ad
Deshabhimani

print edition സെൻസെക്സ് 1695 പോയിന്റ് നേട്ടത്തിൽ

Stock Market

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 13, 2026, 12:00 AM | 1 min read

കൊച്ചി : ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഏതാണ്ട് പൂർത്തിയായെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ പ്രസ്താവന സൃഷ്ടിച്ച ആവേശത്തിൽ ആഴ്ചയുടെ അവസാനദിനം ഓഹരിവിപണി വൻകുതിപ്പു നേടി. ബിഎസ്ഇ സെൻസെക്സ് 2.30 ശതമാനവും എൻഎസ്ഇ നിഫ്റ്റി 1.99 ശതമാനവും നേട്ടം രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴ്ന്നതും രൂപ നില മെച്ചപ്പെടുത്തിയതും നിക്ഷേപകരെ സ്വാധീനിച്ചു.


നേട്ടത്തിൽ തുടങ്ങിയ സെൻസെക്സ് വ്യാപാരത്തിനിടയിൽ 1775 പോയിന്റിലധികം നേട്ടത്തിൽ 75,608.02 ലേക്കും നിഫ്റ്റി 483.75 പോയിന്റ് നേടി 23,645.35 ലേക്കും ഉയർന്നു. സെൻസെക്സ് ഒടുവിൽ 1695.40 പോയിന്റ് നേട്ടത്തോടെ 75,527.95 ലും നിഫ്റ്റി 461.30 പോയിന്റ് ഉയർന്ന് 23,622.90 ലുമാണ് ആഴ്ച അവസാനിപ്പിച്ചത്. ബിഎസ്ഇയിൽ ലിസ്‌റ്റ്‌ ചെയ്ത കമ്പനികളുടെ വിപണിമൂല്യം മുൻദിവസത്തെ 451.83 ലക്ഷം കോടിയിൽനിന്ന്‌ 462.03 ലക്ഷം കോടിയായി ഉയർന്നു. 10.2 ലക്ഷം കോടിയാണ് നിക്ഷേപകർക്ക് നേട്ടം.


ബിഎസ്ഇ ബാങ്ക് സൂചിക 2.94 ശതമാനവും കൺസ്യൂമർ ഡ്യൂറബ്ൾസ് 2.59 ശതമാനവും ഓയിൽ ആൻഡ് ഗ്യാസ് 2.23 ശതമാനവും ഉയർന്നു. ബജാജ് ഫിനാൻസ് 5.56 ശതമാനവും ലാർസൻ ആൻഡ് ടൂബ്രോ 4.94 ശതമാനവും ഇന്റർഗ്ലോബ് ഏവിയേഷൻ 4.59 ശതമാനവും ലാഭം നേടി. ടൈറ്റൻ കമ്പനി (4.03), എച്ച്ഡിഎഫ്സി ബാങ്ക് (3.73), എറ്റേണൽ (3.63), റിലയൻസ് (2.39), മാരുതി സുസുകി (2.12), എസ്ബിഐ (1.62) എന്നിവയാണ് നേട്ടത്തിൽ ആഴ്ച അവസാനിപ്പിച്ച മറ്റു പ്രധാന ഓഹരികൾ.


ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപറേഷൻ ഓഹരികൾ നഷ്ടം നേരിട്ടു. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 86.54 ഡോളറിലേക്ക് താഴ്ന്നു. വിദേശനിക്ഷേപകർ വ്യാഴാഴ്‌ച 1987.09 കോടിയുടെ നിക്ഷേപം പിൻവലിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home