ad
Deshabhimani

Live News ആദ്യ പകുതിയിൽ അമേരിക്കയുടെ 3 ഗോൾ; രണ്ടാം പകുതിയിൽ പരാഗ്വെയുടെ മറുപടി, കളി ആവേശത്തിലേക്ക്

USA FOOTBALL

Photo Credit:FIFA

വെബ് ഡെസ്ക്

Published on Jun 13, 2026, 07:12 AM | 1 min read

ലോസ് ഏഞ്ചൽസ്: സ്വന്തം മണ്ണിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പ് ക്യാമ്പെയ്നിലെ ആദ്യ മത്സരത്തിൽ ലാറ്റിനമേരിക്കൻ കരുത്തരായ പരാഗ്വെയ്‌ക്കെതിരെ യുഎസ്എയ്ക്ക്സ്വപ്നതുല്യമായ തുടക്കം. കളിയിലുടനീളം ആധിപത്യം പുലർത്തിയ ആതിഥേയർ ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിലെത്തി. ഫൊളാരിൻ ബാലോഗനാണ് യുഎസ്എയ്ക്കായി രണ്ടാം ഗോൾ നേടിയത്.


ലോസ് ആഞ്ജലസ് സ്റ്റേഡിയത്തിൽ കളി ആരംഭിച്ച് അധികം വൈകാതെ തന്നെ ആക്രമിച്ചു കളിച്ച യു.എസ്.എ ആദ്യ ലീഡ് സ്വന്തമാക്കിയിരുന്നു. യു.എസ് താരം വെസ്റ്റൺ മക്കെന്നി ബോക്സിലേക്ക് നൽകിയ അപകടകരമായ ക്രോസ് തടയാൻ ശ്രമിക്കുന്നതിനിടെ പരാഗ്വെ താരം ഡാമിയൻ ബൊബാഡില്ലയുടെ കാലുകളിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു (സെൽഫ് ഗോൾ). നായകൻ ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ തകർപ്പൻ ഡ്രിബ്ലിങ് നീക്കമാണ് ഈ ആദ്യ ഗോളിന് വഴിയൊരുക്കിയത്.


ആദ്യ ഗോളിന്റെ ആവേശം അടങ്ങും മുൻപ് തന്നെ യുഎസ്എ പരാഗ്വെ പ്രതിരോധത്തെ വീണ്ടും വിറപ്പിച്ചു. മികച്ചൊരു ഫിനിഷിംഗിലൂടെ ഫൊളാരിൻ ബാലോഗൻ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി അത് ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. എന്നാൽ ഈ നിരാശയ്ക്ക് തൊട്ടുപിന്നാലെ, ഏതാനും നിമിഷങ്ങൾക്കകം തന്നെ തകർപ്പൻ നീക്കത്തിലൂടെ ബാലോഗൻ യുഎസ്എയുടെ രണ്ടാം ഗോൾ സ്വന്തമാക്കി. ഈ ഗോളോടെ മത്സരത്തിൽ പൂർണ്ണ ആധിപത്യം ഉറപ്പിക്കാൻ ആതിഥേയർക്ക് സാധിച്ചു. മൗറീഷ്യോ പൊച്ചെറ്റിനോയുടെ തന്ത്രങ്ങൾ മൈതാനത്ത് പൂർണ്ണ വിജയമാകുന്ന കാഴ്ചയ്ക്കാണ് ലോസ് ആഞ്ജലസ് സാക്ഷ്യം വഹിക്കുന്നത്.





Live Updates
12 minutes agoJun 13, 2026 08:12 AM IST

മത്സരത്തിന്റെ 73-ാം മിനിറ്റിൽ ആതിഥേയരായ യുഎസ്എയ്ക്കെതിരെ ആദ്യ ഗോൾ മടക്കി പരാഗ്വെ. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾക്ക് പിന്നിലായ ലാറ്റിനമേരിക്കൻ കരുത്തർ രണ്ടാം പകുതിയിൽ കളിയിലേക്ക് തിരിച്ചുവരുന്ന കാഴ്ചയ്ക്കാണ് ലോസ് ആഞ്ജലസ് സാക്ഷ്യം വഹിക്കുന്നത്.


