Deshabhimani

ട്രംപിന്റെ പതനത്തിൽ ഊര്‍ജം വീണ്ടെടുത്ത് വിപണി

അസംസ്കൃത എണ്ണ വിപണിയിൽ ആശ്വാസം, ഓഹരി വിപണിയിൽ കുതിപ്പ്, രൂപയ്ക്കും നേട്ടം

nifty
വെബ് ഡെസ്ക്

Published on Nov 05, 2026, 02:01 PM | 2 min read

ന്യൂഡൽഹി: ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ഇതിന് പിന്നാലെ രാജ്യത്തെ ഓഹരി വിപണിയിൽ കുതിപ്പ് രേഖപ്പെടുത്തി.

ബെഞ്ച്മാർക്ക് സൂചികകളായ നിഫ്റ്റിയും സെൻസെക്സും മൂന്ന് മാസത്തെ ഉയർന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. ഉച്ചയ്ക്ക് 11.57-ഓടെ നിഫ്റ്റി 50 സൂചിക 440 പോയിന്റ് (1.8%) ഉയർന്ന് 24,400 ലും, സെൻസെക്സ് 1,544 പോയിന്റ് (2%) ഉയർന്ന് 78,845 ലുമെത്തി.


യു എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടി എണ്ണ വിപണിയിൽ അനുകൂല ചലങ്ങൾ ഉണ്ടാക്കി. ഇതിനെ തുടർന്ന് ആഗോളവിപണിയിൽ അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഓയിൽ വില 9 ശതമാനം ഇടിഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് എണ്ണവില താഴേക്ക് പതിക്കുന്നത്. ബാരലിന് 93.82 ഡോളറിലേക്കാണ് ബ്രെന്റ് ക്രൂഡ് വില താഴ്ന്നത്.


എണ്ണവിലയിലെ ഇടിവിനൊപ്പം ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ യാത്രാ ഇളവ് നൽകിയതും വിപണിക്ക് വലിയ ആശ്വാസമായി. ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളുടെ ടാങ്കറുകൾക്ക് നിയന്ത്രണങ്ങളില്ലാതെ കടന്നുപോകാമെന്ന് ഇറാൻ പാർലമെന്റിന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി വൈസ് ചെയർമാൻ അഹമ്മദ് ഹയാത്-മൊഗദ്ദം വ്യക്തമാക്കി.


ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ നിലനിന്നതിനെ തുടർന്ന് സമ്മർദ്ദത്തിലായിരുന്ന ഇന്ത്യൻ രൂപ വ്യാഴാഴ്ച ശക്തമായ തിരിച്ചുവരവ് നടത്തി. വിദേശ വിപണിയിൽ ഡോളർ ദുർബലമായതും ഓഹരി വിപണിയിലെ മുന്നേറ്റവും രൂപയ്ക്ക് കരുത്തായി. ഡോളറിനെതിരെ ഒടുവിൽ 94.38 എന്ന നിരക്കിലാണ് രൂപ വ്യാപാരം നടത്തുന്നത് (0.15% വർധനവ്). മേയിൽ രേഖപ്പെടുത്തിയ എക്കാലത്തെയും താഴ്ന്ന നിരക്കായ 96.96-ൽ നിന്നാണ് രൂപയുടെ ഈ വീണ്ടെടുപ്പ്.


യു എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേടിയ വൻ വിജയത്തെ തുടർന്ന് ഡോളർ ഇൻഡെക്സ് ഒരു മാസത്തെ താഴ്ന്ന നിരക്കിലേക്ക് വീണു. ഡോളർ ദുർബലമാകുമ്പോൾ (Dollar Index ഇടിയുമ്പോൾ), ആഗോള നിക്ഷേപകർ അമേരിക്കൻ വിപണിയിൽ നിന്ന് ഫണ്ട് മാറ്റി വളർന്നുവരുന്ന ഏഷ്യൻ വിപണികളിലേക്ക് നിക്ഷേപിക്കാറുണ്ട്. ഇതാണ് ആശ്വാസം പകര്‍ന്നത്. ദക്ഷിണ കൊറിയ,താവ് വാൻ തുടങ്ങിയ രാജ്യങ്ങൾക്കും ഇത് ആശ്വാസമായി. മാറിയ സാഹചര്യത്തിൽ പ്രതിസന്ധി നേരിടാൻ അമേരിക്കൻ ഫെഡറൽ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമോ എന്ന ആകാംക്ഷയും നിലനിൽക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home