യുപിഐ പേമെന്റ് ഫീസ്: കച്ചവടസ്ഥാപനങ്ങൾ അധിക ബാധ്യത ഉപഭോക്താക്കൾക്ക് മേൽ ചുമത്തും

ന്യൂഡൽഹി: ലോകത്തിന് തന്നെ മാതൃകയായി മാറിയിട്ടുള്ള ഇന്ത്യയിലെ യുപിഐ പേമെന്റ് മേഖല ലക്ഷ്യമാക്കിയുള്ള ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് നീക്കങ്ങൾ വിജയം കണ്ടു. ഒക്ടോബര്‍ 15 മുതൽ യുപിഐ പേമെന്റുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എംഡിആര്‍ എന്ന ചുരുക്കപ്പേരിലാണ് ഇടനിലക്കാര്‍ പേമെന്റ് ഫീ കീശയിലാക്കുക.
ഇപ്പോൾ, തുടക്കം എന്ന നിലയ്ക്ക് രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള തുകയ്ക്കാണ് എംഡിആര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 0.4 ശതമാനമാണ് ഇത്. അതായത് രണ്ടായിരം രൂപ കൈമാറുമ്പോൾ എട്ട് രൂപ ഫീസായി ഈടാക്കപ്പെടും. ഈ തുക വീതം വെക്കുന്ന വിധവും പങ്കും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 40 ശതമാനം ഇഷ്യുവര്‍ ബാങ്കിനാണ്. ആരുടെ കയ്യിൽ നിന്നാണോ പണം പോകുന്നത് അവരുടെ ബാങ്കിന്. യുപിഐ ആപ്പുകൾ ഇതിൽ 20 ശതമാനം കയ്യിലാക്കും. 30 ശതമാനം പണം സ്വീകരിക്കുന്ന ബാങ്ക് എടുക്കും. ഇനിയും ബാക്കിയുള്ള പത്ത് ശതമാനം യുപിഐ ആപുകൾ അവരുടെ കൈകാര്യസ്ഥം എല്പിച്ചിട്ടുള്ള ബാങ്കിനുള്ള പങ്കാണ്.
രണ്ടായിരം പരിധിയും
യഥാര്‍ത്ഥ കണക്കും
സ്വഭാവികമായും ജനരോഷവും എതിര്‍പ്പും ഉയരാവുന്നതാണ് യുപിഐ ഇടപാടുകൾക്ക് മുകളിലുള്ള ഫീസ്. വലിയ സമ്മര്‍ദ്ദങ്ങൾക്കും ആസൂത്രിത നീക്കങ്ങൾക്കും പിന്നാലെയാണ് സാങ്കേതിക വിശദീകരണങ്ങളോടെ ഫീസ് ന്യായീകരിച്ച് എടുത്തത്. രണ്ടായിരം രൂപ പരിധി വെച്ചത് പൊതുവെ സാധാരണക്കാരുടെ ഇടപാടുകളെ ബാധിക്കില്ല എന്ന പ്രതീതി സൃഷ്ടിക്കുക കൂടി ലക്ഷ്യം വെച്ചാണ്.
Related News
യഥാര്‍ത്ഥത്തിൽ യിപിഐ വഴി കൈമാറ്റം ചെയ്യപ്പെടുന്ന മൊത്തം തുകയുടെ 67 ശതമാനത്തിൽ അധികം വരുമിത്. 500 രൂയ്ക്കും 2000 രൂപയ്ക്കും ഇടയിൽ കൈമാറ്റം ചെയ്യപ്പെടുന്നത് മൊത്തം ഇടപാടിലെ 17 ശതമാനം തുക മാത്രമാണ്. 500 രൂപയ്ക്ക് താഴെയുള്ള ഇടപാടുകൾ വഴി കൈമാറ്റം ചെയ്യപ്പെടുന്ന തുക 16 ശതമാനം മാത്രവുമാണ്. അതായത് മൊത്തം കൈമാറ്റം ചെയ്യപ്പെടുന്ന തുകയിൽ ബാക്കി 67 ശതമാനവും ഫീസ് ചുമത്തുന്നവയിൽ ഉൾപ്പെടുന്നു.
