ്ങനെ ചെയ്തില്ലെങ്കിൽ അക്കൗണ്ട് ഉടമയുടെ മരണശേഷം, അയാളുടെ പേരിലുള്ള തുക മറ്റ് മൂന്നു നോമിനികൾക്കുമായി വീതംവയ്‌ക്കപ്പെടും. മരിച്ചുപോയ നോമിനിയുടെ അനന്തരാവകാശികൾക്ക് ഇതിൽ അവകാശമുണ്ടാകില്ല.
നോമിനിയെ മാറ്റാം
നോമിനി ആരായിരിക്കണം എന്നത് പൂർണമായും അക്കൗണ്ട് ഉടമയുടെ സ്വകാര്യ താൽപ്പര്യമാണ്. അതിനാൽ ഒരിക്കൽ നോമിനിയായ വ്യക്തി ആ അക്കൗണ്ട് നിലനിൽക്കുന്ന കാലത്തോളം അതിന്റെ നോമിനിയായിരിക്കുമെന്ന് കരുതരുത്. അക്കൗണ്ട് ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും നോമിനിയെ മാറ്റാനും പുതിയവരെ നാമനിർദേശം ചെയ്യാനും അവർക്ക് നിശ്ചയിച്ചിരുന്ന വീതത്തിൽ മാറ്റം വരുത്താനും അവകാശമുണ്ട്.

നോമിനി അവകാശിയല്ല
വാസ്തവത്തിൽ, നോമിനി നിക്ഷേപത്തിന്റെ അവകാശിയല്ല, അക്കൗണ്ട് ഉടമയുടെ ഒരു വിശ്വസ്ത സേവകൻമാത്രമാണ്. അതായത് മരിച്ച വ്യക്തിയുടെ സ്വത്ത് അർഹതപ്പെട്ടയാൾക്ക് കൈമാറാൻ നിയോഗിക്കപ്പെട്ട ആൾ. അക്കൗണ്ട് ഉടമ ഒരു വിൽപ്പത്രം എഴുതിവച്ചിട്ടുണ്ടെങ്കിൽ അതിൽ പറയുന്ന വ്യക്തിയായിരിക്കും യഥാർഥ അവകാശി. അക്കൗണ്ട് ഉടമ ബാങ്കിനു കൊടുത്തിരിക്കുന്ന നോമിനേഷൻ തന്റെ മരണശേഷം നിക്ഷേപം ആർക്ക് നൽകണമെന്ന നിർദേശംമാത്രമാണ്. എന്നാൽ, തന്റെ മരണശേഷം, തനിക്ക് അവകാശപ്പെട്ട എല്ലാ സ്വത്തുക്കളും ആർക്കെല്ലാം, എങ്ങനെ വിതരണം ചെയ്യണം എന്ന് വിശദമാക്കുന്ന സമഗ്രമായ നിയമരേഖയാണ് വിൽപ്പത്രം. നാമനിർദേശം ചെയ്യപ്പെട്ടവർ (നോമിനികൾ) ആസ്തികളുടെ "ട്രസ്റ്റികൾ’ മാത്രമാണെന്നും ആത്യന്തികമായ ഉടമകളല്ലെന്നും സുപ്രീംകോടതി പല അവസരങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
അന്തിമ അവകാശം ആർക്ക്?
വിൽപ്പത്രവും ബാങ്ക് നോമിനിനിർദേശവും നിലവിലുണ്ടെങ്കിൽ അന്തിമ അവകാശം നോമിനിക്കായിരിക്കില്ല, വിൽപ്പത്രത്തിലെ അനന്തരാവകാശിക്കായിരിക്കും. വിൽപ്പത്രം ഇല്ലെങ്കിലും, നോമിനിയും അനന്തരാവകാശിയും വേറെ ആളുകളാണെങ്കിൽ അനന്തരാവകാശിക്കായിരിക്കും അന്തിമമായ അവകാശം. ഈ അവസരത്തിൽ നോമിനി ബാങ്കിൽനിന്ന് നിക്ഷേപം സ്വീകരിച്ച് അനന്തരാവകാശിക്ക് നൽകേണ്ടതാണ്.
പിന്നെന്തിനാണ് നോമിനി?
