സ്വർണം വാങ്ങാൻ പണമിനിയും ചെലവാകും; ഹോൾമാർക്കിംഗ് ഫീസ് കുത്തനെ ഉയർത്തി

ന്യൂഡൽഹി : സ്വർണം വാങ്ങുന്നത് സാധാരണക്കാർക്ക് ബാധ്യതയായി മാറുന്ന പുതിയ തീരുമാനവുമായി കേന്ദ്ര സർക്കാർ. സ്വർണവില റെക്കോഡിൽ നില്ക്കുന്നിതിനിടെ ഹോൾമാർക്കിംഗ് നിരക്ക് കുത്തനെ വർധിപ്പിച്ചിരിക്കുകയാണ് ബിഐഎസ്. ഒരു ആഭരണത്തിന് ഇതുവരെ 45 രൂപയായിരുന്ന ഹോൾമാർക്കിംഗ് ഫീസ് 75 രൂപയായാണ് ഉയർത്തിയത്. 67 ശതമാനത്തിന് അടുത്താണ് വർധനവുണ്ടായിരിക്കുന്നത്. സെപ്റ്റംബർ 14 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. വിവാഹ സീസണായതു കൊണ്ടുതന്നെ സാധാരണക്കാരന്റെ സാരമായി ബാധിക്കുന്ന നടപടിയാണിത്.
ആഭരണങ്ങൾക്ക് മേലുള്ള ഹോൾമാർക്കിംഗ് ഫീസ് ജ്വല്ലറികളാണ് ബിഐഎസിന് നൽകേണ്ടതെങ്കിലും ഇത് പണിക്കൂലിയുടെ രൂപത്തിൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയേക്കും. ഓരോ ആഭരണത്തിനും പ്രത്യേകമായി ഹോൾമാർക്കിംഗ് ഫീസ് നൽകേണ്ടി വരുന്നതിനാൽ വാങ്ങുന്നവർക്ക് അത് വലിയ ബാധ്യതയായിരിക്കും. ആഭരണങ്ങളുടെ ഭാരം കണക്കിലെടുക്കാതെയാണ് ഓരോ ഇനത്തിനും ഹോൾമാർക്കിംഗ് നിരക്കുകൾ ഈടാക്കുന്നത്. അതായത് ഒരു ഗ്രാമുള്ള ആഭരണത്തിനും ഒരു പവൻ വരുന്ന ആഭരണങ്ങൾക്കും 75 രൂപ ഫീസ് ബാധകമാണ്. പണിക്കൂലിക്കും, ജിഎസ്ടിക്കും പുറമെ ഹോൾമാർക്കിംഗ് ഫീസ് കൂടി ചേരുമ്പോൾ ഒരു പവൻ അല്ലെങ്കിൽ ഒരു ആഭരണം വാങ്ങുന്നതിന് വലിയ തുക നൽകേണ്ടി വരും.
സ്വർണവില റെക്കോഡിൽ തുടരുന്ന സാഹചര്യത്തിൽ ഒറ്റയടിക്ക് ഹോൾമാർക്കിംഗ് ഫീസ് 67 ശതമാനം വർധിപ്പിച്ച നടപടി തീർത്തും അന്യായമാണെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ പ്രതികരിച്ചു. ഈ തീരുമാനത്തിൽ ഉടൻ തന്നെ മാറ്റം വരുത്തണമെന്നും കൗൺസിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
14K (585), 18K (750), 20K (833), 22K (916), 23K (958), 24KS (995) എന്നീ ആറ് ഗ്രേഡുകളിലുള്ള സ്വർണാഭരണങ്ങൾക്കാണ് ബിഐഎസ് ഹോൾമാർക്കിംഗ് അനുവദിക്കുന്നത്. ഒരു ആഭരണത്തിൻറെ പരിശുദ്ധ ഉറപ്പാക്കുന്നത് ബിഐഎസ് ഹോൾമാർക്കിലൂടെയാണ്. ബിഐഎസ് സ്റ്റാൻഡേർഡ് മാർക്ക്, ആറ് അക്ക ഹോൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ (എച്ച്യുഐഡി) നമ്പർ എന്നിവ ഒരു ആഭരണത്തിലുണ്ടാവും. സ്വർണാഭരണങ്ങൾ വാങ്ങുന്നവർ ഈ മാർക്കിംഗ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.









0 comments