ആർബിഐ കടപ്പത്ര വിൽപ്പനയും റിപ്പോ നിരക്ക് വർധനയും തിരിച്ചടിയാകുമ്പോൾ

ന്യൂഡൽഹി : സാമ്പത്തിക നയത്തിന്റെ ഭാഗമായി ഒരേസമയം കടപ്പത്രങ്ങൾ വിറ്റഴിക്കാനും റിപ്പോ നിരക്ക് ഉയർത്താനും കേന്ദ്രബാങ്ക് തയ്യാറെടുക്കുമ്പോൾ, തകരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റാണ്. ആർബിഐയുടെ ഈ പുതിയ നീക്കങ്ങൾ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ മറ്റൊരു മുഖമാണ്. ആർബിഐയുടെ പുതിയ നിക്കം സമ്പദ്‌വ്യവസ്ഥയുടെ പല മേഖലകളെയും സ്വാധീനിക്കും. ഇതിനൊപ്പം റിപ്പോ നിരക്ക് വർധിപ്പിച്ചാൽ, അത് സമ്പദ്‌വ്യവസ്ഥക്ക് ഇരട്ടി പ്രഹരമേല്പിക്കും.
ആർബിഐ സർക്കാർ കടപ്പത്രങ്ങൾ വിൽക്കുമ്പോൾ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും പണം നൽകി ആ കടപ്പത്രങ്ങൾ വാങ്ങുന്നു. ഇതോടെ വിപണിയിൽ അധികമുള്ള പണത്തിന്റെ ഒരു ഭാഗം ആർബിഐയിലേക്ക് തിരിച്ചെത്തും. വിപണിയിലെ പണലഭ്യത കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാണിജ്യ ബാങ്കുകൾ അവരുടെ കൈവശമുള്ള വലിയ ശതമാനം പണം കടപ്പത്രം വാങ്ങാൻ ഉപയോഗിക്കുമ്പോൾ വായ്പ നൽകാൻ പണമില്ലാത്ത അവസ്ഥ വരും. ഇത്തരത്തിൽ വായ്പ നൽകാൻ പണം കുറയുകയും ആർബിഐ റിപ്പോ നിരക്ക് ഉയർത്തുകയും ചെയ്താൽ ബാങ്കുകൾ വായ്പ പലിശ നിരക്ക് വർധിപ്പിക്കും.
റിസര്‍വ് ബാങ്കിന്റെ പ്രത്യേക വിദേശനാണ്യ ശേഖരണ പദ്ധതിയിലൂടെ ബാങ്കുകള്‍ പ്രവാസി ഇന്ത്യക്കാരില്‍നിന്ന് കോടികൾ സമാഹരിച്ചതാണ്പണലഭ്യത വര്‍ധിക്കാന്‍ കാരണം. അധികപണലഭ്യത വിലക്കയറ്റം കുത്തനെ വര്‍ധിപ്പിക്കുമെന്നാണ് റിസര്‍വ് ബാങ്ക് കണക്കുകൂട്ടൽ. അതിനാൽ പണപ്പെരുപ്പം നിയന്ത്രിക്കാനാണ് സാധാരണയായി ആർബിഐ കടപ്പത്രങ്ങൾ വിറ്റഴിക്കുന്നത്. എന്നാൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതും വിതരണ ശൃംഖലയിൽ നേരിടുന്ന തടസങ്ങളുമാണ് നിലവിലെ പണപ്പെരുപ്പത്തിന് പ്രധാന കാരണം. പണപ്പെരുപ്പം സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമ്പോൾ കാർഷിക, വ്യാവസായിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന നടപടികളാണ് കേന്ദ്രം തുടരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം സാധാരണക്കാരിൽ അടിച്ചേല്പിക്കാതെ രാജ്യത്തെ കാർഷിക-വ്യാവസായിക ഉല്പാദനക്ഷമത വർധിപ്പിച്ച് വിലക്കയറ്റത്തെ നേരിടാൻ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടത്.









0 comments