ad
Deshabhimani

ഉൾക്കടലിൽനിന്ന്‌ ബോട്ടുകൾ എത്തി; പ്രതീക്ഷയിൽ തീരങ്ങൾ

fishing boats kollam

ട്രോളിങ് നിരോധനം പിൻവലിച്ച ശേഷം കൊല്ലം ശക്തികുളങ്ങര ഹാർബറിൽ മത്സ്യവുമായി ബോട്ടുകൾ എത്തിയപ്പോൾ. photo: എം എസ് ശ്രീധർലാൽ

വെബ് ഡെസ്ക്

Published on Aug 05, 2026, 12:22 PM | 2 min read

കൊല്ലം : ട്രോളിങ്‌ നിരോധനം നീങ്ങിയശേഷം ആഴക്കടലിൽ തങ്ങി മീൻപിടിത്തത്തിൽ ഏർപ്പെട്ട ബോട്ടുകൾ എത്തി. ഇതോടെ തുറമുഖങ്ങൾ വീണ്ടും സജീവമായി. ഒന്നിന്‌ പുലർച്ചെ മീൻപിടിക്കാൻ പോയ ബോട്ടുകളാണ്‌ കണവയും കിളിമീനും കരിക്കാടിയും കഴന്തനുമൊക്കയായി തീരം അണഞ്ഞത്‌. നൂറോളം വലിയ ബോട്ടുകളാണ്‌ കര കയറിയത്‌.


പ്രതീക്ഷയ്‌ക്കനുസരിച്ച്‌ മീൻ കിട്ടിയില്ലെങ്കിലും 52 ദിവസത്തെ ഇടവേളയ്‌ക്കുശേഷം കിട്ടിയ മീനിന്‌ മികച്ച വില ലഭിച്ചത്‌ തൊഴിലാളികൾക്ക് ആശ്വാസമായി. പേക്കണവ കിലോ 500, ഓലക്കണവ 700, ഒട്ടുകണവ 450, സൂചിക്കണവ 350– 400, കഴന്തൻ 250–300, കരിക്കാടി 150 എന്നിങ്ങനെയാണ്‌ വിറ്റുപോയത്‌. കഴിഞ്ഞ ദിവസം മികച്ച വില ലഭിച്ച കിളിമീന്‌ ചൊവ്വാഴ്‌ച വില ഇടിഞ്ഞു. 35കിലോ തൂക്കമുള്ള ഒരു കുട്ട 4000– 4500 രൂപയ്ക്കാണ്‌ പോയത്‌. കഴിഞ്ഞ ദിവസം 6000രൂപ വരെയായിരുന്നു വില.


തിങ്കൾ വരെ ആഭ്യന്തര മാർക്കറ്റുകളിലേക്കുള്ള വ്യാപാരികളായിരുന്നു തുറമുഖങ്ങളിൽ നിറഞ്ഞുനിന്നതെങ്കിൽ കഴിഞ്ഞ ദിവസം നിരവധി കയറ്റുമതി കമ്പനിക്കാർ രംഗത്തുണ്ടായിരുന്നു. ഇതോടെ പീലിങ്‌ ഷെഡുകളും ഉണർന്നു. എന്നാൽ, ആവശ്യത്തിനുള്ള മീൻ ലഭ്യമല്ലാത്തതിനാൽ ഭാഗികമായാണ്‌ പീലിങ്‌ ഷെഡുകൾ പ്രവർത്തിച്ചത്‌. കൂടുതൽ ബോട്ടുകൾ വരുന്നതോടെ പൂർണസമയം പ്രവർത്തനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്‌ അനുബന്ധതൊഴിലാളികൾ.


കടലിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്‌. ഇത്‌ അവഗണിച്ച്‌ മീൻപിടിത്തത്തിൽ ഏർപ്പെടുന്ന ശേഷിച്ച ബോട്ടുകൾ വെള്ളി, ശനി ദിവസങ്ങളിൽ കരയ്‌ക്കെത്തും. കണവ, ചെമ്മീൻ അടക്കമുള്ള കയറ്റുമതി മത്സ്യങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ്‌ അനുബന്ധതൊഴിലാളികളും വ്യാപാരികളും. ഹാർബറിൽ തിരക്കേറിയതോടെ കച്ചവടവും തകൃതിയായി. ഭക്ഷണശാലകൾ, സ്പെയർ പാർട്സ് കടകൾ, വലക്കട, ഐസ് വിതരണക്കാർ തുടങ്ങിയവരും ആവേശത്തിലാണ്‌.


എന്നാൽ പരമ്പരാ​ഗതമായി മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ പലതും ആശങ്കയിലാണ്. വലിയ ബോട്ടുകളിൽ ഏറെയും കടലിൽ പോയെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിനുപോകാൻ സാധിച്ചിട്ടില്ല. എങ്കിലും വരും ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമാകുന്നതോടെ പൂർണമായി കടലിലേക്ക് പോകാൻ പറ്റുമെന്നാണ് കരുതുന്നതെന്ന് പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. ആഴക്കടലിലേക്ക് പോയ ബോട്ടുകൾ പലതും ശനി, ഞായർ ദിവസങ്ങളിലായി തീരത്തെത്തും. ഇതോടെ വിപണി കൂടുതൽ സജീവമാകുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. മറ്റു ജില്ലകളിൽ പലയിടങ്ങളിലും മത്സ്യബന്ധനം പൂർണതോതിൽ ആരംഭിച്ചിട്ടില്ലാത്തതിനാൽ കൊല്ലം ജില്ലയിലെ തുറമുഖങ്ങളിലെത്തുന്ന മത്സ്യങ്ങൾക്ക് വില ലഭിക്കുന്നുണ്ടെന്നും തൊഴിലാളികൾ പറയുന്നു.


എങ്കിലും പ്രതികൂല സാഹചര്യത്തിലും സർക്കാർ യാതൊരു തരത്തിലും സഹായിക്കാത്തത് തൊഴിലാളികൾക്ക്‌ ബുദ്ധിമുട്ടാകുന്നു. കാലാവസ്ഥാ വ്യതിയാനവും ട്രോളിങ്‌ നിരോധനവും സൃഷ്ടിക്കുന്ന പ്രതിസന്ധിയെ അതിജീവിക്കാൻ റേഷനും പഞ്ഞമാസ ആശ്വാസ തുകയും ഉൾപ്പെടെയുള്ള ഒരു സഹായവും നൽകാൻ സർക്കാർ തയ്യാറാകാഞ്ഞതും തൊഴിലാളികൾക്ക്‌ ഇരുട്ടടിയായി.

തട്ടുമുടിക്കാർക്ക്‌ കിളിമീനും നാരനും


കൊല്ലം തീരത്തുനിന്ന്‌ ഒ‍ൗട്ട്‌ബോർഡ്‌ വള്ളങ്ങളിൽ പോയ തട്ടുമുടി വലക്കാർക്ക്‌ കിളിമീൻ, നാരൻകൊഞ്ച്‌ എന്നിവ ലഭിച്ചപ്പോൾ താങ്ങുവള്ളക്കാർ പരവയുമായാണ്‌ കരകയറിയത്‌. രാവിലെ ആറിനുപോയ ഇവർ പകൽ 11മുതൽ ഹാർബറിൽ കയറിത്തുടങ്ങി. എന്നാൽ, കാലാവസ്ഥ മോശമായതിനെത്തുടർന്ന്‌ വെറുംകൈയോടെ തിരികെക്കയറിയ വള്ളക്കാരും നിരവധിയാണ്‌. മീനെടുക്കാൻ ആഭ്യന്തര കച്ചവടക്കാർക്കൊപ്പം കയറ്റുമതിക്കാരും എത്തിയതോടെ സാമാന്യം നല്ല വില ലഭിച്ചതായി തൊഴിലാളികൾ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home