ad
Deshabhimani

ചർച്ചയില്ല, ഒത്തുതീർപ്പില്ല; ആംബുലൻസ് ജീവനക്കാരുടെ സമരം അടിച്ചമര്‍ത്താന്‍ സർക്കാർ

ambulance
വെബ് ഡെസ്ക്

Published on Sep 13, 2026, 01:26 PM | 1 min read

തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ ബോണസ് പ്രശ്നത്തിന് പരിഹാരം കാണാതെ സമരം തടയാൻ എസ്മ പ്രയോഗിക്കുകയാണ് യുഡിഎഫ് സർക്കാർ. 2025–26 വർഷത്തെ ബോണസ് സംബന്ധിച്ച തർക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സെപ്തംബർ 17ന് പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്കിനെതിരെയാണ് സർക്കാർ കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. രാവിലെ എട്ടുമുതൽ പിറ്റേന്ന് രാവിലെ എട്ടുവരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.


ജീവനക്കാരുടെ ആവശ്യങ്ങളിൽ ചർച്ച നടത്തി പരിഹാരം കണ്ടെത്തുന്നതിനുപകരം അവരുടെ പ്രതിഷേധം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സമരം തടയാൻ അവശ്യ സേവന പരിപാലന നിയമം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി.


നിയമം പ്രയോഗിച്ചാൽ സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുണ്ടാകും. രാവും പകലും അടിയന്തര സേവനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ 2025–26ലെ ബോണസ് സംബന്ധിച്ച പ്രശ്നമാണ് ഇപ്പോഴത്തെ സമരത്തിലേക്ക് എത്തിയത്.


എന്നാൽ ബോണസ് തർക്കത്തിൽ ധാരണയുണ്ടാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പകരം സേവനം തടസ്സപ്പെടുമെന്ന കാരണം പറ‍ഞ്ഞ് സമരത്തിനെതിരെ നിയമനടപടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


മെയ് മാസത്തിന്റെ അവസാനത്തിൽ ഡ്രൈവർമാരെയും മെഡിക്കൽ ടെക്നീഷ്യൻമാരെയും ചട്ടവിരുദ്ധമായി പിരിച്ചുവിടാൻ മാനേജ്‌മെന്റ് നീക്കം നടത്തിയിരുന്നു. ഇതിനെതിരെ ജീവനക്കാർ ശക്തമായ സമരവുമായി രംഗത്തിറങ്ങിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 108 ആംബുലൻസ് സർവീസുകൾ തടസ്സപ്പെട്ടിരുന്നു.


അടുത്ത മാസങ്ങളിലും ജീവനക്കാരുടെ തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിനെ തുടർന്ന് പലതവണ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറി. ജീവനക്കാരുടെ ആവശ്യങ്ങളിൽ അടിയന്തര തീരുമാനമുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ അത്യാഹിത ആംബുലൻസ് സർവീസുകൾ വീണ്ടും സ്തംഭിക്കുമെന്ന ആശങ്ക ശക്തമാണ്.


ഇതിനിടെ സംസ്ഥാനത്ത് 108 സേവനത്തിനായി 335 പുതിയ ആംബുലൻസുകളുടെ വിന്യാസവും പുരോഗമിക്കുകയാണ്. 315 സാധാരണ ജീവൻരക്ഷാ ആംബുലൻസുകൾ, വെന്റിലേറ്റർ സൗകര്യമുള്ള 14 ആംബുലൻസുകൾ, നവജാതശിശുക്കൾക്കായുള്ള ആറു പ്രത്യേക ആംബുലൻസുകൾ എന്നിവയാണ് പുതിയ നിരയിൽ ഉൾപ്പെടുന്നത്.


സേവനം വിപുലീകരിക്കുമ്പോഴും അത് പ്രവർത്തിപ്പിക്കുന്ന ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home