കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന, കർണാടക, ഹിമാചൽ സംസ്ഥാനങ്ങൾ പിഎം ശ്രീ അംഗീകരിച്ച് എസ്‌എസ്‌എ ഫണ്ട് വാങ്ങിക്കൂട്ടുന്നു
പിഎം ശ്രീയിൽ കോൺഗ്രസിന് ഇരട്ടത്താപ്പ് ; എതിർപ്പ് കേരളത്തിൽമാത്രം

ന്യൂഡൽഹി
ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പിഎം ശ്രീ പദ്ധതിയും ദേശീയ വിദ്യാഭ്യാസ നയവും സന്പൂർണമായി നടപ്പാക്കിയിട്ടാണ് കേരളത്തിൽ കോൺഗ്രസിന്റെ എതിർപ്പ്. എസ്‌എസ്‌എ ഫണ്ട് കേരളത്തിന് കിട്ടരുതെന്ന ദുരുദ്ദേശ്യം മാത്രമാണിതിന് പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് ഇരട്ടത്താപ്പ്. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന, കർണാടക, ഹിമാചൽ സംസ്ഥാനങ്ങളാണ് പിഎംശ്രീ അംഗീകരിച്ച് എസ്‌എസ്‌എ ഫണ്ട് വാങ്ങിക്കൂട്ടുന്നത്.
എസ്‌എസ്‌എ ഫണ്ടിനായി പിഎംശ്രീ നടപ്പാക്കണമെന്ന നിബന്ധന ഒഴിവാക്കുമോയെന്ന് രാജ്യസഭയിൽ സിപിഐ എം രാജ്യസഭാനേതാവ് ജോൺ ബ്രിട്ടാസ് ചോദിച്ചപ്പോൾ, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പ്രതിരോധിച്ചത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ കൂട്ടുപിടിച്ചാണ്. രാഷ്ട്രീയ കാരണങ്ങളാൽ അല്ല എസ്‌എസ്‌എ ഫണ്ട് നൽകാത്തതെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഫണ്ട് വാങ്ങുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2022–23 മുതൽ വാങ്ങുന്ന ഫണ്ടിന്റെ വിശദാംശങ്ങളും മന്ത്രി പങ്കുവച്ചു.
കർണാടകത്തിന് 3076 കോടിയും ഹിമാചലിന് 1752 കോടിയും തെലങ്കാനയ്‌ക്ക് 3321 കോടിയുമാണ് 2022 മുതൽ ലഭിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലെയും സർക്കാർ സ്‌കൂളുകളിൽ പിഎംശ്രീ പദ്ധതി പൂർണതോതിൽ നടപ്പാക്കിയിട്ടുമുണ്ട്.
കേന്ദ്രത്തിന് കുടപിടിക്കുന്ന യുഡിഎഫ് ; കേരളത്തിനായി മിണ്ടില്ല
പാർലമെന്റിന്റെ ഇരുസഭകളിലും യുഡിഎഫ് എംപിമാർ ഉയർത്തിപ്പിടിക്കുന്നത് സംസ്ഥാനവിരുദ്ധ താൽപ്പര്യങ്ങൾ. നികുതി– പദ്ധതി വിഹിതവും ഫണ്ടുകളും വായ്‌പാപരിധിയുമെല്ലാം വെട്ടിക്കുറച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന മോദി സർക്കാരിന് കുടപിടിക്കുകയാണിവർ. നിലവിൽ സർവശിക്ഷാ അഭിയാൻ (എസ്‌എസ്‌എ) ഫണ്ട് അടക്കം കേരളത്തിന് ന്യായമായും കിട്ടേണ്ട സഹായങ്ങൾക്കും മാധ്യമങ്ങളെ കൂട്ടുപിടിച്ച് തടയിടുന്നു.
കെ റെയിൽ പദ്ധതി അട്ടിമറിക്കാനായി ലോക്‌സഭയിലും രാജ്യസഭയിലും യുഡിഎ-ഫ് എംപിമാർ നിരന്തരം ഇടപെട്ടു. കൊച്ചി മെട്രോയുടെ വികസന കാര്യങ്ങളിലും ഇടങ്കോലിട്ടു. ദേശീയപാത വികസനത്തിനുള്ള സംസ്ഥാന ശ്രമങ്ങളെ തടയാൻ ശ്രമിച്ചു. ഭൂമി ഏറ്റെടുക്കലിന്റെ പകുതിചെലവടക്കംവഹിച്ച് സംസ്ഥാന സർക്കാർ മുന്നോട്ടുപോയതോടെ നീക്കം പാളി. എൽഡിഎഫ് സർക്കാർ അധികാരത്തിലുള്ള ഒമ്പതര വർഷക്കാലം കേരളത്തിനായി യുഡിഎഫ-് എംപിമാർ പാർലമെന്റിൽ മിണ്ടിയിട്ടില്ല. തുടർച്ചയായി എയിംസ് നിഷേധിക്കുന്നതിൽ എൽഡിഎഫ് എംപിമാരും സംസ്ഥാന സർക്കാരും നിരന്തരം ശബ്‌ദിക്കുമ്പോൾ യുഡിഎഫ് എംപിമാർ കാഴ്‌ചക്കാരാകുന്നു.
