Deshabhimani

ലോകത്ത് സ്വർണവില കൂപ്പുകുത്തിയിട്ടും കേരളത്തിൽ കുറയുന്നില്ല! കാരണമറിയാം

Gold Price
വെബ് ഡെസ്ക്

Published on Nov 08, 2026, 08:13 PM | 1 min read

തിരുവനന്തപുരം : ആഗോള വിപണിയിൽ സ്വർണവില ഇടിയുമ്പോഴും അതിന്റെ പ്രതിഫലനം കേരളത്തിലെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. സർവകാല റെക്കോർഡുകളെ ഭേദിച്ച് ആഗോള വിപണിയിൽ സ്വർണവില 24 ശതമാനത്തോളം ഇടിഞ്ഞപ്പോഴും ഇതുതന്നെ അവസ്ഥ. ലോകത്താകെ സ്വർണവില കുറയുന്നതിന് ആനുപാതികമായി കേരളത്തിൽ വില കുറയാത്തതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്.


ഇറക്കുമതി തീരുവയിലെ വൻ വർധനവ്


സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഒറ്റയടിക്ക് വർധിപ്പിച്ചതാണ് സ്വർണവില കുറയാത്തതിന് പ്രധാന കാരണം. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 5 ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ സെസും ഉൾപ്പെടെയാണിത്. ഇതിനുപുറമെ 3 ശതമാനം ജിഎസ്ടി കൂടി ചേരുമ്പോൾ ആഗോള വിപണിയിലെ വിലയിടിവ് ബാധിക്കാതെ വരുന്നു. ഇതിനെല്ലാം പുറമെ, പണിക്കൂലിയും നൽകണം.


ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച


ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതാണ് രണ്ടാമത്തെ കാരണം. ജനുവരി മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ രൂപയുടെ മൂല്യത്തിൽ കാര്യമായ വളർച്ചയൊന്നും ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ ഡോളറിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. അതുകൊണ്ടുതന്നെ രൂപയുടെ മൂല്യത്തകർച്ച സ്വർണവില ബാധിക്കും.


സ്വർണത്തിന്റെ പ്രീമിയവും വർധിക്കുന്നു‌


നാണയങ്ങൾ, ബാറുകൾ പോലുള്ളവ വാങ്ങുമ്പോൾ സ്പോട്ട് വിലയേക്കാൾ കൂടുതലായി നൽകേണ്ടി വരുന്ന അധിക തുകയാണ് സ്വർണത്തിന്റെ പ്രീമിയം. കഴിഞ്ഞ ജനുവരിയിൽ കേന്ദ്ര ബജറ്റിന് മുന്നോടിയായി സ്വർണത്തിന് ഇറക്കുമതി തീരുവ വർധിപ്പിച്ചേക്കുമെന്ന വ്യാപാരികളുടെ ആശങ്ക വിപണിയെ സ്വാധീനിച്ചതിനാൽ, വലിയൊരു തുക പ്രീമിയമായി ഈടാക്കിയിരുന്നു. അപ്പോഴേക്കും വിപണിയിലെ ഡിമാൻഡ് കുറഞ്ഞതോടെ ഡിസ്കൗണ്ടുകൾ നൽകാൻ വ്യാപാരികൾ നിർബന്ധിതരായി. ഈ പ്രീമിയം തുകയിലെ വ്യത്യാസവും ആഭ്യന്തര വിപണിയിലെ വിലയെ സ്വാധീനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home