print edition ചിറകും ആകാശവും

വയനാട് മേപ്പാടി പരൂർകുന്ന് ആദിവാസി പുനരധിവാസ കേന്ദ്രത്തിന്റെ ആകാശദൃശ്യം

മിൽജിത്ത് രവീന്ദ്രൻ
Published on Nov 28, 2025, 04:22 AM | 2 min read
അടിസ്ഥാനസൗകര്യവികസനത്തിലും ഇതര മേഖലകളിലും കേരളത്തിന്റെ നേട്ടം പട്ടികവിഭാഗങ്ങളുടെയും ഇതരപിന്നാക്ക സമൂഹങ്ങളുടെയും ജീവിതത്തിലുമുണ്ടായി എന്നതാണ് ഒന്പതാണ്ടിന്റെ അനുഭവം. പറന്നുയരാൻ ചിറകും, സ്വപ്‌നങ്ങൾ വിടർത്താൻ ആകാശവും സമ്മാനിച്ചൂ എൽഡിഎഫിന്റെ തുടർഭരണം. നുണപ്രചാരണങ്ങളുടെ കൊടുങ്കാറ്റിന് കെടുത്താനാകില്ല നിരാശകളുടെ മരവിപ്പിൽ അവർ കൊളുത്തിവച്ച വിളക്കിനെ. പ്രതീക്ഷയുടെ നിറവെളിച്ചം പകർന്ന് വിജയത്തിലേക്ക് പൊരുതിക്കയറാൻ താങ്ങും തണലുമായി ഒപ്പംനിന്ന സർക്കാരിനെ അവർ തൊട്ടറിയുന്നുണ്ട്...
തിരുവനന്തപുരം
പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ പഠനത്തിന് ഒന്നും രണ്ടും പിണറായി സർക്കാരുകൾ മുഖ്യ പരിഗണന നൽകി. പ്രീപ്രൈമറി മുതൽ പിഎച്ച്ഡിയും പൈലറ്റ് പരിശീലനവുംവരെ പഠിക്കാൻ പട്ടിക ജനവിഭാഗങ്ങൾക്ക് സർക്കാരിന്റെ പിന്തുണയുണ്ട്. നാലുലക്ഷം പട്ടികജാതി വിഭാഗക്കാർക്കും രണ്ടുലക്ഷം പട്ടികവർഗ വിഭാഗക്കാർക്കും എട്ടുലക്ഷം പിന്നാക്ക വിഭാഗക്കാർക്കുമായി 14 ലക്ഷം വിദ്യാർഥികൾക്കാണ് വിവിധ സ്‌കോളർഷിപ്പുകൾ നൽകുന്നത്. പത്തുവർഷം മുമ്പിത് ഏഴു ലക്ഷത്തിൽ താഴെയായിരുന്നു. 33 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലായി ആയിരക്കണക്കിന് വിദ്യാർഥികൾ താമസിച്ച് പഠിക്കുന്നു.
അതിദാരിദ്ര്യമുക്തം
രാജ്യത്ത് ആദ്യമായി അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറി. ഇതിൽ 12,771 പട്ടികജാതിക്കാരും 2915 പട്ടികവർഗക്കാരും ഉൾപ്പെടുന്നു.
സിവിൽ സർവീസ് സ്വപ്‌നമല്ല
‘ലക്ഷ്യ’ എന്ന പേരിലാണ് സിവിൽ സർവീസ് പരിശീലനത്തിന് പദ്ധതി ആവിഷ്‌കരിച്ചത്. രാജ്യത്തെ അംഗീകൃത കോച്ചിങ് സെന്ററുകളിൽ പരിശീലനത്തിന് അവസരം. കോഴ്‌സ് ഫീസ്, ബുക്ക് കിറ്റ് അലവൻസ്, ഹോസ്റ്റൽ ഫീസ്, സ്റ്റൈപ്പൻഡ് അടക്കം നൽകുന്നു.
2024ൽ ഒമ്പതുപേർ സിവിൽ സർവീസ് പരീക്ഷയുടെ പ്രിലിംസ് ജയിച്ചു. ലക്ഷ്യയിലൂടെ പഠിച്ച ശ്രീധന്യ സുരേഷ്, ജി കിരൺ, രവീൺ കെ മനോഹർ എന്നിവർ ഇപ്പോൾ സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ്.
വിദേശത്ത് 1104 വിദ്യാർഥികൾ
ഉന്നതി ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിവഴി പട്ടിക, പിന്നാക്ക വിഭാഗങ്ങളിലെ ആയിരത്തിലേറെ വിദ്യാർഥികൾക്ക് വിദേശത്ത് പഠനം സാധ്യമായി. പട്ടികവിഭാഗക്കാർക്ക് 25 ലക്ഷം രൂപ വരെയും പിന്നാക്കക്കാർക്ക് 10 ലക്ഷം രൂപവരെയുമാണ് സ്‌കോളർഷിപ്പ് നൽകുന്നത്. 2016 ലെ എൽഡിഎഫ് സർക്കാരാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതുവരെ 1104 വിദ്യാർഥികൾക്ക് പ്രയോജനം ലഭിച്ചു.
ലൈഫിൽ 1.69 ലക്ഷം വീടുകൾ
ലൈഫ് പദ്ധതിയിൽ പട്ടികജാതി/വർഗ കുടുംബങ്ങളുടെ 1.69 ലക്ഷം വീടുകൾ പൂർത്തിയാക്കി. ഇതിനു പുറമെ പട്ടികജാതി വികസന വകുപ്പ് 1.46 ലക്ഷം വീടുകൾ നിർമിച്ചു. ഇതിനു പുറമേ പട്ടികവർഗ പുനരധിവാസ വികസന മിഷൻ വഴി 1841 കുടുംബങ്ങൾക്കും വീട് നൽകി.
ഐശ്വര്യ ഗ്രാമം
എസ്‌സി നഗറുകളുടെയും നഗറുകള്‍ക്ക് പുറത്ത് അഞ്ചു മുതൽ 14 വരെ എസ്‌സി കുടുംബങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളുടെയും സമഗ്രവികസനത്തിന് ഐശ്വര്യഗ്രാമംപദ്ധതി ആവിഷ്‌കരിച്ചു. ഇൗവർഷം 20 കോടി രൂപയാണ് ജില്ലകൾക്കു നൽകുന്നത്.
■ 45,505 കുടുംബങ്ങൾക്ക് ഭൂമി
■ 79,114 ഭവനങ്ങൾ നവീകരിച്ചു
■ 1246 ഉന്നതികളില്‍ അംബേദ്കർ ഗ്രാമവികസന പദ്ധതി
■ സംരംഭകത്വ വികസനത്തിന് സ്റ്റാര്‍ട്ടപ് ഡ്രീംസ്
■ സംരംഭകര്‍ക്ക് 10 ലക്ഷം രൂപ വരെ അധികവായ്പ
■ 5000 പട്ടികവിഭാഗം പ്രൊഫഷണലുകള്‍ക്ക് ഇന്റേണ്‍ഷിപ്
■ 40,236 വീടുകളിൽ പഠനമുറി








0 comments