ഇറാൻ വാതകപ്പാടത്തിന് നേരെ ഇസ്രയേൽ ആക്രമണം; വിപണിയിൽ കൂട്ടത്തകർച്ച, നിക്ഷേപകർക്ക് ലക്ഷം കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പാടമായ ഇറാന്റെ സൗത്ത് പാഴ്സിന് നേരെ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണമാണ് ആഗോള വിപണികളെ പിടിച്ചുലച്ചത്.
വാർത്ത പുറത്തുവന്നതോടെ സെൻസെക്സ് 1500 പോയിന്റിലധികം താഴേക്ക് പോയി. നിഫ്റ്റി 23,200 നിലവാരത്തിന് താഴെയെത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന ഇടിവ് ഇതോടെ കൂടുതൽ രൂക്ഷമായി. മാർച്ചിൽ മാത്രം ഇന്ത്യൻ വിപണിയിൽ നിന്ന് നിക്ഷേപകർക്ക് 34 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ.
ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മേഖലയിൽ സംഘർഷം പുകയുന്നത് രാജ്യത്തെ പണപ്പെരുപ്പത്തെയും സാമ്പത്തിക സ്ഥിതിയെയും ബാധിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകർ. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും വാതകപ്പാടത്തിന് നേരെയുള്ള ആക്രമണവും കാരണം ബ്രെന്റ് ക്രൂഡ് വില ബാരലിന് 110 ഡോളറിന് മുകളിലെത്തി.
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയായ 92 കടന്നു. ഇത് ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കും. മാർച്ചിൽ ഇതുവരെ 52,000 കോടിയിലധികം രൂപയാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. ബാങ്കിംഗ്, ഓട്ടോമൊബൈൽ, ഐടി മേഖലകളിലെ ഓഹരികളാണ് ഏറ്റവും കൂടുതൽ തകർച്ച നേരിട്ടത്.
ഇറാൻ പങ്കിടുന്ന സൗത്ത് പാഴ്സ് വാതകപ്പാടം ലോകത്തെ എൽഎൻജി വിതരണത്തിന്റെ നട്ടെല്ലാണ്. ഇവിടെയുണ്ടായ ആക്രമണം ഖത്തർ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെയും പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് ഖത്തറിൽ ഇറാൻ ആക്രമണം നടത്തിയതോടെ എണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യൻ വിപണിയിൽ വരും ദിവസങ്ങളിലും അനിശ്ചിതത്വം സൃഷ്ടിക്കും.










0 comments