ആകാശം കീഴടക്കാൻ 'ഫ്ലൈ 91'; 40 പുതിയ എടിആർ വിമാനങ്ങളെത്തും

ന്യൂഡൽഹി : വ്യോമഗതാഗത മേഖലയിൽ വൻ വികസനത്തിന് ഒരുങ്ങി ഫ്ലൈ91 കമ്പനി. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി 40 എടിആർ 72-600 ടർബോ പ്രോപ് മോഡൽ വിമാനങ്ങൾ വാങ്ങാൻ യൂറോപ്യൻ വിമാനനിർമാതാക്കളായ എടിആറുമായി കരാറിലെത്തി. ഏകദേശം 8,300 കോടി രൂപയുടെ കരാറിലാണ് ഒപ്പുവെച്ചത്. ഇന്ത്യയിലെ ഒരു വിമാനക്കമ്പനി എടിആറുമായി നടത്തുന്ന ഏറ്റവും വലിയ കരാറാണിത്. അടുത്ത 6 വർഷത്തിനുള്ളിൽ വിമാനങ്ങളുടെ എണ്ണം 60 ആയി ഉയർത്താനാണ് കമ്പനിയുടെ ലക്ഷ്യം. 72 പേരെ ഉൾക്കൊള്ളുന്ന വിമാനങ്ങളാണിത്.
മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 2024ലാണ് പ്രവർത്തനം ആരംഭിച്ചത്. അടുത്ത വർഷം അവസാനത്തോടെ ഓർഡർ ചെയ്ത വിമാനങ്ങൾ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് മുൻപായി എട്ട് വിമാനങ്ങൾ കൂടി പാട്ടത്തിനെടുക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. പുതിയ വിമാനങ്ങൾ ഉൾപ്പെടുത്തി വൻ നവീകരണത്തിനാണ് കമ്പനി ഒരുങ്ങുന്നത്.
കമ്പനി നിലവിൽ 6 എടിആർ വിമാനങ്ങൾ ഉപയോഗിച്ച് 12 നഗരങ്ങളിലേക്ക് 260 സർവീസുകളാണ് നടത്തുന്നത്. എയർബസും ലിയാനാർഡോയും സംയുക്തമായി പ്രവർത്തിക്കുന്ന കമ്പനിയായ എടിആർ നിലവിൽ 90ന് താഴെ സീറ്റുകളുള്ള വിമാനങ്ങളാണ് നിർമിക്കുന്നത്.
വലിയ വിമാനങ്ങൾക്ക് ഇറക്കാൻ കഴിയാത്ത വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്യാൻ കഴിയുന്ന ചെറിയ വിമാനങ്ങളാണ് എടിആർ 72-600. ചെറുനഗരങ്ങളെ ബന്ധിപ്പിക്കുന്ന ദൂരം കുറഞ്ഞ സർവീസുകൾക്കാണ് ഈ വിമാനങ്ങൾ ഉപയോഗിക്കുന്നത്.










0 comments