2018ലെ പ്രളയഘട്ടത്തിലും മുണ്ടക്കൈ ദുരന്തത്തിലും കേരളം ആവശ്യപ്പെട്ട ദുരിതാശ്വാസ സഹായത്തിനുനേരെ കേന്ദ്രം മുഖംതിരിച്ചപ്പോൾ യുഡിഎഫ് ക്യാമ്പ് ആഹ്ലാദത്തിലായിരുന്നു. പ്രളയം സർക്കാരിന്റെ സൃഷ്ടിയാണെന്ന വ്യാജ പ്രചാരണംവരെ നടത്തി. കിഫ്‌ബി, ലൈഫ്‌മിഷൻ തുടങ്ങി അഭിമാനപദ്ധതികൾക്കെതിരെയും തിരിഞ്ഞു. കിഫ്‌ബി ഫണ്ട് സംസ്ഥാനത്തിന്റെ വായ്‌പാപരിധിയിലാക്കിയ കേന്ദ്രനടപടിയെയും പിന്താങ്ങി. കേരളം അതിദാരിദ്ര്യമുക്തമായപ്പോൾ അതിന്റെ പേരിൽ റേഷൻ വിഹിതം വെട്ടിക്കുറയ്‌ക്കാനാകുമോയെന്നാണ് നോക്കിയത്. ഇൗ ലക്ഷ്യത്തോടെയുള്ള ചോദ്യങ്ങൾ പാർലമെന്റിലടക്കം ഉന്നയിച്ചെങ്കിലും പഴയ നിലയിൽ തുടരുമെന്ന മറുപടി തിരിച്ചടിയായി.
യുഡിഎഫ് എംപിമാർക്ക് ബിജെപിയോട് മൃദുസമീപനം
മോദി സർക്കാരിന്റെ വർഗീയ നീക്കങ്ങളോട് യുഡിഎ-ഫ് എംപിമാർ സ്വീകരിക്കുന്നത് മൃദുസമീപനം. കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കൽ, പൗരത്വ ഭേദഗതി നിയമം, രാമക്ഷേത്ര നിർമാണം, പുതിയ പാർലമെന്റ് മന്ദിരത്തിലെ മതചടങ്ങുകൾ, മുത്തലാഖ് നിയമം, വഖഫ് ഭേദഗതി നിയമം, എൻഐഎ– യുഎപിഎ ഭേദഗതി ബില്ലുകൾ തുടങ്ങിയ സംഘപരിവാർ അജൻഡകളോട് കോൺഗ്രസ് എംപിമാർ സഹകരിക്കുകയോ മൗനംപാലിക്കുകയോ ചെയ്‌തു.
2017ലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാതെ മുസ്ലിംലീഗ് ബിജെപിയെ സഹായിച്ചു. വെങ്കയ്യ നായിഡു എൻഡിഎ സ്ഥാനാർഥിയും ഗോപാൽകൃഷ്‌ണ ഗാന്ധി പ്രതിപക്ഷസ്ഥാനാർഥിയുമായ തെരഞ്ഞെടുപ്പിൽ, ലീഗ് എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും പി വി അബ്‌ദുൾ വഹാബും വോട്ടുചെയ്‌തില്ല. 2018 ഡിസംബറിൽ മുത്തലാഖ് ബിൽ ലോക്‌സഭ പരിഗണിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി കേരളത്തിൽ കല്യാണാഘോഷ തിരക്കിലായിരുന്നു. 2019 ആഗസ്‌തിൽ ബിൽ രാജ്യസഭ പരിഗണിച്ചപ്പോൾ വഹാബും മുങ്ങി. ബിജെപി മന്ത്രിമാരായ വി മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും 2022 ഡിസംബറിൽ രാജ്യസഭയിൽ വഹാബ് പ്രശംസിച്ചു.
വഖ-ഫ് സ്വത്തുക്കൾ പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനോട് സമാനനിലപാടായിരുന്നു. പ്രിയങ്കാഗാന്ധി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. രാഹുൽഗാന്ധി ചർച്ചയിൽ പങ്കെടുത്തില്ല. ബില്ലിനെതിരായി സംസാരിക്കേണ്ടിയിരുന്ന കെ സുധാകരൻ സഭാധ്യക്ഷൻ പേരുവിളിച്ച സമയത്ത് ഒളിച്ചോടി. മൂന്നുവട്ടം പേരുവിളിച്ചിട്ടും സുധാകരൻ സഭയിൽ എത്തിയില്ല. പൗരത്വഭേദഗതി നിയമബില്ലിലും ഒളിച്ചുകളി തുടർന്നു.










0 comments