ഉണർവോടെ തുടക്കം; ഒടുവിൽ ഡോളറിന് മുന്നിൽ കാലിടറി രൂപ

പ്രതീകാത്മക എഐ ചിത്രം
മുംബൈ : ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ് 94.54 എന്ന നിലവാരത്തിലെത്തി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവും വിദേശ നിക്ഷേപത്തിന്റെ വരവും വിപണിയെ ഒരു പരിധി വരെ സ്ഥിരതയോടെ നിർത്താൻ സഹായിച്ചു. എങ്കിലും യുഎസും ഇറാനും തമ്മിൽ വീണ്ടും ഉടലെടുത്ത സംഘർഷങ്ങൾ നിക്ഷേപകരെ ആശങ്കയിലാക്കിയതോടെയാണ് രൂപക്ക് തുടക്കത്തിലുണ്ടായിരുന്ന നേട്ടം നഷ്ടമായത്.
ക്രൂഡ് ഓയിൽ വില അനുകൂലമായി തുടർന്നതും വിദേശ നിക്ഷേപത്തിന്റെ വരവ് മെച്ചപ്പെട്ടതും കാരണം വിപണിയുടെ തുടക്കത്തിൽ രൂപ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ 94.36 എന്ന നിലവാരത്തിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. തുടർന്ന് കരുത്താർജ്ജിച്ചു. പിന്നീട് വ്യാപാര ദിവസത്തിൽ 94.25 എന്ന ഉയർന്ന നിരക്കും 94.56 എന്ന താഴ്ന്ന നിരക്കും രേഖപ്പെടുത്തി.
തിങ്കളാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിരക്കിൽ നിന്നും 9 പൈസയുടെ ഇടിവോടെ ഡോളറിനെതിരെ 94.54 എന്ന നിലവാരത്തിലാണ് രൂപയുടെ മൂല്യം രേഖപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച ഡോളറിനെതിരെ 94.45 എന്ന നിലവാരത്തിലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്.
മൊഹറം പ്രമാണിച്ച് വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി, കറൻസി, കമ്മോഡിറ്റി വിപണികൾക്ക് അവധിയായിരുന്നു.











0 comments