ad
Deshabhimani

ടാറ്റ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണം; ആർബിഐ ഉത്തരവ്

TATA Sons
വെബ് ഡെസ്ക്

Published on Sep 13, 2026, 01:11 PM | 2 min read

മുംബൈ : രാജ്യത്തെ മുൻനിര കമ്പനിയായ ടാറ്റ ​ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സൺസിനെ ഓഹരി വിപണിയിൽ രജിസ്റ്റർ ചെയ്യാത്ത കമ്പനിയായി നിലനിർത്തണമെന്ന ആവശ്യം ആർബിഐ തള്ളി. ഇതോടെ ആർബിഐ ചട്ടങ്ങൾ പൂർണമായി പാലിച്ച് ടാറ്റ സൺസിന് വൈകാതെ ഓഹരി വിപണിയിൽ ഐപിഒ വഴി ലിസ്റ്റ് ചെയ്യേണ്ടി വരും. ആർബിഐയുടെ പുതിയ ഉത്തരവോടെ ടാറ്റ സൺസ് ഓഹരി വിപണിയിലേക്ക് പ്രവേശിക്കും, പൊതുജനങ്ങൾക്ക് കമ്പനിയുടെ ഓഹരികൾ വാങ്ങാൻ അവസരം ലഭിക്കും. ഇതുവരെ ടാറ്റ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റി ചെയ്തിട്ടില്ലാത്ത ഒരു സ്വകാര്യ കമ്പനിയായിരുന്നു.


കമ്പനിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാതെ ഒരു സ്വകാര്യ കമ്പനിയായി തന്നെ നിലനിർത്തണമെന്നായിരുന്നു ടാറ്റ സൺസിന്റെ ആവശ്യം. ടാറ്റ സൺസിനെ സ്വകാര്യ കമ്പനിയായി തുടരാൻ അനുവദിക്കണമെന്നും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തിരികെ നൽകണമെന്നും കാണിച്ച് രണ്ട് വർഷം മുൻപ് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആര്‍ബിഐക്ക് ഒരു കത്തയച്ചിരുന്നു. ഇത് പരി​ഗണിച്ചാണ് ആർബിഐ തീരുമാനമെടുത്തത്. ടാറ്റ സൺസിന്റെ അപേക്ഷ അം​ഗീകരിക്കാൻ കഴിയില്ലെന്നായിരുന്ന് ആർബിഐ വ്യക്തമാക്കി.


ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനി എന്ന നിലയിലും എന്‍ബിഎഫ്‌സി-അപ്പര്‍ ലെയര്‍ പദവി ഉള്ളതുകൊണ്ടും ആര്‍ബിഐയുടെ ഈ ഉത്തരവ് ടാറ്റ സണ്‍സിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഉയര്‍ന്ന തലത്തിലുള്ള എന്‍ബിഎഫ്‌സികള്‍ക്ക് ബാധകമായ കര്‍ശനമായ നിയന്ത്രണ ചട്ടക്കൂടിലേക്ക് കമ്പനി മാറേണ്ടി വരും. പുതിയ ഉത്തരവിലൂടെ ടാറ്റ സൺസിന്റെ വരവുചെലവു കണക്കുകള്‍, നിക്ഷേപ രീതികള്‍, റിസ്‌ക് ‌‌സംവിധാനങ്ങള്‍, ഭരണസംവിധാനം എന്നിവയെല്ലാം ഇനി ആര്‍ബിഐയുടെയും പൊതുവിപണിയുടെയും കനത്ത നിരീക്ഷണത്തിലായിരിക്കും. നിയമങ്ങൾ പാലിക്കുന്നതിന് കമ്പനിക്ക് വിവരങ്ങൾ സുതാര്യമായി പുറത്തുവിടേണ്ടിവും.


ടാറ്റ സണ്‍സില്‍ 66 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടാറ്റ ട്രസ്റ്റിന്റെ ട്രസ്റ്റിമാര്‍ക്ക് ഈ കാര്യത്തില്‍ ഭിന്നാഭിപ്രായമാണ്. ടാറ്റ ട്രസ്റ്റ് ചെയര്‍മാനും ടാറ്റ സണ്‍സ് ഡയറക്ടറുമായ നോയല്‍ ടാറ്റ ഉള്‍പ്പെടെയുള്ളവർ ഒരു സ്വകാര്യ സ്ഥാപനമായിത്തന്നെ തുടരണം എന്ന നിലപാടിലായിരുന്നു. അതേസമയം ടാറ്റ സണ്‍സ് പൊതുവിപണിയിൽ ലിസ്റ്റ് ചെയ്യുണമെന്ന നിലപാടിലാണ് വേണു ശ്രീനിവാസന്‍, വിജയ് സിംഗ് തുടങ്ങിയ രണ്ട് ട്രസ്റ്റിമാര്‍. 18.3 ശതമാനം ഓഹരികളുള്ള പല്ലോഞ്ചി മിസ്ത്രി ഗ്രൂപ്പും ലിസ്റ്റിംഗിനെ അനുകൂലിക്കുന്നുണ്ട്.


ടാറ്റ സണ്‍സ് ഒരു ‘അപ്പര്‍ ലെയര്‍ നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനി’ ആയതിനാൽ റിസര്‍വ് ബാങ്ക് ചട്ടപ്രകാരം ഓഹരി വിപണിയില്‍ നിര്‍ബന്ധമായും ലിസ്റ്റ് ചെയ്യേണ്ടതുണ്ട്. 2024ല്‍ കടങ്ങള്‍ പൂർണമായി തീർപ്പാക്കിയതിനാൽ ടാറ്റ സണ്‍സിന് പൊതു ജനങ്ങളില്‍ നിന്നോ നേരിട്ടോ ഫണ്ടുകള്‍ സ്വീകരിക്കാന്‍ അനുവാദമില്ല. ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ്, ടാറ്റ പവര്‍ തുടങ്ങിയ ഓഹരി വിപണിയിലുള്ള മറ്റ് ടാറ്റ കമ്പനികള്‍ കമ്പനിയിൽ ഓഹരികള്‍ നിക്ഷേപിച്ചിട്ടുണ്ട്. അതിനാൽ ആര്‍ബിഐയുടെ നിയമപ്രകാരം പരോക്ഷമായി പൊതു ഫണ്ടുകള്‍ സ്വീകരിക്കുന്ന ഒരു കമ്പനിയായാണ് ടാറ്റ സൺസ് നിലനിൽക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home