ad
Deshabhimani

അസംസ്കൃത വസ്തുക്കളുടെ വില കുതിക്കുന്നു; വസ്ത്രനിർമാണ മേഖലയും പ്രതിസന്ധിയിൽ

Clothing Sector

Image Credit : REUTERS

വെബ് ഡെസ്ക്

Published on Sep 16, 2026, 03:20 PM | 2 min read

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ അനന്തരഫലങ്ങൾ ലോകമെമ്പാടുമുള്ള സാധാരണക്കാരെ പലതരത്തിലാണ് ബാധിക്കുന്നത്. ഇന്ധന - ചരക്കുകൂലി വർധനവിന് പിന്നാലെ വസ്ത്രവിപണിയിലും വൻ വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വസ്ത്ര നിർമാണത്തിന് ആവശ്യമായ പോളിയസ്റ്റർ, പരുത്തി എന്നിവയുടെ വില കുത്തനെ ഉയർന്നതോടെ വരും മാസങ്ങളിൽ വസ്ത്ര വിപണിയിലും വിലവർധനവിന് സാധ്യതയേറുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിലും നട്ടംതിരിയുന്ന സാധാരണക്കാർക്ക് വസ്ത്രങ്ങളുടെ വില വർധിക്കുന്നതും തിരിച്ചടിയാവും.


ഇന്ത്യയെ പോലെ ഇറക്കുമതിയെ ആശ്രയിച്ചു മുന്നോട്ട് പോകുന്ന ഒരു രാജ്യത്തെ സംബന്ധിച്ച് ഈ പ്രതിസന്ധി വളരെ വലുതാണ്. സ്വയം പര്യാപ്തമാക്കുവാൻ നടപടികളെടുക്കുന്നുവെന്ന് കേന്ദ്രം പറയുമ്പോഴാണ് വസ്ത്രനിർമാണ മേഖല അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വിലക്കയറ്റവും കാരണം വൻ തകർച്ചയിലേക്ക് നീങ്ങുന്നത്. തദ്ദേശീയ വ്യവസായങ്ങളെയും ലക്ഷക്കണക്കിന് തൊഴിലാളികളെയും സംരംക്ഷിക്കാതെയും അവർക്ക് വേണ്ട പിന്തുണ നൽകാതെയും കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നടപടികൾ തുടരുകയാണ്.


വിലക്കയറ്റത്തിന്റെ മറവിൽ വൻകിട കോർപ്പറേറ്റുകൾ ലാഭം നിലനിർത്തുമ്പോൾ ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരായ വസ്ത്ര നിർമാണത്തൊഴിലാളികളാണ്. ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ വസ്ത്രനിർമാണ കേന്ദ്രങ്ങൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ആ​ഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക-വ്യാപാര പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൻകിട കമ്പനികൾ ഓർഡറുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ പല ഫാക്ടറികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. യൂറോപ്പിലെ വൻകിട ബ്രാൻഡായ സാറയ്ക്ക് (Zara) വസ്ത്രങ്ങൾ നിർമിച്ച് നൽകുന്ന ബംഗ്ലാദേശിലെ പ്ലമ്മി ഫാഷൻസ് പോലെയുള്ള ഫാക്ടറികൾ മാസങ്ങളായി തൊഴിലില്ലാത്ത അവസ്ഥയാണ്.


ആ​ഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ തുടരുന്ന ചാഞ്ചാട്ടങ്ങളാണ് പോളിയസ്റ്റർ ഉൾപ്പെടെയുള്ള സിന്തറ്റിക് നൂലുകളുടെ വില കൂടിയതിന് കാരണം. ഇതിന് പുറമെ പരുത്തി വിലയും കുത്തനെ ഉയർന്നു. വിതരണത്തിൽ നേരിടുന്ന തടസങ്ങളും, വളത്തിന്റെ ക്ഷാമവും, എൽനിനോ പ്രതിഭാസം മൂലമുള്ള കൃഷിനാശവുമാണ് പരുത്തിവില കുതിച്ചുയരാൻ കാരണം. ഗതാഗത - ഊർജ നിരക്കുകളെല്ലാം വർധിച്ചതോടെ വസ്ത്ര നിർമാണത്തിന്റെ അടിസ്ഥാന ഘട്ടങ്ങളിൽ തന്നെ വൻ തുകയാണ് നിർമാതാക്കൾക്ക് ചെലവാകുന്നത്.


ആ​ഗോളതലത്തിൽ ഉൽപാദനച്ചെലവ് കൂടിയെങ്കിലും കൊള്ളലാഭം ഉപേക്ഷിക്കാൻ വൻകിട കമ്പനികൾ തയ്യാറല്ല. വസ്ത്രനിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾക്ക് മാത്രം ആകെ ചെലവിന്റെ 60 ശതമാനത്തോളമാണ് മാറ്റിവെക്കേണ്ടി വരുന്നത്. ഫാക്ടറികൾക്ക് ലഭിക്കുന്നതോ വെറും രണ്ട് മുതൽ മൂന്ന് ശതമാനം വരെ ലാഭവും. അധികച്ചെലവ് മുഴുവൻ നിർമാതാക്കളുടെയും ഉപഭോക്താക്കളുടെയും തലയിൽ കെട്ടിവെക്കാനാണ് വൻകിട ബ്രാൻഡുകൾ ശ്രമിക്കുന്നത്. ചെറുകിട നിർമാതാക്കളെ ചൂഷണം ചെയ്ത് കുറഞ്ഞ നിരക്കിൽ ​ഗുണമിലവാരമില്ലാതെ ഉല്പാദനം നടത്തി വിപണിയിൽ എത്തിക്കാനാണ് കോർപ്പറേറ്റുകൾ ലക്ഷ്യമിടുന്നത്.


വരാനിരിക്കുന്ന ഉത്സവ സീസണുകളിൽ വസ്ത്രങ്ങൾക്ക് 10 മുതൽ 20 ശതമാനം വരെ വില ഉയർന്നേക്കും. ഇത്തരം പ്രതിസന്ധികൾ വസ്ത്രനിർമാണ മേഖലയെ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിടും. തൊഴിലാളികളുടെ ഉപജീവനമാർഗം വഴിമുട്ടിക്കുന്നതിലേക്കാണ് കോർപ്പറേറ്റ് കമ്പനികൾ നീങ്ങുന്നത്. ആഗോളതലത്തിൽ നിലനിൽക്കുന്ന ഇത്തരം പ്രതിസന്ധികൾ സാധാരണക്കാരുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വസ്ത്രവിപണി നേരിടാൻ പോകുന്ന ഈ വെല്ലുവിളി. ഈ പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാ‌ർ കൃത്യമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ രാജ്യത്തെ വസ്ത്ര നിർമാണ-കയറ്റുമതി മേഖലയും കുടത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home