അടുത്ത ന്യായീകരണം
ഇതോടൊപ്പം തന്നെ ഉപഭോക്താക്കൾക്ക് ബാധ്യതയില്ല എന്നും മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എംഡിആര്‍ എന്നത് വാണിജ്യ സ്ഥാപനങ്ങൾക്കാണ് ബാധകമാവുക എന്നും പറയുന്നു. യുപിഐ ഉപയോഗിച്ച് രണ്ടായിരം രൂപയ്ക്ക് മുകളിൽ നിരക്കുള്ള ഒരു റെയിൽവേ ടിക്കറ്റ് എടുക്കുമ്പോൾ യിപിഐ പേമെന്റ് ഇനത്തിൽ അവര്‍ക്ക് നഷ്ടമാവുന്ന എട്ട് രൂപ എത്ര കാലം റെയിൽവേ സഹിക്കും. ഇത് ഒന്നിച്ച് വരുമ്പോൾ എത്ര വലിയ തുകയാവും. സിനിമ ടിക്കറ്റ് ആയാലും ബസ് ടിക്കറ്റ് ആയാലും ഓൺലൈനിൽ കുപ്പായമോ മുണ്ടുകളോ അതുമല്ല ഒരു ക്രീം പായ്ക്ക് വാങ്ങിക്കുമ്പോഴും ഈ അധിക തുക അതത് സ്ഥാനപങ്ങൾ എത്രകാലം സഹിക്കും. യുപിഐ പേമെന്റുകാരാണല്ലോ എന്ന സഹതാപം ആര്‍ക്കാണ്.
മൊത്തം കൈമാറ്റം ചെയ്യപ്പെടുന്ന 67 ശതമാനത്തിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് മേൽ വരാവുന്ന ആനുപാതിക നഷ്ടം കണക്കാക്കിയാൽ യുപിഐ പേമെന്റുകൾക്ക് സബ്സിഡി നൽകുന്നു എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന തുകയെക്കാൾ ഇരട്ടിയിൽ അധികമാവും. അത്രയും വലിയ നഷ്ടം യുപിഐ സംവിധാനം പുലര്‍ത്താൻ വേണ്ടിയും അമേരിക്കൻ കമ്പനികൾക്ക് വേണ്ടിയും വാണിജ്യ സ്ഥാപനങ്ങൾ സഹിക്കും എന്നത് യുക്തിക്ക് നിരക്കുന്ന കാര്യമല്ല.
ചെലവ് ആരുടെ ഉത്തരവാദിത്വമാണ്
ചെലവുകളുടെ പേരിലാണ് യുപിഐ പേമെന്റ് ഫീസിനെ ഇപ്പോൾ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. ആര്‍ക്ക് വരുന്ന ചെലവ് എന്നതിന് നൽകുന്ന വിശദീകരണം പരിമിതമാണ്. ഇത്രയും വലിയ ഡാറ്റാ ശേഖരം വഴി കമ്പനികൾക്ക് ലഭിക്കുന്ന ഭീമൻ നേട്ടങ്ങൾ എവിടെയും പരാമര്‍ശിക്കപ്പെടുന്നില്ല.
സര്‍ക്കാര്‍ വാദങ്ങൾ പ്രകാരം കഴിഞ്ഞ വര്‍ഷം നടന്ന 1500 കോടി പി2എം ഇടപാടുകളിൽ ഓരോന്നിനും ഒരു രൂപ 38 പൈസ ചെലവ് വന്നു. 20,700 കോടി രൂപ ഇങ്ങനെ പരിപാലന ചെലവ് വന്നു. സര്‍ക്കാര്‍ സബ്സിഡി നൽകിയാണ് ഈ തുക ബാലൻസ് ചെയ്തിരുന്നത്. ഈ വര്‍ഷം 2000 കോടി രൂപ മാത്രമാണ് ഈ ഇനത്തിൽ നീക്കി വെച്ചിട്ടുള്ളത്. ആവശ്യമാവുന്നതിന്റെ 11 ശതമാനം മാത്രമാണിത്. അപ്പോൾ ബാക്കി തുക ഇനി യുപിഐ പേമെന്റ് ഫീസ് വഴി നികത്തുന്നു എന്നാണ് വിശദീകരണം.
ഇത് ആരുടെ കയ്യിൽ നിന്നാവും നഷട്മാവുക എന്നു മാത്രം പറയുന്നില്ല. സ്വഭാവികമായും റെയിൽവേയോ കമ്പനികളോ മറ്റ് ഓൺലൈൻ ഇടപാട് നടത്തുന്ന കമ്പനികളോ നഷ്ട കണക്കിൽ ഈ തുക എഴുതി തള്ളാൻ തയാറാവില്ല. ഏറ്റവും അടിത്തട്ടിലുള്ള ഉപഭോക്താക്കളിലേക്ക് തന്നെ വരും. ഇതിനെ രണ്ടായിരം രൂപ പരിധി എന്ന ഡെലൂലുവിൽ തത്കാലം കെട്ടി മറച്ചിരിക്കയാണ്.









0 comments