സംഘപരിവാറിന്റെ നിലപാടുകൾക്ക് അനുകൂലമായി സഞ്ചരിക്കുകയാണ് എല്ലാക്കാലത്തും യുഡിഎഫ്: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : സർവകലാശാലകളിലെ സംഘപരിവാർ താൽപ്പര്യങ്ങൾക്ക് കുടപിടിക്കുന്ന നിലപാടാണ് എല്ലാക്കാലവും യുഡിഎഫ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പ്രതിപക്ഷത്തായിരുന്നപ്പോഴും ഭരണപക്ഷത്തായപ്പോഴും ഇതേ നിലപാട് തുടരുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വജ്ര ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സർവമേഖലകളിലും സംഘപരിവാർ അജണ്ട നടപ്പാക്കുന്നു. കേരളത്തിൽ സർവകലാശാലകളെ കാവി വൽക്കരിക്കാനും ശ്രമം നടന്നിരുന്നു. ഇതിനായി ഗവർണർമാരെ ഉപയോഗിച്ച് സംഘപരിവാറുകാരെ സർവകലാശാലകളിൽ തിരുകിക്കയറ്റാനുള്ള ശ്രമം നടത്തി. മുൻ ഗവർണർ കാട്ടികൂട്ടിയ കോലാഹലങ്ങൾ ആരും മറന്നിട്ടുണ്ടാകില്ല. വി സി നിയമനവുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ നിരവധി തവണ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷത്തിലും സർക്കാരിനനുകൂലമായ വിധിയാണ് ഉണ്ടായത്. താൽക്കാലിക വി സിമാരെ നിയമിക്കുന്നതിനുള്ള പാനൽ മുഖ്യമന്ത്രിക്ക് നൽകണമെന്നും മുഖ്യമന്ത്രി നിർണയിക്കുന്ന പാനലിൽ നിന്ന് അനുസരിച്ച് നിയമനം നടത്തണമെന്നും കോടതി വിധിച്ചിരുന്നു.
എന്നാൽ സംഘപരിവാർ സർവകലാശാല സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം പ്രദർശിപ്പിച്ചു. മതേതരമായിടത്ത് വർഗീയതയുടെ വിത്ത് പാകാനുള്ള ഗൂഢാലോചനയാണ് അരങ്ങേറിയത്. ആർഎസ്എസിന്റെ ഭാരതാംബയെ അംഗീകരിക്കില്ലെന്ന് ഒറ്റ സ്വരത്തിൽ നമ്മൾ പ്രഖ്യാപിച്ചുവെന്നും പിണറായി വിജയൻ വ്യക്തമാക്കി.
എന്നാൽ ഗവർണറുടെ സംഘപരിവാർ സേവയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ. സർവകലശാലകളുടെ മതേതര മൂല്യങ്ങൾ യു ഡി എഫ് സർക്കാർ സംഘപരിവാറിന് അടിയറവെക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോത്തെ സർക്കാരിന് വിഷയത്തിൽ കാര്യമായ നിലപാടില്ലെന്നും ഗവർണറുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. ഗവർണർക്ക് അനുകൂലമായ നിലപാടാണ് ഓരോ ഘട്ടത്തിലും യുഡിഎഫ് സ്വീകരിച്ചത്. ചാൻസലർ പദവി സംബന്ധിച്ച് ബില്ല് കൊണ്ടുവന്നപ്പോൾ പ്രതിപക്ഷത്തായിരുന്ന യുഡിഎഫ് എതിർത്തു. യുഡിഎഫ് വന്നപ്പോൾ സർവകലാശാലകളിൽ കാവിവൽക്കരണത്തിന് എതിരായ ചെറുത്തു നിൽപ്പ് അവസാനിക്കുന്നതാണ് കാണുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.









0 comments