ക്രൂഡ് ഓയിൽ കുതിക്കുന്നു; ബ്രെന്റ് വില വീണ്ടും നൂറിന് മുകളിൽ

ദുബായ് : പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയിൽ ഇന്ന് ആഗോള എണ്ണവില വീണ്ടും ഉയർന്നു. ഹോർമുസ് കടലിടുക്കിലും ഗൾഫ് മേഖലയിലും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതാണ് വിപണിയിൽ ആശങ്ക ശക്തമാക്കിയത്. ഇന്ന് ഏഷ്യയിലെ വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 101.53 ഡോളറിലെത്തി. മുൻ ദിവസത്തേക്കാൾ 1.33 ഡോളറിന്റെ (1.33%) വർധനവാണുണ്ടായത്. അമേരിക്കൻ ഡബ്യൂടിഐ ക്രൂഡ് ഓയിൽ വില 1.11 ഡോളർ അഥവാ 1.26 ശതമാനം ഉയർന്ന് 89.39 ഡോളറിലെത്തി.
പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണവിതരണത്തിൽ തടസമുണ്ടാകുമെന്ന ആശങ്കയാണ് വില ഉയരാനുള്ള പ്രധാന കാരണം. പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് നേരെ ആക്രമണങ്ങളും ഭീഷണികളും വർധിച്ചതോടെ എണ്ണ കയറ്റുമതിയെ കുറിച്ച് വിപണി ആശങ്കയിലാണ്. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 5 വരെയുള്ള ഒരാഴ്ചയ്ക്കിടെ ഹോർമുസിന് സമീപം ടാങ്കറുകൾക്ക് നേരെ കുറഞ്ഞത് 12 ആക്രമണങ്ങളുണ്ടായതായാണ് വിവരം.
ആഗോളതലത്തിലെ എണ്ണ വിലക്കയറ്റം നിയന്ത്രിക്കാൻ അന്താരാഷ്ട്ര ഊർജ ഏജൻസി അടിയന്തര എണ്ണശേഖരത്തിൽനിന്നുള്ള വിതരണം വേഗത്തിലാക്കുമെന്ന് അറിയിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഡീസൽ വിതരണത്തിന് മുൻഗണന നൽകാനും തീരുമാനിച്ചിരുന്നു. ഈ തിരുമാനത്തെ തുടർന്ന് ബുധനാഴ്ച എണ്ണവില താഴ്ന്നിരുന്നു. എന്നാൽ പശ്ചിമേഷ്യയിലെ വിതരണ തടസത്തെക്കുറിച്ചുള്ള ആശങ്ക വീണ്ടും ശക്തമായതോടെ വില തിരിച്ചുകയറുകയായിരുന്നു.
പശ്ചിമേഷ്യയിലെ എണ്ണ കയറ്റുമതി സമീപകാലത്ത് വർധിച്ചിട്ടുണ്ടെങ്കിലും ഈ നില തുടരുമോ എന്നതിൽ വിപണിക്ക് ഉറപ്പില്ല. ഇതിനിടെ സെപ്റ്റംബർ അവസാന ആഴ്ചയിൽ എണ്ണ കയറ്റുമതി യുദ്ധത്തിന് മുമ്പുണ്ടായിരുന്ന ശരാശരി നിലവാരത്തിന് മുകളിലെത്തിയിരുന്നു. എന്നാൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നതിനാൽ വിതരണത്തിൽ അനിശ്ചിതത്വത്തിന് സാധ്യതയുണ്ട്.
സൗദി അറേബ്യ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ വഴിയുള്ള എണ്ണ വിതരണം പ്രതിദിനം 58 ലക്ഷം ബാരലായി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പശ്ചിമേഷ്യയിലെ വിവിധ സ്ഥാലങ്ങളിൽ നിന്ന് പ്രതിദിനം ഏകദേശം 1.2 കോടി ബാരൽ ക്രൂഡ് ഓയിലും 20 ലക്ഷം ബാരൽ ശുദ്ധീകരിച്ച ഇന്ധനങ്ങളും കയറ്റുമതി ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നതിനാൽ വിതരണത്തിലെ സ്ഥിരതയെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കുകയാണ്. ഇതിനിടെ ആഗോള എണ്ണ ശേഖരം കുറഞ്ഞതായും ലോകമാകെ ഇന്ധന പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നും സൗദി അരാംകോ മുന്നറിയിപ്പ് നൽകിയിരുന്നു. പഴയ നിലയിലേക്ക് എണ്ണ ശേഖരമെത്തുന്നതിന് ഏകദേശം രണ്ട് വർഷം സമയമെടുക്കുമെന്നും അറിയിച്ചിരുന്നു.
ആഗോലതലത്തിൽ ക്രൂഡ് വില ഉയരുന്നത് ഇന്ത്യയുൾപ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് സമ്മർദം വർധിപ്പിക്കും. ക്രൂഡ് വിലയ്ക്കൊപ്പം കപ്പൽ ഗതാഗതച്ചെലവും ഇൻഷുറൻസ് ചെലവും ഉയർന്നാൽ ഇറക്കുമതി ചെലവ് കൂടും. ഇത് പെട്രോൾ, ഡീസൽ വിലയിൽ സമ്മർദമുണ്ടാക്കാൻ സാധ്യതയുണ്ട്. അതേസമയം, ആഗോള എണ്ണവിലയിലെ മാറ്റം മാത്രം അടിസ്ഥാനമാക്കിയല്ല ഇന്ധനവില നിശ്ചയിക്കുന്നതെങ്കിലും ഈ പ്രതിസന്ധി ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങളെ സാരമായി ബാധിക്കും.









0 comments