വന്യജീവി പ്രതിരോധം ; മുന്നിൽ കേരളം , മരണം കുറഞ്ഞു

Wildlife Protection act the kerala model
avatar
ബിമൽ പേരയം

Published on Dec 05, 2025, 03:02 AM | 2 min read

തിരുവനന്തപുരം

വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിലാണ്‌ കേരളം. കേന്ദ്രസർക്കാരിന്റെ കണക്കുപ്രകാരം 2019 മുതൽ 2023വരെ ആനയുടെയും കടുവയുടെയും ആക്രമണങ്ങളിൽ രാജ്യത്ത് 3076 പേരാണ് കൊല്ലപ്പെട്ടത്‌. കടുവയുടെ ആക്രമണത്തിൽ 349 പേർ മരിച്ചു. പകുതിയിലേറെ മരണവും ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലാണ്‌ – 200. ഉത്തർപ്രദേശാണ്‌ തൊട്ടുപിന്നിൽ – 59 . കേരളത്തിൽ ആറു മാത്രം. ഇ‍ൗ കാലയളവിൽ 2727 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ ബിജെപി ഭരിക്കുന്ന ഒഡിഷയിലാണ് കൂടുതൽ – 624. പിന്നാലെ ജാർഖണ്ഡ് – 474, പശ്ചിമബംഗാൾ – 436, അസം – 383 എന്നിവയുണ്ട്‌. കേരളത്തിൽ – 124.


​ 1972ലെ കേന്ദ്ര വനം–വന്യജീവി നിയമം തടസ്സമായിട്ടും മനുഷ്യ–വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്‌ മാതൃകാ പദ്ധതികൾ നടപ്പാക്കി. പാന്പുപിടിത്തത്തിന്‌ പ്രത്യേക മാർഗരേഖയും പരിശീലനവും ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യസംസ്ഥാനമായി. മനുഷ്യ–വന്യജീവിസംഘർഷം 2024ൽ സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. ഇതില‍ൂടെ ദുരന്തനിവാരണ അതോറിറ്റി ഫണ്ട്‌ ഇ‍ൗ മേഖലയിൽ അനുവദിക്കാനായി. 24 മണിക്കൂറും പ്രവർത്തനസജ്ജമായ ഫോറസ്‌റ്റ്‌ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ ആരംഭിച്ചു.


തമിഴ്‌നാട്‌, കർണാടക സംസ്ഥാനങ്ങളുമായി ചേർന്ന്‌ അന്തർ സംസ്ഥാന കോ–ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. 10 മിഷനുകൾക്ക്‌ രൂപം നൽകി. അടിയന്തരഘട്ടങ്ങൾ നേരിടാൻ കൂടുതൽ ദ്രുതകർമസേന. സോളാർവേലി, ആനക്കിടങ്ങ്‌, പ്രതിരോധ മതിൽ, തൂക്കുവേലി, ഇരുന്പുവേലി എന്നിവ നിർമിച്ചു.


വന്യജീവി സംരക്ഷണ (കേരള ഭേദഗതി) ബിൽ 2025 നിയമസഭ പാസാക്കി

കാടിറങ്ങുന്ന ഭീതി തടയാൻ ഇടപെടൽ

ജനവാസമേഖലയിലിറങ്ങി മനുഷ്യജീവന്‌ ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലണമെങ്കിൽ കടമ്പകളേറെയുണ്ട്‌. കേന്ദ്രത്തിൽ കോൺഗ്രസ്‌ ഭരണത്തിലിരിക്കെ കൊണ്ടുവന്ന വന്യജീവി സംരക്ഷണനിയമം മനുഷ്യപക്ഷത്ത്‌ നിൽക്കുന്നതല്ല. ഇതിൽ ഭേദഗതി വരുത്തണമെന്ന്‌ സംസ്ഥാനം നിരവധിതവണ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടെങ്കിലും അനങ്ങിയില്ല. വന്യജീവി ആക്രമണമുണ്ടാകുമ്പോൾ സംസ്ഥാന സർക്കാരിനെമാത്രം പ്രതിക്കൂട്ടിലാക്കുന്ന പ്രതിപക്ഷത്തിന്‌ നിയമഭേദഗതിയെന്ന ആവശ്യവുമില്ല. ഒടുവിൽ കേന്ദ്രനിയമം ആണെങ്കിലും സംസ്ഥാനത്തിന്‌ ഭേദഗതി കൊണ്ടുവരാമെന്ന നിയമാേപദേശം ലഭിച്ചു. വന്യജീവികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്ന വന്യജീവി സംരക്ഷണ (കേരള ഭേദഗതി) ബിൽ 2025 നിയമസഭ പാസാക്കി. കേന്ദ്രനിയമം ഭേദഗതി ചെയ്യുന്ന ആദ്യ സംസ്ഥാനമായി. ഇ‍ൗ ബില്ലും കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തുനിൽക്കുകയാണ്‌.


wild animal protection


പ്രതിരോധ വേലി

1051.53 കിലോമീറ്റർ സോളാർ വേലി, 120.37 കി.മീ സോളാർ തൂക്കുവേലി, 10 കി.മീ റെയിൽവേ വേലി, 69.07 കി.മീ ആനക്കിടങ്ങ്, കരിങ്കൽ ഭിത്തികൾ എന്നിവ നിർമിച്ചു. വന്യജീവികളുടെ സാന്നിധ്യം മുൻകൂട്ടി കണ്ടെത്താനും മുന്നറിയിപ്പ് നൽകാനും ‘ആനിമൽ ഇൻട്രൂഷൻ ഡിറ്റക്‌ഷൻ ആൻഡ് റിപ്പല്ലന്റ് സിസ്റ്റം' കൊണ്ടുവന്നു. നിരീക്ഷണത്തിന്‌ ഡ്രോൺ ക്യാമറകളും, റിയൽ ടൈം മോണിറ്ററിങ്‌ സംവിധാനങ്ങളും. വന്യജീവികളെ തിരികെ വനത്തിലേക്ക് അയക്കാൻ ദ്രുതപ്രതികരണ സേന.


നഷ്ടപരിഹാരം 10 ലക്ഷം

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ കുടുംബത്തിനുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയാക്കി. ചികിത്സാ സഹായമായി ലക്ഷം രൂപ വരെ നൽകുന്നു. അംഗവൈകല്യം സംഭവിക്കുന്നവർക്ക് 2.5 ലക്ഷം രൂപ വരെ. വിളനാശം ഉൾപ്പെടെയുള്ള നഷ്ടങ്ങൾക്കും നഷ്ടപരിഹാരമുണ്ട്‌. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന്‌ നടപടികൾ വിലയിരുത്തുന്നു. കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഉന്നതതല സമിതി രൂപീകരിച്ച് വന്യജീവി പ്രശ്നങ്ങൾ ഏകോപിപ്പിക്കുന്നു. ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽനിന്ന് 818 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.


animals









deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home