നിലംതൊടാതെ സ്വര്‍ണവില; നിരക്കില്‍ ഇന്നും വര്‍ധന

പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണനിരക്കില്‍ വര്‍ധന. ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 45 രൂപയും ഒരു പവൻ സ്വർണത്തിന് 360 രൂപയുമാണ് വർധിച്ചിരിക്കുന്നത്. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന് 1,17,280 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാമിന് 14,660 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വരും ദിവസങ്ങളിലും വില വർദ്ധിക്കുമോ എന്ന ആശങ്കയിലാണ് സാധാരണക്കാരായ ഉപഭോക്താക്കൾ.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് മേയ് അഞ്ചിനായിരുന്നു. അന്ന് പവന് 1,09,400 രൂപയായിരുന്നു വില. എന്നാൽ തൊട്ടടുത്ത ആഴ്ചകളിൽ വില കുതിച്ചുയരുകയും, മേയ് 13-ഓടെ പവന് 1,23,120 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തുകയും ചെയ്തു. ഇന്നലെ മാത്രം പവന് 960 രൂപ വർദ്ധിച്ച് വില 1,16,120 രൂപയിൽ എത്തിയിരുന്നു. അവിടെ നിന്നാണ് ഇന്ന് വീണ്ടും വില ഉയർന്ന് 1,17,280 രൂപയിലെത്തിയിരിക്കുന്നത്.
പശ്ചിമേഷ്യൻ യുദ്ധം ഉൾപ്പെടെയുള്ള ആഗോള ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ സങ്കീർണ്ണമായി തുടരുന്നതാണ് നിലവിൽ സ്വർണ്ണവിലയിലെ ഈ വൻ ചാഞ്ചാട്ടത്തിന് പ്രധാന കാരണം. അന്താരാഷ്ട്ര വിപണിയിലെ ഈ അസ്ഥിരത വരും ദിവസങ്ങളിലും ഇന്ത്യൻ വിപണിയെ സ്വാധീനിക്കുമെന്നും, സ്വർണ്ണവിലയിൽ പ്രവചനാതീതമായ മാറ്റങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ത്യയിൽ ആഭ്യന്തരമായി വളരെ കുറഞ്ഞ അളവിൽ മാത്രമാണ് സ്വർണ്ണം ഉത്പാദിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ ആവശ്യകതയുടെ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിൽ നിന്നുള്ള വൻതോതിലുള്ള ഇറക്കുമതിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. വിപണിയിൽ വില എത്രതന്നെ ഉയർന്നാലും, ഭൂരിഭാഗം ഉപയോക്താക്കളും ഇപ്പോഴും സ്വർണ്ണത്തെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ ഒരു ദീർഘകാല നിക്ഷേപമായാണ് കാണുന്നത്.










0 comments