പൊന്നിൻ വില വീണ്ടും പൊള്ളിക്കുന്നു

തിരുവനന്തപുരം : ഇന്ന് സ്വർണം വാങ്ങാനോ പഴയ സ്വർണം വിൽക്കാനോ തയ്യാറെടുക്കുകയാണോ? സ്വർണം വിൽക്കാനിരിക്കുന്നവരും വാങ്ങാനിറങ്ങുന്നവരും ഇന്നീ കാര്യമറിയാതിരിക്കരുത്. സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ വർധനവുണ്ട്. ഇന്ന് പവന് 1,280 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ നിലവിൽ 1,06,880 രൂപ നൽകേണ്ടി വരും. ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് വർധനവ്. നിലവിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,360 രൂപയാണ്.
ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവ് ഉൾപ്പടെ നിരവധി ഘടകങ്ങൾ സ്വർണവിലയെ ബാധിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യം മാറിയും മറിഞ്ഞും തുടരുന്നതിനാൽ വരും ദിവസങ്ങളിലും ഈ ചലനങ്ങൾ സ്വർണവിലയെ സ്വാധീനിച്ചേക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ഒരോ മാറ്റങ്ങളും ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്. ഡോളറും രൂപയും തമ്മിലുള്ള വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന വിപണി ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് നമ്മൾ ഇന്ത്യക്കാർ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ ആഗോള വിപണിയിലുണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.










0 comments