print edition തുടരുന്നു ഐപിഒ പൂരം: ഈ ആഴ്ച നാല് കമ്പനികൾ

ഇന്ത്യന്‍ ഓഹരിവിപണിയില്‍ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) തുടരുകയാണ്. വിപുലീകരണം, കടബാധ്യത കുറയ്ക്കൽ, ഏറ്റെടുക്കലുകൾ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ഫണ്ട് സമാഹരിക്കലാണ് പൊതുവിൽ ഐപിഒയിലൂടെ കമ്പനികൾ ലക്ഷ്യമിടുന്നത്. ഈ ആഴ്ച എംവീ ഫോട്ടോവോൾട്ടെയ്ക് പവർ, ഫിസിക്സ്-വാല, ടെന്നെകോ ക്ലീൻ എയർ ഇന്ത്യ, ഫുജിയാമ പവർ സിസ്റ്റംസ് എന്നീ നാല് മുന്‍നിര (മെയിന്‍ ബോര്‍ഡ്) കമ്പനികളാണ് മൂലധന സമാഹരണത്തിന് ഇറങ്ങുന്നത്.
എംവീ ഫോട്ടോവോൾട്ടെയ്ക് പവർ
സോളാർ മൊഡ്യൂൾ, സോളാര്‍ സെല്‍ നിര്‍മാതാക്കളായ എംവീ ഫോട്ടോവോൾട്ടെയ്ക് പവർ ലിമിറ്റഡിന്റെ ഐപിഒ 11 മുതല്‍ 13 വരെയാണ്. 2143.86 കോടിയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 756.14 കോടി യുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 206 മുതൽ 217 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 69 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 69 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ഫിസിക്സ്-വാല
നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബഹുരാഷ്ട്ര വിദ്യാഭ്യാസ സാങ്കേതികവിദ്യാ കമ്പനിയായ ഫിസിക്സ്-വാലയും 11 മുതല്‍ 13 വരെയാണ് ഓഹരികള്‍ പൊതുവിൽപ്പനയ്ക്ക് എത്തിക്കുന്നത്. 3480 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 3100 കോടിയുടെ പുതിയ ഇക്വിറ്റി ഓഹരികളും 380 കോടിയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് നടക്കുക. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 103 മുതൽ 109 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 137 ഇക്വിറ്റി ഓഹരികള്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായ ജീവനക്കാര്‍ക്കുള്ള വിഭാഗത്തില്‍ ഓഹരി ഒന്നിന് 10 രൂപവീതം ഡിസ്കൗണ്ട് ലഭിക്കും.
ടെന്നെകോ ക്ലീൻ എയർ
ക്ലീൻ എയർ, പവർട്രെയിൻ, സസ്‌പെൻഷൻ സൊല്യൂഷന്‍ നിര്‍മാതാക്കളായ ടെന്നെകോ ക്ലീൻ എയർ ഇന്ത്യയുടെ ഐപിഒ 12 മുതല്‍ 14 വരെയാണ്. പ്രൊമോട്ടര്‍മാരുടെ 3600 കോടിയുടെ ഇക്വിറ്റി ഓഹരികളാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 378 മുതൽ 397 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 37 ഇക്വിറ്റി ഓഹരികള്‍ക്ക് അപേക്ഷിക്കാം.
ഫുജിയാമ പവര്‍ സിസ്റ്റംസ്
യുടിഎല്‍ സോളാര്‍, ഫുജിയാമ സോളാര്‍ എന്നീ ബ്രാന്‍ഡുകളില്‍ ഓൺ-ഗ്രിഡ്, ഓഫ്-ഗ്രിഡ്, ഹൈബ്രിഡ് പുരപ്പുറ സോളാര്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന ഫുജിയാമ പവര്‍ സിസ്റ്റംസ് ഐപിഒ 13 മുതല്‍ 17 വരെയാണ്. 600 കോടിയുടെ പുതിയ ഓഹരികളും ഒരുകോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് നടക്കുക. ഒരു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 216 മുതല്‍ 228 വരെയായിരിക്കും വില.
അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കുക
നിക്ഷേപകർക്ക് ബാങ്കുകളുടെ നെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം വഴിയോ ബ്രോക്കിങ് കമ്പനികളുടെ ട്രേഡിങ് പ്ലാറ്റ്ഫോം വഴിയോ അപേക്ഷിക്കാം. ഐപിഒയിൽ നേട്ടംപോലെതന്നെ നഷ്ടത്തിനും സാധ്യതയുണ്ട്. അതിനാൽ പണം നഷ്ടപ്പെടാതിരിക്കാൻ അപേക്ഷിക്കുംമുമ്പ് കമ്പനിയെക്കുറിച്ച് വിശദമായി പഠിക്കണം. കമ്പനി ഐപിഒയ്ക്കുമുമ്പ് സെബിക്ക് സമർപ്പിച്ച പ്രാഥമിക രേഖകള്‍ (ഡിആർഎച്ച്പി) വിശദമായി വായിച്ച് മനസ്സിലാക്കണം.










0 comments