ക്രൂഡ് ഓയിൽ വില വീണ്ടും താഴേക്ക്,പെട്രോൾ ഡീസൽ വില ഉയര്‍ന്നു തന്നെ

ന്യൂഡല്‍ഹി: ലോക വിപണിയിൽ ക്രൂഡ് ഓയിൽ വിലയിടിവ് തുടരുന്നു. ആഗോള വിപണിയിലെ ദുർബല പ്രവണതകളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് മാസമായി ഈ പ്രവണത തുടരുന്നു. തിങ്കളാഴ്ച ഫ്യൂച്ചേഴ്സ് വ്യാപാരത്തില്‍ ബാരലിന് 33രൂപ കുറഞ്ഞ് 5,416രൂപ എന്ന നിലയിലാണ് വ്യാപാരം നടന്നത്. അപ്പോഴും രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ ഇതിന്റെ പ്രതിഫലനമില്ല. സാധാരണക്കാരെ ബാധിക്കുന്ന ചില്ലറ വില്പന വില ഉയര്‍ത്തി തന്നെ നിര്‍ത്തിയിരിക്കയാണ്.
കഴിഞ്ഞ രണ്ട് മാസങ്ങളായി അധികവിതരണവും ആവശ്യക്കുറവും കാരണം ലോക വിപണി സമ്മര്‍ദ്ദത്തിലാണ്. അന്താരാഷ്ട്ര തലത്തില്‍ ഒപെക് രാജ്യങ്ങളും,യുഎസ് ഉള്‍പ്പെടെയുള്ള ഇതര ഉത്പാദകരും ഉത്പാദനം ഉയര്‍ത്തിയതോടെ ആഗോള വിപണിയില്‍ ആവശ്യത്തിനേക്കാള്‍ കൂടുതലായി എണ്ണ ലഭ്യമാകുന്ന സ്ഥിതിയാണ്. ഇതോടെ സപ്ലൈ-ഡിമാന്‍ഡ് തുല്യത തകരുകയും വില താഴോട്ടുള്ള പ്രവണത ശക്തമാകുകയും ചെയ്തു.
യൂറോപ്പ്,ചൈന തുടങ്ങിയ പ്രധാന ഉപഭോക്തൃ മേഖലകളില്‍ ഇന്ധന ആവശ്യകത പ്രതീക്ഷിച്ച തോതില്‍ ഉയര്‍ന്നിട്ടില്ല. ഉത്പാദനത്തിന് ആനുപാതികമായി ആഗോള ക്രൂഡ് ഓയില്‍ സ്റ്റോക്കുകള്‍ തുടര്‍ച്ചയായി ഉയരുന്നതും വിലക്കുറവിന് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.
മധ്യപൂര്‍വേഷ്യയിലെ ജിയോപോളിറ്റിക്കല്‍ സംഘര്‍ഷങ്ങള്‍ ഇടയ്ക്ക് വിപണിയില്‍ അലയൊലികള്‍ സൃഷ്ടിച്ചെങ്കിലും കഴിഞ്ഞ രണ്ട് മാസത്തിനിടെ വന്‍ സപ്ലൈ തടസ്സങ്ങള്‍ ഉണ്ടായിട്ടില്ല.ഇതോടെ ജിയോപോളിറ്റിക്കല്‍ ഭീഷണികളേക്കാള്‍ വിപണി അടിസ്ഥാന ഘടകങ്ങളായ അധികവിതരണവു ആവശ്യകതയുടെ കുറവും തന്നെയാണ് നിലവില്‍ വിലയെ നിയന്ത്രിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇന്ത്യ വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാല്‍ വില കുറയുന്നത് ഇറക്കുമതി ചെലവും വിദേശനാണ്യ ചെലവും കുറയ്ക്കും.എന്നാൽ ഇത് സാധാരണ ജനങ്ങളിലേക്ക് എത്താതെ പിടിച്ച് നിര്‍ത്തുന്ന തന്ത്രമാണ്.പണപ്പെരുപ്പ സമ്മര്‍ദ്ദം കുറയ്ക്കാൻ എന്ന വിശദീകരണമാണ് ഏജൻസികൾ നടത്തുന്നത്.
നിലവിലെ സാഹചര്യങ്ങള്‍ തുടരുമ്പോ അടുത്ത കാലയളവിലും ക്രൂഡ് ഓയില്‍ വില വലിയ ഉയര്‍ച്ച കാണിക്കാനുള്ള സാധ്യത കുറവാണ്.എന്തെങ്കിലും അപ്രതീക്ഷിത ജിയോപോളിറ്റിക്കല്‍ സംഭവങ്ങള്‍ ഉണ്ടായാല്‍ മാത്രമേ വിപണിയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ ഉണ്ടാകാമെന്നും വിപണി വിദഗ്ധര്‍ പറയുന്നു.










0 comments