ഹോർമുസിൽ വീണ്ടും ആക്രമണം, എണ്ണവില വീണ്ടും മുകളിലേക്ക്

ടെഹ്റാൻ:ഇറാനെതിരായ ആക്രമണ നടപടികൾ വാക്കാൽ മരവിപ്പിച്ച ഡൊണൾഡ് ട്രംപിന്റെ പുതിയ യുദ്ധ തന്ത്രത്തിനിടയിലും ഹോര്‍മുസ് കടലിടുക്കിലെ സംഘർഷം തുടരുന്നു. സമാധാന ചര്‍ച്ചകളുടെ പശ്ചാത്തലത്തിൽ അടുത്ത കാലത്തെ ഏറ്റവും താഴ്ചയിലേക്ക് എത്തിയ എണ്ണവില വീണ്ടും തിരിച്ചു കയറുന്ന സാഹര്യമാണ്. നവംബറിൽ മാത്രം പത്തോളം ആക്രമണങ്ങൾ ഹോര്‍മുസിൽ റിപ്പോർട് ചെയ്തു. കഴിഞ്ഞ ദിവസവും രണ്ടു കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസിന്റെ (UKMTO) റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 71 സെൻ്റ് (0.78%) ഉയർന്ന് 92.20 ഡോളറിലെത്തി. യു എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് വില 49 സെൻ്റ് (0.57%) വർധിച്ച് ബാരലിന് 86.53 ഡോളറായി. ബ്രെന്റ് ക്രൂഡ് വില ചൊവ്വാഴ്ച വീപ്പയ്ക്ക് 90 ഡോളറായിരുന്നു. ഒരു ഘട്ടത്തിൽ 89.21 ഡോളർ വരെ താഴ്ച രേഖപ്പെടുത്തിയിടത്ത് നിന്നുമാണ് കയറി തുടങ്ങിയത്.
വെറും വാക്കിൽ തീര്‍ക്കുന്ന യുദ്ധം
വാഷിംഗ്‌ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസിയുടെ കണക്കുകൾ പ്രകാരം ഒക്ടോബർ മാസത്തിൽ ഹോർമുസ് കടലിടുക്കിലും സമീപപ്രദേശങ്ങളിലുമായി 37 കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. യുദ്ധം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്. നവംബറിൽ ഇതുവരെ 10 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഭാവിയിൽ സമാധാന കരാറുകൾ ഉണ്ടായാൽ പോലും എണ്ണക്കപ്പലുകളുടെ സുഗമമായ യാത്രയ്ക്ക് കടലിലെ മൈനുകൾ നീക്കം ചെയ്യേണ്ടി വരുമെന്നും, ഇൻഷുറൻസ് ചെലവുകളും കപ്പലുടമകളുടെ സുരക്ഷാ ആശങ്കകളും പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും എൽഎസ്.ഇജി വിശകലന വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇറാനെതിരെ കൂടുതൽ സൈനിക നീക്കങ്ങളുടെ ആവശ്യമില്ലെന്ന യു.എസ് പ്രസ്താവനയെ തുടർന്ന് കഴിഞ്ഞ ദിവസം ബാരലിന് 3 ഡോളറിലധികം വില കുറഞ്ഞിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെ വില വീണ്ടും ഉയരുകയായിരുന്നു.
യുദ്ധം കാരണം റഷ്യൻ എണ്ണയിലും കുറവ് വന്നിട്ടുണ്ട്. ഉക്രെയ്ൻ ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് ഒക്ടോബർ അവസാന വാരം മുതൽ റഷ്യയുടെ എണ്ണ ശുദ്ധീകരണ ശേഷി 30 ശതമാനത്തോളം ഇടഞ്ഞതായാണ് കണക്കുകൾ പുറത്തു വന്നത്. ഇതും വിപണയിൽ പ്രതിഫലിക്കുന്നു. റഷ്യ അടുത്ത കാലത്തായി എണ്ണവില ഉയർത്തി നിര്‍ത്തുന്ന തന്ത്രത്തിലേക്ക് മാറുകയും ചെയ്തു.








0 comments