തിരുപ്പതിയിൽ പൊലീസ് നരനായാട്ട്; പാരാമെഡിക്കൽ വിദ്യാർഥികൾക്ക് ക്രൂരമർദനം
അമരാവതി: തിരുപ്പതിയിലെ അലിപിരിയിൽ അവകാശ നിഷേധങ്ങൾ ചോദ്യം ചെയ്തുകൊണ്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പാരാമെഡിക്കൽ വിദ്യാർഥികൾ സമാധാനപരമായി നടത്തിയ പ്രതിഷേധ സമരത്തിന് നേരെ പൊലീസ് ആക്രമണം. പൊലീസ് വേട്ടയാടലിനെ എസ്എഫ്ഐ ശക്തമായി അപലപിച്ചു. പാരാമെഡിക്കൽ വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ ഉടൻ പരിഹരിക്കാൻ ടിഡിപി-ബിജെപി സഖ്യസർക്കാർ തയാറാവണമെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ആന്ധ്രാപ്രദേശിലുടനീളമുള്ള പാരാമെഡിക്കൽ വിദ്യാർഥികൾ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 12 ദിവസമായി പ്രതിഷേധത്തിലാണ്. പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡ് നൽകുക, കോഴ്സ് കാലാവധിയും ഇന്റേൺഷിപ്പ് കാലയളവും ക്രമീകരിക്കുക, കൃത്യമായ അക്കാദമിക് ഷെഡ്യൂൾ നടപ്പിലാക്കുക, തൊഴിലിടങ്ങളിൽ സുരക്ഷയും ഭക്ഷണം, താമസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് വിദ്യാർഥികൾ പ്രധാനമായും ഉന്നയിക്കുന്നത്.

സംസ്ഥാനത്തെ പാരാമെഡിക്കൽ വിദ്യാർഥികൾ വലിയ ചൂഷണം നേരിടുകയാണ്. മൂന്ന് വർഷത്തെ കോഴ്സുകൾ സ്വകാര്യ കോർപ്പറേറ്റ് ആശുപത്രികളുടെ ലാഭതാൽപ്പര്യത്തിനായി ആറ് വർഷം വരെ നീട്ടുന്ന സാഹചര്യമുണ്ട്. 6 മാസം വേണ്ട ഇന്റേൺഷിപ്പ് 1-2 വർഷമായി നീട്ടി പ്രതിഫലമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നുവെന്നും വിദ്യാഥികൾ പറയുന്നു. പാരാമെഡിക്കൽ വിദ്യാർഥികളുടെ അക്കാദമിക് കലണ്ടറുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകുന്നതിലും മേൽനോട്ടം വഹിക്കുന്നതിലും ആരോഗ്യ സർവകലാശാല പൂർണ പരാജയമാണെന്നും വിദ്യാർഥികൾ വ്യക്തമാക്കി. വനിതാ വിദ്യാർഥികൾക്ക് തൊഴിലിടങ്ങളിൽ സുരക്ഷയില്ലെന്നും ഭക്ഷണം, ഹോസ്റ്റൽ സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകുന്നില്ലെന്നും വിദ്യാഥികൾ ചൂണ്ടിക്കാട്ടി.
എന്നാൽ, ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിന് പകരം സർക്കാർ പൊലീസിനെക്കൊണ്ട് അടിച്ചമർത്തൽ നടത്തുകയാണ്. അലിപിരിയിൽ നടന്ന പ്രതിഷേധ സമരത്തിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പുഡി രാംമോഹൻ റാവു, തിരുപ്പതി ജില്ലാ പ്രസിഡന്റ് പി പവിത്ര, ജില്ലാ സെക്രട്ടറി എസ് കെ അക്ബർ, വൈസ് പ്രസിഡന്റ് വിനോദ് എന്നിവരടക്കം നിരവധി പാരാമെഡിക്കൽ വിദ്യാർഥികൾക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. വിദ്യാഥികളെ പൊലീസ് കയ്യേറ്റം ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. വിദ്യാഥികളെ വലിച്ചിഴച്ചാണ് സ്ഥലത്ത് നിന്ന് നീക്കി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വനിതാ വിദ്യാർഥികളെ പുരുഷ പൊലീസാണ് ആക്രമിച്ചത്. സമാധാനപരമായി നടത്തിയ ഒരു സമരത്തെ ബലപ്രയോഗങ്ങളിലൂടെ അടിച്ചമർത്തുന്നത് അങ്ങേയറ്റം അപലപനീയവും വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റവുമാണെന്ന് എസ്എഫ്ഐ വ്യക്തമാക്കി. വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.










0 comments