നോമിനിക്ക് നിയമപരമായ അവകാശം ഇല്ലെങ്കിൽപ്പിന്നെ എന്തിനാണ് നോമിനിയെ വയ്‌ക്കുന്നതെന്ന ചോദ്യമുയരുക സ്വാഭാവികം. പണംകൈമാറ്റം കൂടുതൽ എളുപ്പമാക്കുന്നതിനാണ് നോമിനി എന്നതാണ് ഇതിന് പറയാവുന്ന ലളിതമായ ഉത്തരം. നിയമപരമായ അനന്തരാവകാശിക്ക് ബാങ്കുകൾ പണം നൽകണമെങ്കിൽ പിന്തുടർച്ചാപത്രം, അനന്തരാവകാശപത്രം മുതലായവ ഹാജരാക്കേണ്ടി വരും. ആകെ തുക അഞ്ചുലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ പിന്തുടർച്ചാപത്രം ഇല്ലാതെ പണം കൈമാറില്ല. പിന്തുടർച്ചാപത്രം ലഭിക്കാൻ കോടതിയെ സമീപിക്കേണ്ടി വരും. ഇതിനെല്ലാം വളരെ കാലതാമസം നേരിടാൻ സാധ്യതയുണ്ട്. കൂടാതെ പണച്ചെലവുള്ള കാര്യവുമാണ്. എന്നാൽ, നോമിനിക്കാണ് പണം നൽകുന്നതെങ്കിൽ കാലതാമസം കൂടാതെ അത് അനന്തരാവകാശികൾക്ക് നൽകാനാകും.
അക്കൗണ്ട് ഉടമകൾക്കുള്ള നിർദേശങ്ങൾ
നോമിനി നിർദേശം സമയാസമയം അവലോകനം ചെയ്യുകയും ആവശ്യമെങ്കിൽ വേണ്ടുന്ന മാറ്റങ്ങൾ വരുത്തുകയും ചെയ്യുക. നിലവിലുള്ള അക്കൗണ്ട് ഉടമകൾ പുതിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ അവരുടെ നാമനിർദേശം പുനഃക്രമീകരിക്കുന്നത് നന്നായിരിക്കും.
വിൽപ്പത്രത്തിലെ വ്യവസ്ഥകളുമായി നോമിനേഷനുകൾ പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കിയാൽ പിന്നീട് വരാൻസാധ്യതയുള്ള തർക്കങ്ങൾ ഒഴിവാക്കാം.
ഒന്നിലധികം നോമിനികളെ വയ്ക്കുമ്പോൾ തുക വിതരണ ശതമാനം കൃത്യമായി പറയുക. വിഹിതം ശ്രദ്ധാപൂർവം നിർണയിക്കുക.
ആരെയൊക്കെ നോമിനിയാക്കാം
നിലവിലെ നിയമപ്രകാരം നിങ്ങൾക്ക് ഏതൊരാളെയും നോമിനിയായി നിശ്ചയിക്കാം. അത് നിങ്ങളുടെ അനന്തരാവകാശിയോ, ബന്ധുവോ, സുഹൃത്തോ ഒന്നുമാകണമെന്ന് ഒരു നിർബന്ധവുമില്ല. നിങ്ങൾക്ക് വിശ്വസ്തനെന്ന് തോന്നുന്ന ആരെയും ഇതിനായി തെരഞ്ഞെടുക്കാം. എന്നാൽ, നോമിനി പ്രായപൂർത്തി ആകാത്തയാൾ (മൈനർ) ആണെങ്കിൽ ഒരു രക്ഷാകർത്താവിനെക്കൂടി നിർദേശിക്കേണ്ടി വരും. ഒന്നിലധികം വ്യക്തികൾചേർന്നുള്ള (ജോയിന്റ്) അക്കൗണ്ടാണെങ്കിൽ എല്ലാ ഉടമകളും അംഗീകരിക്കുന്നവരെമാത്രമേ നോമിനിയാക്കാനാകൂ.
പ്രവാസിയെ നോമിനിയാക്കാമോ?
ആരെയും നോമിനിയാക്കാം എന്നതിനാൽ പ്രവാസികളെയും ഇതിനായി തെരഞ്ഞെടുക്കാം. എന്നാൽ, പ്രവാസിയെ നോമിനിയാക്കുമ്പോൾ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. അതിൽ പ്രധാനം പ്രവാസിയുടെ എൻആർഒ അക്കൗണ്ടിലേക്കുമാത്രമേ ബാങ്ക് പണം നൽകൂവെന്നതാണ്. അവർക്കത് വിദേശത്തുള്ള അക്കൗണ്ടിലേക്ക് മാറ്റണമെങ്കിൽ വിദേശനാണ്യ വിനിമയ ചട്ടം (ഫെമ)/റിസർവ് ബാങ്ക്/ ആദായനികുതി നിയമങ്ങൾക്ക് വിധേയമായി മാത്രമേ സാധിക്കുകയുള്ളൂ.
(അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. ജാക്ക്സ് ആൻഡ് അസോസിയറ്റ് ചാർട്ടേർഡ് അക്കൗണ്ട്സ് പാർട്ണറും ആലപ്പുഴ ശാഖാ മേധാവിയുമാണ് ലേഖകൻ)










0 comments