Deshabhimani

നെതന്യാഹു പക്ഷത്ത് ഇല്ലെന്ന് യുടിജെ

നിര്‍ണായക നിലപാടുമായ് അറബ് പാര്‍ടി: നെതന്യാഹുവിനെ പുറത്താക്കാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് തീബി

MK Ahmad Tibi Benjamin Netanyahu Knesset

അറബ് ജോയിൻ ലിസ്റ്റ് നേതാവ് അഹമ്മദ് തീബിയും നെതന്യാഹുവും ഇസ്രയേൽ പാര്‍ലമെന്റിൽ -ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Nov 05, 2026, 03:29 PM | 3 min read

ടെൽ അവീവ്: ഇസ്രയേലിൽ ചരിത്രപരമായ നിലപാട് പ്രഖ്യാപിച്ച് അറബ് ജോയിൻ ലിസ്റ്റ് നേതാവ് അഹമ്മദ് തീബി. നെതന്യാഹുവിനെ പുറത്താക്കാൻ ജൂതപാര്‍ടികളുമായി സഹകരിക്കാൻ തയാറാണെന്ന് വ്യക്തമാക്കി. . "ഈ ക്രിമിനൽ സര്‍ക്കാരിനെ പുറത്താക്കാൻ മുൻപ് ചെയ്യാത്ത കാര്യങ്ങൾ ചെയ്യാനും ഞങ്ങൾ തയ്യാറാണ്," എന്ന് അസോസിയേറ്റഡ് പ്രസ് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.


പതിറ്റാണ്ടുകളായി തുടരുന്ന പാര്‍ടി നയത്തിൽ നിന്നും വ്യതിചലിച്ചാണ് സഹകരണ പ്രഖ്യാപനം. ഇരു പാര്‍ടികൾക്കും ഒരു പോലെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് നിലപാട്. നെതന്യാഹുവിനെ പുറത്താക്കണമെങ്കിൽ പ്രതിപക്ഷത്തിന് അറബ് പാര്‍ടികളുടെ പിന്തുണ ആവശ്യമാണ്. ഭൂരിപക്ഷം ഉറപ്പാക്കാൻ മറ്റ് വഴികളില്ല.


ഇതിനിടെ നെതന്യാഹുവിന് തിരിച്ചടിയേകി അദ്ദേഹത്തിന്റെ പരമ്പരാഗത സഖ്യകക്ഷിയായ അൾട്രാ-ഓർത്തഡോക്സ് ഹരേദി പാർട്ടി 'യുണൈറ്റഡ് തോറ ജൂഡായിസം' നിലപാട് മാറ്റയിതും പ്രതീക്ഷയായിട്ടുണ്ട്. പ്രസിഡന്റ് ഐസക് ഹെർസോഗുമായി നടന്ന കൂടിയാലോചനകളിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് നിർദേശിക്കാതെ മാറിനിൽക്കാൻ UTJ തീരുമാനിച്ചിരിക്കയാണ്. അപ്പോഴും ഭൂരിപക്ഷം തികയ്ക്കാൻ ഒരു അറബ് പാര്‍ടി പിന്തുണ ആവശ്യമാവും.


പുറത്തു നിന്ന് പിന്തുണ


സർക്കാരിൽ ചേരാതെ പുറത്തു നിന്ന് പിന്തുണയ്ക്കാനാണ് അറബ് ജോയിൻ ലിസ്റ്റ് പാര്‍ടി തീരുമാനം. വിശ്വാസ വോട്ടെടുപ്പിൽ പിന്തുണയ്ക്കുക, അല്ലെങ്കിൽ വോട്ടെടുപ്പിൽ നിന്നു തന്നെ വിട്ടു നിൽക്കുക എന്ന നിലപാടാണ് വ്യക്തമാക്കിയത്. അറബ് പാര്‍ടികളിൽ ജോയിന്റ് ലിസ്റ്റിന് 11 സീറ്റുകളാണ് ഉള്ളത്. റാം അറബ് പാര്‍ടിക്ക് എട്ട് സീറ്റുകളും ഉണ്ട്. ജോയിന്റ് ലിസ്റ്റ് ഇതുവരെ ഒരു സര്‍ക്കാരിലും പങ്കാളിയാവുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ല. റാം പാര്‍ടി 2021 ൽ ഇസ്രയേൽ സര്‍ക്കാരിൽ പങ്കാളിയായിട്ടുണ്ട്. ജോയിന്റ് ലിസ്റ്റിനെ അപേക്ഷിച്ച് മിതവാദ നിലപാടുകൾ പുലര്‍ത്തുന്ന പാര്‍ടിയാണ് റാം പാര്‍ടി. ഇവര്‍ നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എങ്കിലും കേവല ഭൂരിപക്ഷത്തിന് ജോയിന്റ് ലിസ്റ്റ് കൂടി സഹായിക്കണം. നെതന്യാഹു പക്ഷത്ത് നിന്ന് യുടിജെ അടര്‍ന്നു മാറുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും ഐസൻകോട്ട് പക്ഷത്ത് വോട്ടാവുന്ന സാഹചര്യമല്ല. ഇവര്‍ക്ക് ഏഴ് സീറ്റാണുള്ളത്. നിര്‍ബന്ധിത സൈനിക സേവനത്തിൽ നിന്നും മതവിദ്യാര്‍ഥികളെ ഒഴിവാക്കണമെന്ന ആവശ്യം ഇരുപക്ഷവും അംഗീകരിക്കാത്തതാണ് അവരുടെ പ്രശ്നം.



