ad
Deshabhimani

print edition കൂടുതല്‍ വളർച്ച ലക്ഷ്യം: മൂന്ന് കേരള 
കമ്പനികള്‍ ഐപിഒയ്ക്ക്

ipo
വെബ് ഡെസ്ക്

Published on Jan 13, 2026, 02:03 PM | 2 min read

കൊച്ചി : കേരളത്തില്‍നിന്ന് മൂന്ന് കമ്പനികള്‍കൂടി മൂലധന സമാഹരണത്തിന് ഓഹരി വിപണിയിലിറങ്ങുകയാണ്. സില്‍വര്‍സ്റ്റോം അമ്യൂസ്മെന്റ് പാര്‍ക്ക് ആന്‍ഡ് റിസോര്‍ട്സ്, വി –ഗാര്‍ഡ് ഗ്രൂപ്പിന്റെ ഭാഗമായ റിയാല്‍റ്റി കമ്പനി വീഗാലാന്‍ഡ് ഡെവലപ്പേഴ്സ്, കിടക്ക നിര്‍മാതാക്കളായ ഡ്യൂറോഫ്ലെക്സ് എന്നിവയാണ് പ്രാഥമിക പൊതു ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക്‌ പ്രാരംഭ രേഖകള്‍ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചത്.


ഇരുപത്തഞ്ച്‌ വര്‍ഷംമുമ്പ് എ ഐ ഷാലിമാറിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം സംരംഭകര്‍ ചേര്‍ന്ന് അതിരപ്പിള്ളിയില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥാപിച്ചുകൊണ്ടായിരുന്നു സില്‍വര്‍സ്റ്റോമിന്റെ തുടക്കം. ഇപ്പോള്‍ സില്‍വര്‍ ജൂബിലി നിറവില്‍ നില്‍ക്കുമ്പോള്‍ പശ്ചിമഘട്ട വനമേഖലയുടെ ഭംഗി ആസ്വദിക്കാവുന്നവിധം ചില്ലില്‍ നിര്‍മിച്ച കേബിള്‍ കാറുകളും ഹൈ ത്രില്ലിങ് വാട്ടര്‍ റൈഡുകളും അഡ്വഞ്ചര്‍ അമ്യൂസ്‌മെന്റ് റൈഡുകളുമൊക്കെയായി വാട്ടര്‍ തീം പാര്‍ക്ക്, സ്നോ പാര്‍ക്ക്, കേബിള്‍ കാര്‍, ഫോറസ്റ്റ് വില്ലേജ്, റിസോര്‍ട്ട് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിലുള്ള രാജ്യത്തെ ഏക ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ എന്ന റെക്കോഡിലേക്ക് വളരുമ്പോഴാണ് കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഓഹരി വില്‍പ്പനയിലേക്ക് നീങ്ങുന്നത്.


എസ്എംഇ ഐപിഒയിലൂടെ 85 കോടിയോളം രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 62 ലക്ഷം ഓഹരികളാണ് വില്‍പ്പനയ്ക്ക് എത്തിക്കുക. കേരളത്തിന് പുറത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ച കമ്പനി ആദ്യ സ്‌നോ സ്‌റ്റോം പാര്‍ക്ക് സെപ്തംബറില്‍ ജംഷെഡ്പൂരിലെ പി ആൻഡ്‌ എം ഹൈടെക് സിറ്റി സെന്ററില്‍ തുറന്നു. ഉത്തര്‍പ്രദേശില്‍ രാജ്യത്തെ ഏറ്റവും വലിയ സ്നോ പാര്‍ക്ക് തുറക്കാനുള്ള ഒരുക്കങ്ങളിലാണ്. ​ ​ വി–ഗാലാന്‍ഡ് ഡെവലപ്പേഴ്സ് പുതിയ ഓഹരികളുടെ ഐപിഒയിലൂടെ 250 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇവര്‍ കേരളത്തില്‍നിന്ന്‌ ആദ്യമായി ഐപിഒയ്ക്ക് എത്തുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുമാകും.


കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും കെ ചിറ്റിലപ്പിള്ളി ട്രസ്റ്റുമാണ് കൊച്ചി ആസ്ഥാനമാക്കി കേരളത്തില്‍ മിഡ്-പ്രീമിയം, പ്രീമിയം, അള്‍ട്രാ-പ്രീമിയം, ലക്സ്-–സിരീസ്, അള്‍ട്രാ-ലക്ഷ്വറി വിഭാഗങ്ങളിലായി ബഹുനില റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ്‌ പദ്ധതികളുടെ ആസൂത്രണം, നിര്‍മാണം, വില്‍പ്പന എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍. ഐപിഒയിലൂടെ സമാഹരിക്കുന്നതില്‍ 111.60 കോടി നിലവിലുള്ളതും പുതിയതുമായ പാര്‍പ്പിട പദ്ധതികള്‍ വികസിപ്പിക്കാനും 18.49 കോടി പുതിയ പാര്‍പ്പിട പദ്ധതികള്‍ക്കായി ഭൂമി വാങ്ങാനുമായിരിക്കും ഉപയോഗിക്കുക. 2007 ല്‍ ആരംഭിച്ച കമ്പനി ഇതിനകം 10 റസിഡന്‍ഷ്യല്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കി. ഒമ്പത് പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ​


ആലപ്പുഴയില്‍നിന്നുള്ള മെത്ത നിര്‍മാതാക്കളായ ഡ്യൂറോഫ്ലെക്സ് 183.6 കോടിയുടെ പുതിയ ഓഹരികളും പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 22,564,569 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഓഹരികളുടെ, ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പുതിയ സ്റ്റോറുകള്‍ തുറക്കാനും ഉൽപ്പാദന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും മറ്റുമായിരിക്കും ഉപയോഗിക്കുക. 1963-ൽ ആരംഭിച്ച കമ്പനി ഡ്യൂറോഫ്ലെക്സ്, സ്ലീപ്പിഹെഡ്, പെർഫെക്റ്റ് റെസ്റ്റ് തുടങ്ങിയ ബ്രാൻഡുകള്‍ക്ക് കീഴില്‍ മെത്തകൾ, ഫോം, ഫർണിച്ചർ, തലയണകൾ, ആക്‌സസറികൾ തുടങ്ങിയവ വിപണിയില്‍ ലഭ്യമാക്കുന്നുണ്ട്. ​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home