ad
Deshabhimani

മികച്ച അറ്റാദായം നേടി സൗത്ത് ഇന്ത്യൻ ബാങ്ക്; 2025-26 സാമ്പത്തികവർഷം നേടിയത് 1455 കോടി രൂപ

south indian bank
വെബ് ഡെസ്ക്

Published on May 06, 2026, 02:01 PM | 2 min read

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് 2025-26 സാമ്പത്തികവർഷത്തിൽ 1455.14 കോടി രൂപ അറ്റാദായം നേടി. ബാങ്ക് ഇതുവരെ നേടിയതിൽ ഏറ്റവും ഉയർന്ന അറ്റാദായമാണിത്. 2024 - 25 സാമ്പത്തിക വർഷത്തിൽ നേടിയ അറ്റാദായമായ 1302.88 കോടി രൂപയേക്കാൾ 11.69 ശതമാനം വളർച്ചയാണ് ഈ സാമ്പത്തിക വർഷത്തിൽ നേടിയിരിക്കുന്നത്. എസ്ഐബിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബിസിനസായ 2,23,620 കോടി രൂപയുടെ ഇടപാടുകളാണ് ഈ സാമ്പത്തിക വർഷം നടത്തിയിരിക്കുന്നത്. ബാങ്കിന്റെ എക്കാലത്തേയും മികച്ച ഉയർന്ന പ്രവർത്തന ലാഭമായ 2,373 കോടി രൂപയും ഈ സാമ്പത്തിക വർഷം നേടാനായി. ബാങ്കിന്റെ ഏറ്റവും മികച്ച പലിശേതര വരുമാനമായി 2,009 കോടി രൂപ ഈ സാമ്പത്തിക വർഷം നേടിയെടുക്കാനും കഴിഞ്ഞു.


എഴുതിത്തള്ളിയത് ഉൾപ്പെടെയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം (പി.സി.ആർ), മുൻവർഷത്തെ 85.03 ശതമാനത്തിൽ നിന്ന് 907 ബേസിസ് പോയിന്റുകൾ വർധിച്ച് 94.10 ശതമാനമായി. എഴുതിത്തള്ളിയത് ഒഴികെയുള്ള പി.സി.ആർ കഴിഞ്ഞ വർഷത്തെ 71.77 ശതമാനത്തിൽ നിന്ന് 810 ബേസിസ് പോയിന്റുകൾ ഉയർന്ന് 79.87 ശതമാനമായി. മൊത്ത നിഷ്‌ക്രിയ ആസ്തികൾ വാർഷികാടിസ്ഥാനത്തിൽ 3.20 ശതമാനത്തിൽ നിന്ന് 177 ബേസിസ് പോയിന്റ് കുറഞ്ഞ് 1.43 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തികൾ വാർഷികാടിസ്ഥാനത്തിൽ 63 ബേസിസ് പോയിന്റ് കുറഞ്ഞ് 0.92 ശതമാനത്തിൽ നിന്ന് 0.29 ശതമാനമായി. ഈ വർഷത്തെ പ്രവർത്തന ലാഭം 2025 സാമ്പത്തിക വർഷത്തിലെ 2,270 കോടി രൂപയിൽ നിന്ന് 4.55 ശതമാനം വർദ്ധിച്ച് 2026 സാമ്പത്തിക വർഷത്തിൽ 2,373 കോടി രൂപയായി. വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി ഡയറക്ടർ ബോർഡ് 45 ശതമാനം ലാഭവിഹിതം ശുപാർശ ചെയ്തിരുന്നു.


റീട്ടെയിൽ നിക്ഷേപം 15,366 കോടി രൂപ വർധിച്ച് 1,04,750 കോടി രൂപയിൽ നിന്ന് 1,20,116 കോടി രൂപയായി ഉയർന്നു. വാർഷികാടിസ്ഥാനത്തിൽ 14.67 ശതമാനത്തിന്റെ വർദ്ധനവാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. എൻ.ആർ.ഐ നിക്ഷേപം 3,769 കോടി രൂപ വർധിച്ച് 31,602 കോടി രൂപയിൽ നിന്ന് 35,371 കോടി രൂപയായി, വാർഷികാടിസ്ഥാനത്തിൽ 11.92 ശതമാനത്തിന്റെ വർധനവുണ്ടായി. സേവിംഗ്‌സ് ബാങ്ക് വാർഷികാടിസ്ഥാനത്തിൽ 17.24 ശതമാനം വളർച്ച നേടി 27,699 കോടി രൂപയിൽ നിന്ന് 32,475 കോടി രൂപയായി.


മൊത്ത വായ്പകൾ 12,695 കോടി രൂപ വർധിച്ച് 87,579 കോടി രൂപയിൽ നിന്ന് 1,00,274 കോടി രൂപയായി, വാർഷികാടിസ്ഥാനത്തിൽ 14.50 ശതമാനം വർധനവാണ് ബാങ്ക് നേടിയെടുത്തത്. കോർപ്പറേറ്റ് വിഭാഗം 2,472 കോടി രൂപ വർധിച്ച് 36,198 കോടി രൂപയിൽ നിന്ന് 38,670 കോടി രൂപയായി, നല്ല റേറ്റിംഗുള്ള വായ്പക്കാരുടെ അക്കൗണ്ടുകളിൽ വാർഷികാടിസ്ഥാനത്തിൽ 6.83 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. വലിയ കോർപ്പറേറ്റ് വിഭാഗത്തിൽ എ അല്ലെങ്കിൽ അതിനു മുകളിൽ റേറ്റ് ചെയ്ത അക്കൗണ്ടുകളുടെ വിഹിതം 99.10 ശതമാനമായി. സ്വർണ്ണ വായ്പാ പോർട്ട്‌ഫോളിയോ 16,982 കോടി രൂപയിൽ നിന്ന് 7,747 കോടി രൂപ വർധിച്ച് 24,729 കോടി രൂപയായി, വാർഷികാടിസ്ഥാനത്തിൽ 45.62 ശതമാനം വർധനവുണ്ടായി. വാഹന വായ്പ 21.39 ശതമാനം വാർഷിക വളർച്ചയോടെ 1,987 കോടി രൂപയിൽ നിന്ന് 2,412 കോടി രൂപയായി. ബിസിനസ് വിഭാഗം 1,092 കോടി രൂപ വർധിച്ച് 12,686 കോടി രൂപയിൽ നിന്ന് 13,778 കോടി രൂപയായി, വാർഷികാടിസ്ഥാനത്തിൽ 8.61 ശതമാനം വർധനവുണ്ടായിട്ടുണ്ട്. മോർട്ട്‌ഗേജ് വായ്പ 1,621 കോടി രൂപ വർധിച്ച് 3,814 കോടി രൂപയിൽ നിന്ന് 5,435 കോടി രൂപയായി. വാർഷികാടിസ്ഥാനത്തിൽ 42.50 ശതമാനം വർധനവുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home