മീഷോയുടെ വരുമാനത്തിൽ 47 ശതമാനം വർധന; നഷ്ടം കുത്തനെ കുറഞ്ഞു

പ്രതീകാത്മക ചിത്രം | REUTERS/Dado Ruvic/Illustration/File
ബെംഗളൂരു : പ്രമുഖ ഇ - കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ ലിമിറ്റഡിന്റെ നഷ്ടം കുത്തനെ കുറയുകയും കമ്പനിയുടെ പ്രവർത്തന വരുമാനത്തിൽ 47 ശതമാനം വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. 2026 സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവന്നപ്പോൾ മീഷോയുടെ വരുമാനം കഴിഞ്ഞ വർഷത്തെ 2,400 കോടി രൂപയിൽ നിന്ന് ഇത്തവണ 3,531 കോടി രൂപയായി. പലിശയും നികുതിയും കുറയ്ക്കുന്നതിന് മുൻപുള്ള വരുമാനത്തിൽ ഉണ്ടായ നഷ്ടം 233 കോടിയിൽ നിന്ന് 255 കോടി രൂപയായി വർധിച്ചിട്ടുണ്ട്.
മീഷോയുടെ നഷ്ടം 166.3 കോടി രൂപയായി ചുരുങ്ങി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,391 കോടി രൂപയായിരുന്നു. ബുധനാഴ്ച പുറത്തുവിട്ട എക്സ്ചേഞ്ച് ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
പ്ലാറ്റ്‌ഫോമിലെ മൊത്തം ഓർഡറുകളുടെ എണ്ണം 71.7 കോടിയായി ഉയർന്നു. നെറ്റ് മെർച്ചൻഡൈസ് വാല്യൂ 43 ശതമാനം വർധിച്ച് 11,371 കോടി രൂപയിലെത്തി. വാർഷികാടിസ്ഥാനത്തിൽ ഉപഭോക്താക്കളുടെ എണ്ണം 33 ശതമാനം വർധിച്ച് 26.4 കോടിയായി. ഒരു ഉപഭോക്താവ് ശരാശരി 10 തവണയെങ്കിലും മീഷോയിലൂടെ ഷോപ്പിംഗ് നടത്തുന്നുണ്ട്.
ഇന്ത്യൻ ഇ-കൊമേഴ്സ് വിപണി പ്രതീക്ഷിച്ചതിലും വലിയ വളർച്ചാസാധ്യതയുള്ളതാണെന്ന് ഈ പ്രകടനം വ്യക്തമാക്കുന്നതായി മീഷോ സിഇഒ വിദിത് ആത്രേ പറഞ്ഞു. ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ ഉപഭോക്താക്കളിൽ 30 ശതമാനം പേർ മാത്രമാണ് ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നത്; അതിനാൽ ഈ മേഖലയിൽ വലിയ വളർച്ചാ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപസ്ഥാപനമായ മീഷോ പേയ്‌മെന്റ്‌സിൽ 100 കോടി രൂപയുടെ നിക്ഷേപം നടത്താൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. എന്നാൽ മികച്ച സാമ്പത്തിക ഫലങ്ങൾക്കിടയിലും ഓഹരി വിപണിയിൽ കമ്പനിക്ക് തിരിച്ചടി നേരിട്ടു. മീഷോയുടെ ഓഹരി വില എൻഎസ്ഇയിൽ 3.6 ശതമാനം ഇടിഞ്ഞ് 196.28 രൂപയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ഇന്ന് ഓഹരി 3.32 ശതമാനം നേട്ടത്തിൽ 199.80 രൂപയിലാണ് വ്യാപാരം നടത്തുന്നത്.










0 comments