120 അംഗ നെസറ്റിലെ സീറ്റ് നില


  • നെതന്യാഹു ഭരണസഖ്യം: 53 സീറ്റുകൾ

  • ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം: 48 സീറ്റുകൾ

  • ജോയിന്റ് ലിസ്റ്റ് (അറബ് സഖ്യം): 11 സീറ്റുകൾ

റാം (Ra'am - അറബ് പാർട്ടി): 8 സീറ്റുകൾ


"ബീബി അതോ തീബി?"

ഗാസയിലും ലെബനനിലും ഇസ്രായേൽ നടത്തുന്ന സൈനിക നടപടികളെ ശക്തിയായി എതിർക്കുന്ന പാര്‍ടിയാണ് ജോയിന്റ് ലിസ്റ്റ്. തങ്ങളുടെ പിന്തുണ പ്രതിപക്ഷം നിരസിക്കുകയാണെങ്കിൽ, ഇസ്രായേൽ എല്ലാ പൗരന്മാർക്കുമുള്ള ജനാധിപത്യ രാജ്യമല്ലെന്നും നേരെ മറിച്ച് ഒരു "വംശീയ രാഷ്ട്രം" (ethnocracy) മാത്രമാണെന്ന് തെളിയുമെന്ന് അഹമ്മദ് തീബി മുന്നറിയിപ്പ് നൽകി.


പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ട് ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അറബ് പാർട്ടികളുമായി സഹകരിക്കണമെങ്കിൽ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും അതിനെ നശിപ്പിക്കാൻ ആഹ്വാനം ചെയ്യണമെന്നും ഐസൻകോട്ട് നിബന്ധന വെച്ചിരുന്നു. ഇസ്രയേലിനെ ജൂത രാഷ്ട്രമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന മുന്നണി പാര്‍ടികളും ഇതിനിടയിൽ ഉണ്ട്. ജോയിന്റ് ലിസ്റ്റും റാമും, ഹമാസിനെ ഭീകര സംഘടനയായി മുദ്രകുത്തുന്നത് ഗാസയിലെ ആക്രമണങ്ങളെ ന്യായീകരിക്കുന്നതിന് തുല്യമാണെന്ന നിലപാടിലാണ്.


യുദ്ധം അവസാനിപ്പിക്കാനോ വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റം തടയാനോ ഈ പിന്തുണകൊണ്ട് സാധിക്കില്ലെന്ന് തീബി സമ്മതിക്കുന്നു. എങ്കിലും, നെതന്യാഹുവിനെ പുറത്താക്കുന്നതിലൂടെ അറബ് മേഖലകളിലെ രൂക്ഷമായ കുറ്റകൃത്യങ്ങളും ക്രമസമാധാന പ്രശ്നങ്ങളും പരിഹരിക്കാനും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്താനും സാധിക്കുമെന്നാണ് അദ്ദേഹം അഭിമുഖത്തിൽ പ്രതികരിച്ചത്.


2019 ലെ തെരഞ്ഞെടുപ്പിൽ ‍ബെഞ്ചമിൻ നെതന്യാഹു ഉയര്‍ത്തിയ ഒരു പ്രധാന മുദ്രാവാക്യം "ബീബി അതോ തീബി?" (Bibi or Tibi?) എന്നതായിരുന്നു. കടുത്ത വിദ്വേഷം ലക്ഷ്യമാക്കിയ ഈ വിവചനം ചൂണ്ടി കാട്ടി. ഇത്തവണ അറബ് വോട്ടർമാരുടെ ശക്തമായ പങ്കാളിത്തം രാഷ്ട്രീയത്തിന്റെ വഴിതന്നെ മാറ്റിമറിച്ചുവെന്ന് അഹമ്മദ് തീബി കൂട്ടിച്ചേർത്തു. ബീബി എന്ന് വിശേഷിപ്പിക്കുന്നത് നെതന്യാഹുവിനെയാണ്.


എന്നാൽ ഇപ്പോഴും ഗാദി ഐസൻകോട്ടിന്റെ മുന്നണിയിൽ പല പാര്‍ട്ടികളും കടുത്ത അറബ് പാര്‍ടി വിരുദ്ധത ഇപ്പോഴും തുടരുന്നു. ബീബിയുടെ കൂടെയും ഇല്ല തിബിയുടെ കൂടെയും ചേരില്ല എന്നാണ് തീവ്ര ജൂത നിലപാടുള്ള യിസ്രായേൽ ബെയ്തനു' (Yisrael Beytenu) പാർട്ടി അധ്യക്ഷൻ അവീഗ്ദോർ ലീബർമാൻ പ്രഖ്യാപിച്ചിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home