പരാഗ്വെ താരം ഗിൽ ബോക്സിലേക്ക് ഉയർത്തി നൽകിയ ഒരു ലോങ് ബോളിൽ നിന്നാണ് ഈ ഗോളിന് വഴിയൊരുങ്ങിയത്. യു.എസ് ബോക്സിന്റെ തൊട്ടുപുറത്തുനിന്ന ജൂലിയോ എൻസിസോയുടെ പക്കലേക്കാണ് പന്തെത്തിയത്. പന്ത് കൃത്യമായി നിയന്ത്രണത്തിലാക്കിയ എൻസിസോ, ബോക്സിലേക്ക് കുതിച്ചുപാഞ്ഞ മൗറീഷ്യോയ്ക്ക് കൃത്യമായ അളവിലുള്ളൊരു തകർപ്പൻ പാസ് കൈമാറി. പന്ത് സ്വീകരിച്ച മൗറീഷ്യോ ഒട്ടും സമയം കളയാതെ തൊടുത്ത ശക്തമായ ഷോട്ട് യു.എസ് ഗോൾപോസ്റ്റിന്റെ ഇടതുമൂലയിലേക്ക് തുളച്ചുകയറുകയായിരുന്നു.


ഈ ഗോളോടെ സ്റ്റേഡിയത്തിലുണ്ടായിരുന്ന നിരവധി പരാഗ്വെ ആരാധകർ ആവേശത്തിലായെങ്കിലും, മത്സരത്തിലേക്ക് പൂർണ്ണമായി തിരിച്ചെത്താൻ ഈ ഗോൾ മതിയോ അതോ വൈകിപ്പോയോ എന്നാണ് ഇനി കണ്ടറിയേണ്ടത്. നിലവിൽ കളി 73 മിനിറ്റ് പിന്നിടുമ്പോൾ യുഎസ്എ 3-1 ന് മുന്നിലാണ്.

an hour agoJun 13, 2026 07:27 AM IST

ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ പരാഗ്വെയെ പൂർണ്ണമായും നിഷ്പ്രഭമാക്കിക്കൊണ്ട് ആതിഥേയരായ യുഎസ്എ മൂന്നാം ഗോളും സ്വന്തമാക്കി. തകർപ്പൻ ഫോമിലുള്ള മുന്നേറ്റ താരം ഫൊളാരിൻ ബാലോഗനാണ് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടീമിന്റെ മൂന്നാം ഗോളും വ്യക്തിഗതമായി തന്റെ രണ്ടാം ഗോളും അത്യുജ്ജ്വലമായ രീതിയിൽ വലയിലെത്തിച്ചത്.


മൈതാന മധ്യത്തുനിന്ന് ലഭിച്ച പന്തുമായി പരാഗ്വെ ബോക്സിലേക്ക് കുതിച്ചുകയറിയായിരുന്നു ബാലോഗന്റെ ഈ മാന്ത്രിക ഗോൾ. പരാഗ്വെയുടെ പരിചയസമ്പന്നനായ പ്രതിരോധ താരം ഗുസ്താവോ ഗോമസിനെ അതീവ വിദഗ്ദ്ധമായി വെട്ടിച്ച് പന്ത് തന്റെ ഇടംകാലിലേക്ക് മാറ്റിയ ബാലോഗൻ, തൊട്ടുപിന്നാലെ ബോക്സിന് തൊട്ടുപുറത്തുനിന്ന് മനോഹരമായ ഒരു കേർവിങ് ഷോട്ട് തൊടുത്തു. പരാഗ്വെ ഗോൾകീപ്പറെ പൂർണ്ണമായി കാഴ്ചക്കാരനാക്കി പന്ത് പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് തുളച്ചുകയറിയപ്പോൾ ലോസ് ആഞ്ജലസ് സ്റ്റേഡിയം ആവേശം കൊണ്ട് ഇളകിമറിഞ്ഞു.


ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വമ്പൻ ലീഡ് (3-0) സ്വന്തമാക്കിയതോടെ സ്വന്തം മണ്ണിലെ ലോകകപ്പ് ക്യാമ്പെയ്ൻ അവിസ്മരണീയമായ വിജയത്തോടെ തുടങ്ങാൻ യുഎസ്എയ്ക്ക് ഇനി മിനിറ്റുകളുടെ ദൂരം മാത്രമാണുള്ളത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home