Deshabhimani

ദീപാവലിക്ക് ജയ്പുരിൽ തരംഗമായി 'ത്യോഹാർ അഷ്റഫി'; ഒരു കഷണത്തിന് 1,111 രൂപ

Tyohar Ashrafi
വെബ് ഡെസ്ക്

Published on Nov 05, 2026, 02:34 PM | 2 min read

ജയ്പുർ : കാഴ്ചയിൽ സ്വർണനാണയം, വില കേട്ടാൽ ശരിക്കും സ്വർണം വാങ്ങുകയാണോ എന്ന് തോന്നുകയും ചെയ്യും. ജയ്പൂരിലെ ദീപാവലി വിപണിയിൽ ഇത്തവണ താരം സ്വർണനാണയത്തിന്റെ രൂപത്തിലുള്ള മധുരപലഹാരമായ 'ത്യോഹാർ അഷ്റഫി'യാണ്. രാജസ്ഥാനിലെ ജയ്പുരിലെ ത്യോഹാർ എന്ന മധുരപലഹാരക്കടയാണ് ഇത് പുറത്തിറക്കിയത്. 'ത്യോഹാർ അഷർഫി'യുടെ ഒമ്പത് ഗ്രാം വരുന്ന ഒരു കഷ്ണത്തിന് വില 1,111 രൂപയാണ്. ഒരു കിലോയ്ക്ക് ഏകദേശം 1.23 ലക്ഷം രൂപ വരെയാകും.


പണ്ടു കാലത്ത് ആദരസൂചകമായും സമ്മാനമായും നൽകിയിരുന്ന സ്വർണ നാണയങ്ങളായ അഷ്റഫിയിൽ നിന്നാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. ത്യോഹാറിന്റെ സ്ഥാപക അഞ്ജലി ജെയിൻ തന്നെയാണ് ഈ ആശയത്തിനു പിന്നിൽ.


ബദാം ഉപയോഗിച്ച് തയ്യാറാക്കുന്ന പലഹാരത്തിന്റെ ഉൾഭാഗത്ത് എഡിബിൾ ​ഗോൾഡ് അഥവാ സ്വർണഭസ്മം ചേർക്കുന്നു. പുറത്ത് സ്വർണത്തിന്റെ ഫോയിൽ പേപ്പറും കുങ്കുമപ്പൂവും ഉപയോഗിച്ചാണ് അലങ്കരിച്ചിരിക്കുന്നത്. സ്വർണനാണയത്തിന്റെ രൂപത്തിലാണ് അഷ്റഫി തയ്യാറാക്കിയിരിക്കുന്നത്. ഒമ്പത് കഷ്ണങ്ങളടങ്ങിയ ഒരു പെട്ടിക്ക് 9999 രൂപ നൽകണം. ദീപാവലിക്ക് ആഡംബര സമ്മാനം നൽകാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് 'ത്യോഹാർ അഷ്റഫി' വിപണിയിലിറക്കിയത്.


അഷ്റഫിക്ക് പുറമെ 'ത്യോഹാർ നവരത്ന' എന്ന പേരിൽ ഒമ്പത് വ്യത്യസ്ത രുചികളിലുള്ള കാജു കട്ലിയുടെ ഒരു ബോക്സും പുറത്തിറക്കിയിട്ടുണ്ട്. പരമ്പരാഗത രത്നങ്ങളുടെ നിറങ്ങളും, രൂപങ്ങളുടെയും മാതൃകയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.


പിസ്ത ഉപയോഗിച്ചുള്ള പച്ചനിറത്തിലുള്ള കാജു കട്ലി മരതകം, കുങ്കുമപ്പൂവിന്റെ രുചിയിലുള്ള മഞ്ഞനിറത്തിലുള്ളത് പുഷ്യരാഗം, റോസ് രുചിയിലുള്ളത് പവിഴം, സ്ട്രോബെറി രുചിയിലുള്ള ചുവന്ന കാജു കട്ലി മാണിക്യം എന്നിങ്ങനെയാണ് ത്യോഹാർ നവരത്നയിലുള്ളത്. ക്ലാസിക്, റോസ്, മാമ്പഴം, മാച്ച തുടങ്ങിയ രുചികളിലുമുണ്ട്. കൃത്രിമ നിറങ്ങൾക്കു പകരം പ്രകൃതിദത്ത നിറങ്ങളും രുചികളുമാണ് ഉപയോഗിക്കുന്നതെന്ന് അഞ്ജലി ജെയിൻ പറയുന്നു.


കഴിഞ്ഞ ദീപാവലിക്ക് ത്യോഹാർ അവതരിപ്പിച്ച 'സ്വർണപ്രസാദം' എന്ന മധുരപലഹാരവും ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു കിലോയ്ക്ക് 1.11 ലക്ഷം രൂപയായിരുന്നു വില. സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള വിലയേറിയ ചേരുവകൾ ഉപയോഗിച്ചുള്ള മധുരപലഹാരമാണ് 'സ്വർണപ്രസാദം'.


ദീപാവലിക്ക് സ്വർണവും വെള്ളിയും വാങ്ങുന്നതിനൊപ്പം മധുരപലഹാരങ്ങൾ സമ്മാനിക്കുന്നതും പതിവാണ്. അത്തരത്തിലൊന്നാണ് 'ത്യോഹാർ അഷ്റഫി'. സാധാരണക്കാർക്ക് വാങ്ങാൻ കഴിയാത്ത വിലയുള്ള ഈ മധുരപലഹാരം ഇത്തവണത്തെ ദീപാവലി വിപണിയിലെ കൗതുകക്കാഴ്ചകളിലൊന്നായി മാറുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home