print edition അകത്തേക്ക് ; പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ , മാനംകെട്ട് കോൺഗ്രസ് പുറത്താക്കി

തിരുവനന്തപുരം
യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിക്കുകയും ചെയ്‌ത കേസിൽ ഒളിവിൽ കഴിയുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രഥമദൃഷ്‌ട്യാ കുറ്റക്കാരനാണെന്ന് കോടതി. മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി തള്ളിയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിലയിരുത്തൽ. ഗൗരവമേറിയ ആരോപണങ്ങളും കുറ്റകൃത്യത്തിന്റെ ഗൗരവവും പരിഗണിക്കുമ്പോൾ മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
മുൻകൂർ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. മുൻകൂർ ജാമ്യം അസാധാരണ സന്ദർഭങ്ങളിൽ നൽകേണ്ട പ്രത്യേക അവകാശമാണ്. ഈ കേസിൽ അസാധാരണ സാഹചര്യം കാണുന്നില്ലെന്നും കോടതി വിലയിരുത്തി. കുറ്റകൃത്യങ്ങളെ ഉഭയസമ്മത പ്രകാരമുള്ള ശാരീരിക ബന്ധം എന്ന നിലയില്‍ ലഘൂകരിച്ച് കാണാനാവില്ല. ഗര്‍ഭഛിദ്രം യുവതി സ്വയം ചെയ്‌തതാണെന്നത് അംഗീകരിക്കാനാകില്ല. അതിജീവിത ഗര്‍ഭഛിദ്രത്തിന് നല്‍കിയത് ഭയരഹിതമായ സമ്മതം ആയിരുന്നില്ലെന്നും കോടതി വിലയിരുത്തി.
സ്വകാര്യതയെ ബാധിക്കുമെന്ന പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യം പരിഗണിച്ച് അടച്ചിട്ട മുറിയിലായിരുന്നു വാദം. അറസ്റ്റ് തടയണമെന്ന, രാഹുലിന്റെ രണ്ടാമത്തെ ഹർജിയും തള്ളിയിട്ടുണ്ട്.
നിർബന്ധിത ഗർഭഛിദ്രത്തിന് തെളിവുണ്ടെന്നും പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെളിവ് നശിപ്പിക്കാൻ കാരണമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പൊലീസ് റിപ്പോർട്ടിലും പ്രതിക്കെതിരെ ഗുരുതര പരാമർശങ്ങളുണ്ട്. ഗർഭഛിദ്രം നടത്തിയതിന്റെ മെഡിക്കൽ തെളിവും അതിജീവിതയ്‌ക്ക് അയച്ച മെസേജുകളുടെ പൂർണരൂപമടക്കമുള്ള ഡിജിറ്റൽ തെളിവുകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. ബലാത്സംഗത്തിനും തെളിവുണ്ട്. അതിജീവിത ഗർഭിണിയായിട്ടും ബലാത്സംഗത്തിനിരയാക്കി. നിർബന്ധിച്ച് അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് വിധേയയാക്കി. യുവതിയെ ക്രൂരമായി ഉപദ്രവിച്ചെന്നും കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിവിട്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതിനിടെ അവസാന നിമിഷം വരെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും കോടതി വിധി വന്നതോടെ ഗത്യന്തരമില്ലാതെ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പത്രക്കുറിപ്പിറക്കി. മുൻകൂർ ജാമ്യം ലഭിക്കുമെന്ന അവസാന പ്രതീക്ഷയും നഷ്‌ടപ്പെട്ടതോടെയാണ് പുറത്താക്കൽ.
കേരളത്തിന് പുറത്തുതാമസിക്കുന്ന 23കാരിയെ, വിവാഹവാഗ്‌ദാനം നൽകി ഹോംസ്റ്റേയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന പരാതിയും രേഖാമൂലം കോടതിയെ അറിയിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നതിൽ രണ്ടാമത്തെ കേസും നിർണായകമായെന്നാണ് വിവരം. പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ടി ഗീനാകുമാരി സർക്കാരിനുവേണ്ടി ഹാജരായത്. ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് രാഹുലിന്റെ നീക്കം.
അതിനിടെ പാലക്കാട്ടെ എംഎൽഎ ഓഫീസിലെ ജീവനക്കാരായ ആൽവിൻ, ഡ്രൈവർ ഫസൽ എന്നിവരെ അന്വേഷകസംഘം കസ്റ്റഡിയിലെടുത്തു.








0 comments