ad
Deshabhimani

ആർബിഐ പലിശ നിരക്ക് ഉയർത്തിയേക്കും; സാധാരണക്കാർക്ക് തിരിച്ചടിയാകും

RBI MPC
വെബ് ഡെസ്ക്

Published on Sep 13, 2026, 01:34 PM | 2 min read

മുംബൈ : ആർബിഐ വീണ്ടും പലിശ നിരക്കുകൾ ഉയർത്തിയേക്കുമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ട്. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒക്ടോബറിലും ഡിസംബറിലുമായി റിപ്പോ നിരക്കിൽ 0.50 ശതമാനത്തിന്റെ അഥവാ 50 ബേസിസ് പോയിന്റ് വർധനവ് വരുത്താൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ നീക്കം രാജ്യത്തെ സാധാരണക്കാരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടും. കേന്ദ്രസർക്കാരിന്റ തെറ്റായ സാമ്പത്തിക നയങ്ങളുടെ ഭാരം സാധാരണക്കാരിൽ അടിച്ചേല്പിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണിത്.


റിപ്പോ നിരക്ക് വർധിക്കുന്നതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും പ്രതിമാസ തിരിച്ചടവ് തുകയും (ഇഎംഐ) ഉയരും. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതാണ് ഈ നീക്കം. വിലക്കയറ്റമാണ് നിലവിൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നുണ്ട്.


നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പൊതുജനത്തെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്. നിലവിൽ ഉള്ളി, പാചക എണ്ണ, പാചക വാതകം എന്നിവയുടെ വില കുതിച്ചുയരുന്നത് നിലവിൽ സാധാരണക്കാരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. പലിശ നിരക്ക് ഉയരുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുന്നതിനാൽ വിലക്കയറ്റം വർധിക്കുകയും പുതിയ തൊഴിലവസരങ്ങൾ ഇല്ലാതാകുകയും തൊഴിലില്ലായ്മ വീണ്ടും രൂക്ഷമാകുകയും ചെയ്യും.


അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സാമ്പത്തിക അസ്ഥിരതയും ആഗോള പ്രതിസന്ധിയും വികസ്വര രാജ്യമെന്ന നിലയിൽ ഇന്ത്യയിൽ പ്രതിഫലിക്കുന്നുണ്ട്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ കാരണം ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് 123 ഡോളർ വരെ എത്തിയേക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടർന്നാൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിലെ പണപ്പെരുപ്പം 6.5 ശതമാനമോ അതിന് മുകളിലോ ആകാൻ സാധ്യതയുണ്ട്.


ഇന്ത്യ നേരിടുന്ന ആഗോളതലത്തിൽ നിലനിൽക്കുന്ന പ്രതിസന്ധിയുടെ ഭാ​ഗമാണിതെന്ന് ന്യായീകരിച്ച് തടിയൂരാൻ കേന്ദ്ര സർക്കാരിന് സാധിക്കില്ല. ആഭ്യന്തര ഉല്പദനത്തിലെ ​ഗണ്യമായ കുറവും, കാർഷിക-വ്യാവസായിക മേഖല നേരിടുന്ന പ്രതിസന്ധികളും സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. കാലങ്ങളായി തുടരുന്ന ജനദ്രോഹപരമായ സാമ്പത്തിക നയങ്ങളുടെ ഫലമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സാമ്പത്തികമായി രാജ്യം പ്രതിസന്ധി നേരിടുന്നുണ്ടെന്ന് അം​ഗീകരിച്ച് സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിച്ചേക്കാവുന്ന നയങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home