വെയിലേറ്റ് വാടിയോ, സൺസ്ക്രീൻ കമ്പനികൾ നിയമ പോരാട്ടത്തിലേക്ക്

വേനൽ കടുത്തതിന് പിന്നാലെ സൺസ്ക്രീൻ നിർമാണ കമ്പനികളുടെ മത്സരം കോടതി കയറി. മാമ എർത്തിന്റെയും ദി ഡെർമ കമ്പനിയുടെയും മാതൃ കമ്പനിയായ ഹോണസ കൺസ്യൂമർ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
വെയിലേറ്റ് വാടുന്നത് ചെറുക്കുന്ന സൺ പ്രൊട്ടക്ഷൻ ഫാക്ടർ (SPF) അളവ് സംബന്ധിച്ച് പരസ്യങ്ങളിലൂടെ കളിയാക്കി എന്നതാണ് കേസ്. യൂണിലിവർ തങ്ങളുടെ ലാക്മെ ക്രീമിനെ കുറിച്ച് നൽകിയ പരസ്യത്തിൽ എസ്പിഎഫ് ലെവൽ 50 ആണെന്ന് സ്ഥാപിക്കാൻ വേണ്ടി ഹോണസയെ ഉദ്ദേശിച്ച് അവരുടെ 50 വെറും 20 മാത്രമാണ് എന്ന് പ്രചരിപ്പിച്ചതാണ് പുതിയ പ്രകോപനം.
അങ്ങനെ പറഞ്ഞത് ശരിയായില്ലെന്ന് പ്രാരംഭ വാദം കേൾക്കലിൽ ജസ്റ്റിസ് അമിത് ബൻസാൽ അഭിപ്രായപ്പെടുകയും ചെയ്തു.
മുൻനിര ഓൺലൈൻ വിൽപ്പനക്കാർ ഉൾപ്പെടെ നിരവധി ഡിജിറ്റൽ-ഫസ്റ്റ് ബ്രാൻഡുകൾ SPF 50 സംരക്ഷണം തെറ്റായി പരസ്യപ്പെടുത്തുകയും അതേ സമയം SPF 20 വരെ കുറഞ്ഞ അളവിൽ നൽകുന്ന ഉല്പന്നങ്ങൾ വിൽക്കുകയും ചെയ്യുന്നു എന്നാണ് യൂണിലിവർ പരസ്യത്തിലൂടെ പ്രചരിപ്പിച്ചത്. തങ്ങളുടെ ലാക്മെ സൺ എക്‌സ്‌പെർട്ട് SPF 50 തികച്ചും നൽകുന്നു എന്നാണ് പരസ്യത്തിലെ അവകാശവാദം.
സൺസ്‌ക്രീൻ ഫലപ്രാപ്തിയുടെ ഗോൾഡൻ മാനദണ്ഡമായി മനുഷ്യ പരീക്ഷണങ്ങൾ ഉൾപ്പെടുന്ന ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട രീതിയായ ഇൻ-വിവോ ടെസ്റ്റിംഗ് ലാക്‌മെ മറികടന്നതായും അവകാശപ്പെട്ടു.
എന്നാൽ ഹോണസ സഹസ്ഥാപകനായ ഗസൽ അലഗിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനെതിരെ രംഗത്ത് എത്തി. ദീർഘകാലമായി തങ്ങളുടെ SPF 50 സൺസ്‌ക്രീനുകൾക്കായുള്ള ഇൻ-വിവോ പരിശോധനയ്ക്ക് നേതൃത്വം നൽകുന്ന ദി ഡെർമ കമ്പനിയെ അന്യായമായി ലക്ഷ്യം വയ്ക്കുന്നതാണെന്ന് യൂണിലിവറിന്റെ പരസ്യം എന്ന് ആരോപിച്ചു.

സൗന്ദര്യ വ്യവസായം സൺസ്‌ക്രീൻ സംഘർഷം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ഗസൽ അലഗ് തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ, അതിവേഗം വിറ്റഴിക്കപ്പെടുന്ന തങ്ങളുടെ ഉല്പന്നങ്ങൾക്ക് വളരെക്കാലമായി "നല്ല മത്സരം ഇല്ല" എന്ന് യൂണിലിവറിനെ കൊച്ചാക്കി. "ഹേ ലക്‌മെ, ഒടുവിൽ SPF 50 ഇൻ-വിവോ പരിശോധനയ്ക്ക് വിധേയമാക്കിയതിന് അഭിനന്ദനങ്ങൾ. ദി ഡെർമ കമ്പനി സ്റ്റാൻഡേർഡിലേക്ക് സ്വാഗതം" എന്ന് എഴുതിയ ഒരു പ്രകോപനപരമായ ബിൽബോർഡും ഹോണസ ലക്‌മെ പരസ്യത്തിന് സമീപം സ്ഥാപിക്കാൻ തുടങ്ങി.
സോഷ്യൽ മീഡിയയിൽ തുടങ്ങിയ യുദ്ധം വഴിയോരങ്ങളിലേക്കും അവസാനം കോടതിയിലും എത്തി. പരസ്യം അധിക്ഷേപകരമാണെന്ന ജസ്റ്റിസ് ബൻസലിന്റെ പ്രാഥമിക നിരീക്ഷണം, കേസിന് മുകളിലുള്ള ശ്രദ്ധ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലെ എഫ്എംസിജി മേഖലയിലെ മത്സര പരസ്യങ്ങൾക്ക് ഒരു നിയന്ത്രണ മാതൃകയായി മാറിയേക്കുമോ എന്നാണ് ചർച്ചകൾ.
കൊക്ക കോളയും പെപ്സിയും, ഡെറ്റോളും വിം ഡിഷ് വാഷും തുടങ്ങി പലതലങ്ങളിലുള്ള ഇത്തരം ഉപഭോക്തൃ ഉല്പന്നങ്ങളുടെ പേരിൽ കളിയാക്കൽ പരസ്യങ്ങൾ തുടരുന്നുണ്ട്.










0 comments