ad
Deshabhimani

'സാർ, കുട്ടനാടിന് അവധി.... നോക്കിയിരുന്നോ ഇപ്പോ തരാം'; വള്ളംകളിക്കിടെ മുഖ്യമന്ത്രിയെ പരിഹസിച്ച് ഫ്ളക്സുമായി കുട്ടനാട്ടുകാർ

Flex Boards against v d satheesan During Champakulam Boat Race

ചമ്പക്കുളം മൂലം വള്ളംകളിക്കിടയിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഉയർത്തിയ ഫ്ലക്സ് | ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ

വെബ് ഡെസ്ക്

Published on Jun 29, 2026, 05:44 PM | 1 min read

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്കിടയിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫ്ലക്സുമായി കുട്ടനാട്ടുകാരുടെ പ്രതിഷേധം. വള്ളംകളിക്ക് പ്രാദേശിക അവധി അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ അവഹേളന നിലപാടിനെതിരെയായിരുന്നു പ്രതിഷേധം അരങ്ങേറിയത്. 'സാർ, കുട്ടനാടിന് അവധി.... നോക്കിയിരുന്നോ ഇപ്പോ തരാം'- എന്ന വാചകങ്ങളുള്ള ഫ്ലക്സുകളുകൾ വള്ളത്തിൽനിന്ന് പ്രതിഷേധക്കാർ ഉയർത്തി.


വള്ളംകളിദിവസം അവധി അനുവദിക്കണമെന്ന കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ ആവശ്യത്തോട് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രതികരണമാണ് വിവാദങ്ങൾക്കിടയായത്. കുട്ടനാട് താലൂക്കിന്‌ അവധി നൽകണമെന്നായിരുന്നു എംഎൽഎ സബ്‌മിഷനായി ഉന്നയിച്ചത്‌. പരിശോധിച്ച്‌ തീരുമാനം എടുക്കാമെന്ന്‌ സതീശൻ മറുപടി നൽകി പറഞ്ഞു. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ സതീശൻ അടുത്തിരുന്ന മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ നോക്കി ഒരു കാരണവശാലും കൊടുക്കില്ല എന്ന് പറയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. എന്നാൽ മുഖ്യമന്ത്രി പിന്നീട് വിശദീകരണത്തിന് തയ്യാറായിട്ടുമില്ല.


Flex Boards against v d satheesan During Champakulam Boat Raceചമ്പക്കുളം മൂലം വള്ളംകളിക്കിടയിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഉയർത്തിയ ഫ്ലക്സ് ബോർഡുകളിലൊന്ന് | ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ


മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലവും വഹിച്ചുകൊണ്ടുള്ള വള്ളം തുഴഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മൂലം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ ഈ പ്രതിഷേധങ്ങളെയെല്ലാം അവ​ഗണിച്ച് ഇന്ന് കുട്ടനാട്ടിൽ സർക്കാർ പ്രദേശിക അവധി അനുവദിച്ചില്ല.


സംസ്ഥാനത്തെ ജലോത്സവ സീസണിന് ഔപചാരിക തുടക്കം കുറിച്ചുകൊണ്ടാണ് ചമ്പക്കുളം മൂലം വള്ളംകളി തിങ്കൾ വൈകുന്നേരം മൂന്ന് മണിയോടെ പമ്പാനദിയിൽ ആരംഭിച്ചത്. വള്ളംകളി പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രാജപ്രമുഖൻ ട്രോഫിക്കായുള്ള പോരാട്ടത്തിൽ ഇത്തവണ ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഓളപ്പരപ്പിൽ മാറ്റുരയ്ക്കുന്നത്. സീസണിലെ ആദ്യ വള്ളംകളിയായതിനാൽ തന്നെ ആവേശകരമായ പോരാട്ടത്തിനാണ് പമ്പാനദി സാക്ഷ്യം വഹിക്കാൻ പോകുന്നത്.


ചുണ്ടൻ വള്ളങ്ങൾക്ക് പുറമേ വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വള്ളങ്ങളും മത്സരത്തിനുണ്ട്. മിഥുനമാസത്തിലെ മൂലം നാളിൽ ചമ്പക്കുളം പമ്പയാറ്റിൽ അരങ്ങേറുന്ന ഈ ജലോത്സവം കേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വള്ളംകളികളിലൊന്നാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home