ad
Deshabhimani

എച്ച്-1ബി വിസ പുതുക്കാൻ അധിക ഫീസ്; ഇന്ത്യൻ തൊഴിലാളികൾ ആശങ്കയിൽ

H1b Visa Indians
വെബ് ഡെസ്ക്

Published on Aug 05, 2026, 12:28 PM | 2 min read

വാഷിം​ഗ്ടൺ : എച്ച്-1ബി വിസ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങുകയാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം. നിലവിലുള്ള വിസ പുതുക്കുന്നതിന് അധിക ഫീസ് ഈടാക്കാനാണ് പുതിയ നീക്കം. ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്ന അമേരിക്കയിലുള്ള ഇന്ത്യക്കാരായ തൊഴിലാളികളെയായിരിക്കും.


ഇതുവരെ പുതിയ എച്ച്-1ബി, എൽ-1 വിസകൾക്ക് മാത്രമായിരുന്നു ഈ ഫീസ് നൽകേണ്ടിയിരുന്നത്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ എച്ച്-1ബിയിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് വിസ പുതുക്കുന്നതിന് വൻതുക അധികമായി നൽകേണ്ടി വരും.


2025ൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ വിസ പുതുക്കിയത് ഇന്ത്യക്കാരായ വിദ​ഗ്ധ തൊഴിൽ ചെയ്യുന്നവരാണ്. അതിനാൽ ഈ പുതിയ നീക്കം ഏറ്റവുമധികം ബാധിക്കുന്നത് അവരെയായിരിക്കും. അതിവിദ​ഗ്ധരായ വിദേശ തൊഴിലാളികൾക്ക് പുതിയ എച്ച്-1ബി വിസ അനുവദിക്കുന്നതിന് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം കഴിഞ്ഞ മാസം യുഎസ് കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിസ പുതുക്കുന്നതിന് അധിക ഫീസ് ഈടാക്കാനുള്ള പുതിയ നീക്കം.


2024 ജൂണിലാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയും, കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസിയും ചേർന്ന് ഇത് സംബന്ധിച്ച പുതിയ നിർദേശങ്ങൾ പ്രസിദ്ധീകരിച്ചത്. 2026ലെ ട്രംപ് ഭരണകൂടത്തിന്റെ ഔദ്യോ​ഗിക അജണ്ടയുടെ ഭാ​ഗമായുള്ള ഈ നിയമത്തിന്റെ അന്തിമ വിജ്ഞാപനം വരും ആഴ്ചകളിൽ തന്നെ പുറത്തിറക്കും.


അമേരിക്കയിലെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിട്ടുള്ളതാണ് 9-11 റെസ്പോൺസ് ആൻഡ് ബയോമെട്രിക് എൻട്രി-എക്സിറ്റ് ഫീസ്. ഇനിമുതൽ എച്ച്-1ബി, എൽ-1 വിസ പുതുക്കുമ്പോഴും ഈ ഫീസ് ഈടാക്കാനാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. നിലവിൽ പുതിയ അപേക്ഷകൾക്കും, തൊഴിലാളികൾ കമ്പനി മാറുമ്പോഴും മാത്രമാണ് ഈ ഫീസ് ഈടാക്കിയിരുന്നത്.


അമേരിക്കയിൽ അൻപതിൽ കൂടുതൽ ജീവനക്കാരുള്ള, അതിൽ പകുതിയിലധികം പേർ എച്ച്-1ബി, എൽ-1 വിസകളിൽ ജോലി ചെയ്യുന്നവരുമായ കമ്പനികളെയാണ് ഈ നിയമം പ്രധാനമായും ബാധിക്കുക. പുതിയ എച്ച്-1 ബി വിസക്ക് 4,000 ഡോളറും, എൽ-1 വിസക്ക് 4,500 ഡോളറുമാണ് നിലവിൽ ഇത്തരം കമ്പനികൾ നൽകേണ്ടത്. ഇനിമുതൽ ജീവനക്കാരുടെ വിസ കാലാവധി നീട്ടുന്നതിനും കമ്പനികൾ ഈ തുക നൽകേണ്ടിവരും.


എച്ച്-1ബി വിസ പുതുക്കുന്നവരിൽ അധികവും ഇന്ത്യക്കാർ


അതിവിദ​ഗ്ധ തൊഴിലുകൾ ചെയ്യുന്ന ഇന്ത്യക്കാരെ കൂടുതൽ ആശ്രയിക്കുന്ന കമ്പനികളെയാണ് പുതിയ നിയമം വലിയ സാമ്പത്തിക ബാധ്യതയിലെത്തിക്കുക. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമി​ഗ്രേഷൻ സർവീസസിന്റെ കണക്കുകൾ പ്രകാരം ഇത് വലിയ രീതിയിൽ കമ്പനികളെ ബാധിക്കും. 2025 സാമ്പത്തിക വർഷത്തിൽ അം​ഗീകരിച്ച 4,06,348 എച്ച്-1ബി വിസ അപേക്ഷകളിൽ 72 ശതമാനവും ജോലി തുടരുന്നതിനുള്ളതായിരുന്നു. അതിൽ തന്നെ 226,359 പേർ അഥാവാ 77.6 ശതമാനം ഇന്ത്യക്കാരായിരുന്നു.


അതിനാൽ തന്നെ പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ ഐടി മേഖലയിലെ വൻകിട കമ്പനികൾക്ക് ഇന്ത്യക്കാരായ തൊഴിലാളികളെ നിലനിർത്തുന്നതിന് ​അധിക ചെലവ് വഹിക്കേണ്ടി വരും. എക്സിക്യൂട്ടീവുകൾ, മാനേജർമാർ, ജീവനക്കാർ എന്നിങ്ങനെയുള്ള വിദ​ഗ്ധനരെ അമേരിക്കയിലേക്ക് മാറ്റാനുള്ള എൽ-1 വിസ പുതുക്കാനിരിക്കുന്ന വൻകിട കമ്പനികളുടെ ചെലവും വർധിക്കും. ‌‌


പുതിയ നിയമത്തിലൂടെ പ്രതിവർഷം 157.3 മില്യൺ ഡോളർ അധിക വരുമാനം കണ്ടെത്താനാകുമെന്നാണ് അമേരിക്കൻ ഭരണകൂടം കരുതുന്നത്. വിസ പുതുക്കുന്നതിന് അധിക ഫീസ് ഈടാക്കുന്ന ഈ നിയമം അമേരിക്കയിലെ സാങ്കേതിക മേഖല വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home