Deshabhimani

കൂട്ടപ്പിരിച്ചുവിടലിന് പകരം പുതിയ ഓഫർ; മെറ്റയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു

metta
വെബ് ഡെസ്ക്

Published on Nov 05, 2026, 03:21 PM | 2 min read

ന്യൂഡൽഹി : എഐയുടെ കടന്നുവരവോടെ ലോകത്താകെ സാങ്കേതികമേഖല വൻ പ്രതിസന്ധി നേരിടുകയാണ്. ഇതിനിടെ ജീവനക്കാരോട് സ്വയം പിരിഞ്ഞുപോകാൻ നിർദേശിച്ച് മെറ്റ. മൈക്രോസോഫ്റ്റിനും ഗൂഗിളിനും പിന്നാലെയാണ് മെറ്റയും വൊളന്ററി എക്സിറ്റ് ഓഫർ (വിഇഒ) കൊണ്ടുവന്നിരിക്കുന്നത്. ഫ്രാൻസിലെ തിരഞ്ഞെടുത്ത ജീവനക്കാർക്കിടയിലാണ് പദ്ധതി ആദ്യം അവതരിപ്പിക്കുന്നത്. ഫ്രാൻസിലെ മെറ്റയുടെ സ്ഥാപനത്തിൽ നൂറോളം പേർ പദ്ധതിയുടെ ഭാ​ഗമായി പുറത്തുപോകേണ്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 300 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.


നവംബർ അഞ്ചിനകം പദ്ധതിയിൽ ചേരാൻ താല്പര്യമുള്ളവരോട് അപേക്ഷ സമർപ്പിക്കാൻ മെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതൊക്കെ തസ്തികകളിലുള്ള ജീവനക്കാരാണ് പദ്ധതിയിൽ ഉൾപ്പെടുന്നതെന്ന് വ്യക്തമല്ല. ഭാവിയിൽ ഫ്രാൻസിന് പുറത്തുള്ള മെറ്റയുടെ മറ്റ് സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കിയേക്കും. ലോകത്താകെ ഏകദേശം 66,000 ജീവനക്കാരാണ് മെറ്റയ്ക്കുള്ളത്.

ജീവനക്കാരെ കൂട്ടത്തോ പിരിച്ചുവിടാതെ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തി, സ്വമേധയാ പിരിഞ്ഞുപോകാനുള്ള അവസരം നൽകുകയാണെന്നാണ് കോർപ്പറേറ്റ് കമ്പനി ഇതിന് നൽകുന്ന വിശദീകരണം.


കമ്പനിയിൽ ജോലി ചെയ്ത ഓരോ വർഷത്തിനും രണ്ടര മാസത്തെ ശമ്പളത്തിന് തുല്യമായ തുക ജീവനക്കാർക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, പത്തുമാസത്തെ മൊബിലിറ്റി ലീവിനും അർഹതയുണ്ടാകും. ഈ കാലയളവിൽ മൊത്തം ശമ്പളത്തിന്റെ 80 ശതമാനമാണ് നൽകുക.


2023ൽ ഫ്രാൻസിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി മെറ്റ സമാനമായ നടപടിയുമായി രം​ഗത്തുവന്നിരുന്നു. അന്ന് 350 ജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തിൽനിന്ന് 88 പേർ പിരിഞ്ഞുപോകുമെന്നായിരുന്നു പ്രതീക്ഷ. എഐയുടെ സഹായത്തോടെ കുറഞ്ഞ ജീവനക്കാരെ കൊണ്ട് കൂടുതൽ ജോലി ചെയ്യിപ്പിക്കാമെന്നാണ് വൻകിട ടെക് കമ്പനികൾ ഉദ്ദേശിക്കുന്നത്. എഐയിൽ വലിയ നിക്ഷേപം നടത്തുന്നതിനൊപ്പം ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാണ് വൻകിട കമ്പനികൾ ശ്രമിക്കുന്നത്.


മെറ്റ ഏപ്രിലിൽ ഏകദേശം 8000 തസ്തികകൾ ഒഴിവാക്കുമെന്ന് മെറ്റ പ്രഖ്യാപിച്ചിരുന്നു. ആഗോള ജീവനക്കാരുടെ പത്തുശതമാനത്തോളം കുറക്കാനായിരുന്നു തീരുമാനം. വലിയ ടീമുകൾ സമയമെടുത്ത് ചെയ്യുന്ന പല ജോലികുളും ഇപ്പോൾ ഒരാൾക്ക് എഐയുടെ സഹായത്തോടെ പൂർത്തിയാക്കാമെന്ന് സക്കർബർഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.


മൈക്രോസോഫ്റ്റ് നേരത്തെ തന്നെ ഏകദേശം 60,000 ജീവനക്കാർക്ക് സ്വയം വിരമിക്കൽ ഓഫർ നൽകിയ വിവരം പുറത്തുവന്നിരുന്നു. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, കാനഡ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളിലുള്ള ജീവനക്കാർക്കായാണ് പദ്ധതി അവതരിപ്പിച്ചത്.


കാനഡ, ഫ്രാൻസ്, ജർമനി, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലെ ചില ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞുപോകാനുള്ള അവസരം ഗൂഗിളും മുന്നോട്ട്‌വച്ചിട്ടുണ്ട്. എഐ മേഖലയിലെ ചെലവുകൾ വർധിക്കുന്നതിനാൽ, കമ്പനിയുടെ പ്രവർത്തനച്ചെലവ് നിയന്ത്രിക്കാനാണ് ​ഗൂ​ഗിളിന്റെ നീക്കം.


എഐ സാങ്കേതികവിദ്യയുടെ വളർച്ച പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോഴും, സാങ്കേതികമേഖലയിൽ ജോലി ചെയ്യുന്നവരുടെ ഭാവിയെക്കുറിച്ച് ആശങ്ക വർധിക്കുകയാണ്. സാങ്കേതിക മേഖലയെ എഐ കൈയടക്കിയതോടെ ജീവനക്കാരുടെ എണ്ണം കുറച്ച്, പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് വൻകിട കോർപ്പറേറ്റ് കമ്പനികൾ മുന്നോട്ട്‌വച്ച പുതിയ മാർ​ഗത്തിലൊന്നാണ് തൊഴിലാളികൾക്ക് വൻ ഓഫറുകൾ നൽകി സ്വയം പിരിഞ്ഞുപോകാൻ ആവശ്യപ്പെടുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home