ഹോർമുസിൽ ആശങ്ക ഒഴിയുന്നില്ല; ആറാം ദിവസവും ക്രൂഡ് വില കുതിക്കുന്നു

മുംബൈ : ഇന്നും ആഗോളതലത്തിൽ അസംസ്കൃത എണ്ണവില ഉയർന്നു. യുഎസ് - ഇറാൻ സമാധാന കരാറിൽ അനിശ്ചിതത്വം തുടരുന്നതിനാലും, ഹോർമുസിൽ രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതിനാൽ വിതരണ തടസമുണ്ടാവുമെന്ന ആശങ്ക നിലനിൽക്കുന്നതിനാലുമാണ് ഇന്ന് ക്രൂഡ് വില കയറിയത്. തുടർച്ചയായ ആറാം ദിവസമാണ് ക്രൂഡ് ഓയിൽ വില ഉയരുന്നത്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 72 സെന്റ് അഥവാ 0.81 ശതമാനം ഉയർന്ന് ബാരലിന് 89.63 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയിൽ 71 സെന്റ് അഥവാ 0.85 ശതമാനം ഉയർന്ന് 83.91 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ഇരു ബെഞ്ച്മാർക്കുകളും ജൂലൈ 31ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് യുഎസും ഇറാനും സമാധാന കരാറിന് അടുത്തെത്തിയതായി പശ്ചിമേഷ്യൻ യുദ്ധത്തിന് മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്റെ പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഹോർമുസിലൂടെയുള്ള പുതിയ പാതയുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചതായും റിപ്പോർട്ട് ഉണ്ട്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാത്തതിനാൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഇനിയും ഉയരാനാണ് സാധ്യത.










0 comments