ad
Deshabhimani

അഭിമന്യു കൊലക്കേസ്‌: രഹസ്യവിചാരണ ഒരു തരത്തിലും അനുവദിക്കരുതെന്ന്‌ പ്രോസിക്യൂഷൻ

Abhimanyu
വെബ് ഡെസ്ക്

Published on Sep 16, 2026, 04:20 PM | 1 min read

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട്‌– ക്യാന്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ, രഹസ്യവിചാരണ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ ഈ മാസം 22ന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെ കെ ബാലകൃഷ്‌ണനാണ്‌ അപേക്ഷയിൽ വിധി പറയുക.


പരസ്യവിചാരണ ഭാവിജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമാണ്‌ പ്രതിഭാഗം അപേക്ഷയിൽ പറയുന്നത്‌. എന്നാൽ, രഹസ്യവിചാരണ ഒരു തരത്തിലും അനുവദിക്കരുതെന്ന്‌ പ്രോസിക്യൂഷൻ ബുധനാഴ്‌ച കോടതിയിൽ ശക്തമായി വാദിച്ചു.


വിചാരണ റിപ്പോർട്ട്‌ ചെയ്യുകയെന്നത്‌ മാധ്യമപ്രവർത്തകരുടെ അവകാശമാണ്‌. ഇത്‌ യാതൊരു കാരണവശാലും നിഷേധിക്കാൻ പാടില്ലെന്ന്‌ പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്‌ പറഞ്ഞു. കോളേജ്‌ വിദ്യാർഥികൾ വിചാരണയ്‌ക്ക്‌ വന്നാൽ തന്നെ അവരെ നിയന്ത്രിക്കാൻ പൊലീസിനാവുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യത്തിലുള്ള പ്രതികളുടെ ചിത്രം കോടതിയിൽ വച്ച്‌ പകർത്താൻ ശ്രമിച്ചുവെന്ന വാദം ബാലിശമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.


മാധ്യമപ്രവർത്തകരുടേയും ജനങ്ങളുടേയും കോടതി പ്രവേശനം നിയന്ത്രിക്കണമെന്നും തങ്ങളുടെ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് തടയണമെന്നുമാണ്‌ പ്രതികൾ ആവശ്യമുന്നയിച്ചത്‌. മഹാരാജാസ് കോളേജിന് സമീപത്താണ് വിചാരണ നടക്കുന്ന കോടതി. കോളേജ് വിദ്യാർഥികളെ കോടതി പരിസരത്ത് കൂട്ടം കൂടാൻ അനുവദിക്കരുതെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.


കേസിന്റെ വിചാരണ ഒക്ടോബര് 15നാണ്‌ ആരംഭിക്കുന്നത്‌. പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും തള്ളിയാണ്‌ ജഡ്‌ജി കെ കെ ബാലകൃഷ്‌ണൻ വിചാരണയ്‌ക്ക്‌ ഉത്തരവിട്ടത്‌. ആകെ 16 പ്രതികളാണുള്ളത്‌.


2018 ജൂലൈ രണ്ടിനാണ്‌ അഭിമന്യുവിനെ ​പോപ്പുലർ ഫ്രണ്ട്‌, ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയത്‌. സംഭവം നടന്ന്‌ എട്ടു വർഷത്തിനുശേഷമാണ്‌ വിചാരണ തുടങ്ങുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home