'തിരുവനന്തപുരം മൃഗശാല മാറ്റണം': ഉത്തരവുകളോ പഠനമോ ഇല്ലാതെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല മറ്റൊരിടത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നഗരത്തിൽ വേണ്ട പകരം നെയ്യാർ പോലുള്ള വനമേഖലയോട് ചേർന്ന പ്രദേശത്തേക്ക് മാറ്റണമെന്നാണ് അദ്ദേഹം പറയുന്നത്. നിലവിലെ സ്ഥലത്ത് മൃഗശാല പ്രവർത്തിക്കുന്നത് 'ക്രൂരതയാണെന്ന്' ചൂണ്ടിക്കാട്ടിയാണ് സാങ്കേതിക പഠനങ്ങളോ കൃത്യമായ രൂപരേഖയോ ഇല്ലാതെ അദ്ദേഹം ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാൽ, വിഷയം സംബന്ധിച്ച് മന്ത്രിസഭയുടെ അംഗീകാരമോ, അനുയോജ്യമായ ഭൂമിയുടെ കണ്ടെത്തലോ, ചെലവ് സംബന്ധിച്ച ഡിപിആറോ നിലവിൽ തയ്യാറായിട്ടില്ല.
കേന്ദ്ര മൃഗശാല അതോറിറ്റിയുടെ (CZA) 2034-35 വരെയുള്ള ദീർഘകാല മാസ്റ്റർ പ്ലാൻ പ്രാബല്യത്തിലിരിക്കെയാണ് പെട്ടെന്നുള്ള ഈ പ്രഖ്യാപനം. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം പുതിയ ക്വാറന്റൈൻ കേന്ദ്രവും പക്ഷികൾക്കായുള്ള വിശാല ആവാസകേന്ദ്രവും ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ഇവിടെ പൂർത്തിയാക്കി.
ഇതിനുപുറമെ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഗുജറാത്തിൽ നിന്ന് തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകളെ എത്തിക്കാനുള്ള നടപടികൾ മ്യൂസിയം-മൃഗശാല വകുപ്പ് പൂർത്തിയാക്കിയത്. ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള സീബ്രകളുടെ വരവ് സന്ദർശകർക്കുള്ള പുതിയ ആകർഷണമായി സർക്കാർ തന്നെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ മൃഗശാലയിൽ വികസനവും മൃഗക്കൈമാറ്റവും തുടരുന്നതിനിടെയാണ് സ്ഥലംതന്നെ അനുയോജ്യമല്ലെന്ന പുതിയ നിലപാട് ഉയർന്നിരിക്കുന്നത്. ഈ രണ്ട് സമീപനങ്ങളും സർക്കാർ എങ്ങനെ ഏകോപിപ്പിക്കുമെന്നതാണ് ഇനി വ്യക്തമാകേണ്ടത്.
55 ഏക്കറോളം വരുന്ന നഗരമധ്യത്തിലെ ഈ വിലപിടിപ്പുള്ള പൊതുഭൂമിയുടെ ഭാവി എന്താകുമെന്നതിലും വ്യക്തതയില്ല. കേന്ദ്ര അതോറിറ്റിയുടെ അനുമതി, വനഭൂമി വിനിയോഗത്തിനുള്ള സാങ്കേതിക കടമ്പകൾ, സന്ദർശകർക്കുള്ള ഗതാഗത സൗകര്യം എന്നിവ കണക്കിലെടുക്കാതെയുള്ള പ്രഖ്യാപനം നിലവിൽ വെറുമൊരു ആശയ തലത്തിൽ മാത്രമായി ഒതുങ്ങുകയാണ്.









0 comments