ഇവിടത്തെ കാറ്റിന് ചൂട്

ഇടുക്കി ജലസംഭരണിയുടെ ഭാഗമായ അയ്യപ്പൻകോവിലിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ വള്ളത്തിൽ കയറ്റുന്ന പ്രവർത്തകർ / ഫോട്ടോ: ഷിബിൻ ചെറുകര
കെ ടി രാജീവ്
Published on Nov 28, 2025, 04:05 AM | 1 min read
ഇടുക്കി
തണുപ്പുകാലത്തും ഹൈറേഞ്ചിലും ലോറേഞ്ചിലും തെരഞ്ഞെടുപ്പിന്റെ ചൂടുകാറ്റ് വീശിയടിക്കുയാണ്. തോട്ടംതൊഴിലാളികളും കര്‍ഷകരുമടക്കം തിങ്ങിപ്പാര്‍ക്കുന്ന ജില്ല തദ്ദേശതെരഞ്ഞെടുപ്പിന്റെ ആവേശത്തിലമർന്നുകഴിഞ്ഞു. അതിവേഗം സ്ഥാനാർഥികളെ നിശ്ചയിച്ച് പ്രചാരണത്തിന് തുടക്കമിടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ജില്ലയുടെ വികസനക്കുതിപ്പും തദ്ദേശസ്ഥാപനങ്ങളിലെ ജനക്ഷേമ പ്രവർത്തനത്തനങ്ങളുമാണ് എൽഡിഎഫിന്റെ കരുത്ത്. പിടിച്ചെടുത്ത ജില്ലാപഞ്ചായത്ത് അടക്കം തദ്ദേശസ്ഥാപനങ്ങളിൽ ഭൂരിഭാഗവും എൽഡിഎഫിനൊപ്പമാണ്.
കലാപം കൊടുമ്പിരികൊണ്ടതിനാൽ നാമനിർദേശപത്രികാ സമർപ്പണത്തിന്റെ അവസാന ദിവസമാണ് യുഡിഎഫിന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായത്. ജില്ലാ ഡിവിഷനിലടക്കം വിമതർ നേതൃത്വത്തെ വെട്ടിലാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ രാജിയോ മറുകണ്ടംചാടലോ പരന്പരയായി. ലീഗിനെ അപ്പാടെ തഴഞ്ഞു. ജില്ലാഡിവിഷനുകൾ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പങ്കിട്ടെടുത്തു. കഴിഞ്ഞതവണ നൽകിയ സീറ്റുകൾ എടുത്ത് കോൺഗ്രസ് ചതിച്ചെന്ന നിലപാടിലാണ് ലീഗ് നേതാക്കൾ.
പ്രാദേശിക നേതാക്കളുടെ രാജി ലീഗിനെയും അലട്ടുന്നു. സ്ഥാനാർഥിനിർണയത്തിലെ അനൈക്യവും ഗ്രൂപ്പ് പോരുംകൊണ്ട് കോൺഗ്രസ്–യൂത്ത് കോൺഗ്രസ് നേതാക്കളും പാർടിവിടുന്നു. ചിലർ എൽഡിഎഫിലുമെത്തി. കൊലപാതക കേസിലെ പ്രതിയടക്കം സീറ്റ് നിർണയത്തിൽ സ്വാധീനിക്കുന്ന സ്ഥിതി കോൺഗ്രസിലുണ്ടായി. ഭൂപ്രശ്നങ്ങളിലടക്കം വാസ്തവവിരുദ്ധ പ്രചാരണങ്ങൾ നടത്തിയാണ് യുഡിഎഫ് മുതലെടുപ്പുരാഷ്‍ട്രീയത്തിന് മുതിര്‍ന്നത്. കുടിയിറക്കവും ഭൂപ്രശ്‍നങ്ങളും കർഷകദ്രോഹ ഭൂനിയമങ്ങളും കൊണ്ടുവന്നത് കോൺഗ്രസ് സർക്കാരുകളാണെന്ന ബോധ്യത്തിലേക്ക് ജനമെത്തുകയാണ്.
എണ്ണമറ്റ മാതൃകാപദ്ധതികൾ ആവിഷ്‍കരിച്ചാണ് എൽഡിഎഫ് നേതൃത്വത്തിലുള്ള തദ്ദേശസ്ഥാപനങ്ങൾ വികസനത്തിൽ കുതിച്ചത്. ജില്ലാപഞ്ചായത്തിൽ മാത്രം 169 കോടി രൂപയുടെ വികസനം നടപ്പാക്കി. 2392 കുടുംബങ്ങള്‍ക്ക് പുതുജീവിതം ഒരുങ്ങി. കെ ഫോണ്‍, കെ സ്‍മാര്‍ട്, ഹൈടെക് സ്‍കൂളുകള്‍, റോഡുകള്‍, പാലങ്ങള്‍, ആശുപത്രി കെട്ടിടങ്ങള്‍, ഇടുക്കി മെഡിക്കല്‍ കോളേജ് വികസനം, പട്ടയ വിതരണം, ഭൂപതിവ് നിയമഭേദഗതി, വന്യജീവി സംരക്ഷണ നിയമഭേദഗതി, ലൈഫ് തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവർത്തനങ്ങളാണ് തെരഞ്ഞെടുപ്പിൽ നിറയുന്നത്.









0 comments