എരിവെയിലിലും ചിരിപ്പൂക്കൾ

പാലക്കാട് ആലത്തൂർ പഞ്ചായത്തിന്റെ പകൽവീട്ടിലെ അംഗങ്ങൾ സമീപത്തെ അങ്കണവാടിയിലെ കുട്ടികളുമായി ഒഴിവുസമയം ചെലവിടുന്നു / ഫോട്ടോ: ശരത് കൽപ്പാത്തി

അഖില ബാലകൃഷ്ണൻ
Published on Dec 05, 2025, 03:01 AM | 2 min read
വയോജനക്ഷേമത്തിലും രാജ്യത്ത് ഒന്നാമതാണ് കേരളം. സംസ്ഥാന വയോജന കമീഷൻ രൂപീകരിച്ചു. ആശ്വാസകിരണ്‍, അഭയകിരണ്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായം, കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി, സൗജന്യ മരുന്ന്, ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന വയോമധുരം, അമ്മമാര്‍ക്കു സ്നേഹസ്പര്‍ശം, 65 വയസ്സിനുമുകളിലുള്ളവര്‍ക്കു വയോമിത്രം, വാതില്‍പ്പടി സേവനം, വയോരക്ഷ, പാലിയേറ്റീവ് കെയര്‍ഗ്രിഡിലൂടെ വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍, ഗുരുതര രോഗമുള്ളവര്‍, അതിദരിദ്രര്‍ എന്നിവര്‍ക്ക് സഹായം തുടങ്ങി 35 സാമൂഹ്യക്ഷേമ പദ്ധതികളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്
പാലക്കാട്
‘എന്നിലെ എന്നെ കാണ്മൂ ഞാൻ നിന്നിൽ വിടർന്നൂ മരുഭൂവിൻ എരിവെയിലിലും പൂക്കൾ....’ ആലത്തൂരിൽ പകൽവീടിന്റെ മുറ്റത്ത് സുലൈമാൻ പാടുകയാണ്. ഒപ്പം ഉയരുന്നു കുഞ്ഞു കളിചിരികൾ. തൊട്ടടുത്ത അങ്കണവാടിയിലെ കുസൃതികളാണ് ചുറ്റിലും.
‘ശബ്ദത്തിന് വിറയലുണ്ട്, കാഴ്‌ച അത്ര പോരാ, ഇവിടെയെത്തുമ്പോൾ അതൊക്കെ മറക്കുമെന്ന്’ എൺപത്തിരണ്ടുകാരി വേശു.
പറഞ്ഞുതീരുംമുന്പേ എഴുപതുകാരി പാർവതിയെത്തി ‘ഞാനാ ഇവിടെ ആദ്യമെത്തിയത്. വീട്ടിൽ ആരൂല്ല, വല്ലാത്ത ഒറ്റപ്പെടലായിരുന്നു. ഇവിടെ ഇപ്പോൾ കൂട്ടുകാരുണ്ട്.’ അവർ പറഞ്ഞു. വീടുകളിൽ ഒറ്റപ്പെട്ടുപോയ ഇവരെപ്പോലെ 24 വയോജനങ്ങളാണ് ആലത്തൂർ പഞ്ചായത്തിനുകീഴിലെ പകൽവീട്ടിൽ കഴിയുന്നത്. ഇവർക്കായി പരിപാലകയുമുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ആഴ്‌ചയിൽ ആറുദിവസവും പ്രവർത്തിക്കും. നന്മ ചാരിറ്റബിൾ ട്രസ്റ്റിനാണ് മേൽനോട്ടച്ചുമതല.
കുട്ടികളുടെ കുസൃതികളും കൂട്ടിനുണ്ട്. പകൽസമയത്ത് വയോജനങ്ങളിൽ വിരസതയും ഏകാന്തതയും ഒഴിവാക്കി മാനസികോല്ലാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പകൽവീട് പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്താകെ 140 ലേറെ പകൽവീടുകളാണ് നിലവിലുള്ളത്.
പല്ല് പോയാൽ ഡബിള്‍ സ്ട്രോങ്
മുതിർന്ന പൗരന്മാർക്ക് സൗജന്യ പല്ല് സെറ്റ് നല്‍കുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് മന്ദഹാസം. പല്ലുകൾ നഷ്ടമായ ശേഷം പ്രായമായവർ നേരിടുന്ന പോഷകാഹാര, ശാരീരിക, മാനസിക പ്രശ്നങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം. 10,000 രൂപയാണ് അനുവദിക്കുന്നത്.

മന്ദഹാസം പദ്ധതിയിൽ പല്ല് കിട്ടിയ കുറവന്‍കോണം ടീച്ചേഴ്സ് ലെയിൻ കുടയേറ്റ് വീട്ടില്‍ അയ്യപ്പനും ഭാര്യ മീനാക്ഷിയും
തെരഞ്ഞെടുത്ത ഡെന്റൽ കോളജുകളിലും ട്രീറ്റ്മെന്റ് സെന്ററുകളിലും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള കൃത്രിമപ്പല്ലുകളും ലഭ്യമാക്കും. ബിപിഎൽ വിഭാഗത്തിൽപെട്ട മുതിർന്ന പൗരന്മാരാണ് ഗുണഭോക്താക്കള്‍. കേരളത്തിന്റെ മന്ദഹാസത്തെ പകർത്താൻ തമിഴ്നാട്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങൾ താൽപര്യം അറിയിച്ചു. ഇതേമാതൃകയില്‍ കുട്ടികള്‍ക്കായി പുന്നഗെെ എന്ന പേരില്‍ തമിഴ്നാട് പദ്ധതി ആരംഭിച്ചിട്ടുണ്ട്.








0 comments