ad
Deshabhimani

മാറാനുറച്ച്‌ കണ്ണൂർ; പോരിനുമുമ്പേ കാലിടറി യുഡിഎഫ്

kannur

തകർന്നുവീഴാറായ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് കെട്ടിടം

avatar
എൻ കെ സുജിലേഷ്‌

Published on Dec 06, 2025, 02:46 AM | 1 min read

കണ്ണൂർ: കൈവശമുള്ള ഏക കോർപറേഷനിൽ ഭരണത്തിലേറിയപ്പോൾ തുടങ്ങിയ അടി ഇതുവരെ തീർന്നിട്ടില്ല യുഡിഎഫിൽ. കണ്ണൂർ നഗരത്തിന്റെ വികസനമുരടിപ്പും അഴിമതിയും നാട്ടിൽ ചർച്ചയായതോടെ യുഡിഎഫിന്‌ പോരിനുമുമ്പേ കാലിടറി. കോർപറേഷൻ ഭരണത്തിലെ കെടുകാര്യസ്ഥതയും അഴിമതിയും ജനങ്ങളിലെത്തിക്കാൻ എൽഡിഎഫിനായി. ഒപ്പം സംസ്ഥാന സർക്കാരിന്റെ ക്ഷേമ പദ്ധതികളും വികസനവും പ്രചാരണത്തിൽ ആത്മവിശ്വാസം വർധിപ്പിച്ചു.


കോർപറേഷൻ നിലവിൽവന്ന ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ സ്വതന്ത്രന്റെ പിന്തുണയോടെ എൽഡിഎഫാണ്‌ അധികാരത്തിലെത്തിയത്‌. നാലുവർഷത്തിനുശേഷം സ്വതന്ത്രൻ കാലുമാറിയതോടെ ഭരണം നഷ്ടപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചതുമുതൽ യുഡിഎഫിൽ തമ്മിലടിയാണ്‌. ഡിസിസി പ്രസിഡന്റടക്കം മൂന്നുപേർ അവകാശമുന്നയിച്ചതോടെ സ്വകാര്യമായി വോട്ടെടുപ്പ്‌ നടത്തിയാണ്‌ മേയറെ കണ്ടെത്തിയത്‌. രണ്ടര വർഷം കോൺഗ്രസിനും രണ്ടര വർഷം ലീഗിനുമെന്ന കരാർ അട്ടിമറിച്ചതിനെച്ചൊല്ലിയായി പിന്നെ തർക്കം. പ്രതിപക്ഷനേതാവിന്റെയടക്കം പരിപാടികൾ മുസ്ലിംലീഗ്‌ ബഹിഷ്‌കരിച്ചതോടെ സംസ്ഥാന നേതൃത്വം ഇടപെട്ട്‌ മേയർ സ്ഥാനം വാങ്ങിനൽകി. സ്ഥിരംസമിതി അധ്യക്ഷനും സ്വന്തം അംഗങ്ങളുമടക്കം വിമർശിക്കുന്ന നിലയിലെത്തി അവസാന നാളുകൾ.


പദ്ധതികളെല്ലാം വൻവെട്ടിപ്പുകൾക്ക്‌ ഉപയോഗിച്ചതിന്റെ തെളിവുകൾ പുറത്തുവന്നു. ചേലോറ ട്രഞ്ചിങ് ഗ്ര‍ൗണ്ടിലെ മാലിന്യനീക്കത്തിന്റെ മറവിൽ നടന്ന 1.77 കോടിയുടെ വെട്ടിപ്പ്‌ സിഎജി റിപ്പോർട്ടിലൂടെയാണ്‌ ലോകമറിഞ്ഞത്‌. പടന്നപ്പാലത്ത്‌ മലിനജല സംസ്കരണ പ്ലാന്റ്‌ നിർമാണത്തിലും വൻ ക്രമക്കേട്‌ തെളിഞ്ഞു. മഞ്ചപ്പാലത്തെ മലിനജല സംസ്‌കരണ പ്ലാന്റിനുള്ള ടെൻഡർ നടപടിതന്നെ അമൃത്‌ പദ്ധതിയുടെ സംസ്ഥാന ഹൈപവർ കമ്മിറ്റി റദ്ദാക്കി. 40 കോടിയുടെ പദ്ധതി 140 കോടിയുടേതാക്കിയതുൾപ്പെടെ നിരവധി ക്രമക്കേടുകൾ.


മറ്റ്‌ തദ്ദേശസ്ഥാപനങ്ങൾ വികസന മുന്നേറ്റത്തിന്‌ സാക്ഷിയായപ്പോൾ കോർപറേഷനിൽ യുഡിഎഫിന്‌ എടുത്തുപറയാനൊന്നുമില്ല. കൂട്ടത്തിലുള്ളവർതന്നെ 17 ഡിവിഷനിൽ എതിരായി മത്സരിക്കുന്നുമുണ്ട്‌. സ്ഥിരംസമിതി അധ്യക്ഷന്റെയും ക‍ൗൺസിലറുടെയും നേതൃത്വത്തിൽ ഐക്യജനാധിപത്യസംരക്ഷണ സമിതിയുണ്ടാക്കിയാണ്‌ 12 ഡിവിഷനിൽ മത്സരിക്കുന്നത്‌. അഞ്ചു സീറ്റിൽ കെട്ടിയിറക്കിയവർക്കെതിരെ പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെയും വിമതർ മത്സരിക്കുന്നു. കോൺഗ്രസ്‌–ലീഗ്‌ സീറ്റുതർക്കത്തിന്റെ അലയൊലി പ്രചാരണത്തിലും നിഴലിക്കുന്നു.


കക്ഷിനില

ആകെ: 55

•യുഡിഎഫ്‌: 35

•എൽഡിഎഫ്‌: 19

•ബിജെപി: 1





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home