ബജറ്റിന് പിന്നാലെ ഓഹരി വിപണി ഇടിഞ്ഞു

ന്യൂഡൽഹി:ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരി വിപണിയിൽ വൻ ഇടിവ് പ്രകടമായി. ഡെറിവേറ്റീവ്‌സ് വ്യാപാരത്തിന്മേലുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ് കുത്തനെ വർധിപ്പിച്ചതായുള്ള പ്രഖ്യാപനം വന്നതോടെയാണ് എതിര്‍ പ്രവണതകൾ. ഫ്യൂച്ചറുകൾക്കും ഓപ്ഷനുകൾക്കുമുള്ള സെക്യൂരിറ്റീസ് ഇടപാട് നികുതി (എസ്ടിടി) വർദ്ധിപ്പിച്ചതായി മന്ത്രി പ്രഖ്യാപിച്ചതോടെ നിക്ഷേപകര്‍ അകന്നു.
ബജറ്റ് പ്രസംഗം തുടരുന്നതിനിടെ ബിഎസ്ഇ സെൻസെക്‌സ് 1,000പോയിന്റിലധികം ഇടിഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 12:35 ആയപ്പോൾ ബിഎസ്ഇ സെൻസെക്സ് 1,004 പോയിന്റ് ഇടിഞ്ഞ് 81,265 ലും നിഫ്റ്റി 330 പോയിന്റ് ഇടിഞ്ഞ് 24,990 ലും എത്തി.
2026 ലെ ബജറ്റ് നിർദ്ദേശങ്ങൾ പ്രകാരം, ഫ്യൂച്ചേഴ്സ് കരാറുകളുടെ എസ്‌ടിടി 0.02% ൽ നിന്ന് 0.05% ആയി ഉയരും, അതേസമയം ഓപ്ഷൻ പ്രീമിയങ്ങളുടെ നികുതി 0.10% ൽ നിന്ന് 0.15% ആയി വർദ്ധിക്കും. ഓപ്ഷനുകൾക്കുള്ള ലെവിയും 0.125% ൽ നിന്ന് 0.15% ആയി ഉയരും. ഡെറിവേറ്റീവ് വിപണിയിലെ അമിത ഊഹക്കച്ചവടം നിയന്ത്രിക്കാനാണ് ഈ നടപടിയെന്നാണ് ധനമന്ത്രി വിശദീകരിച്ചത്.
രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വേഗത കൂട്ടുന്ന റിഫോം എക്‌സ്പ്രസ് എന്നാണ് ധനമന്ത്രി ഈ ബജറ്റിനെ വിശേഷിപ്പിച്ചത്.എന്നാൽ ഓഹരി വിപണിയിലെ പുതിയ നികുതി നിക്ഷേപകർക്ക് തിരിച്ചടിയായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.










0 comments