print edition ഞങ്ങൾ പറക്കാൻ പഠിക്കുകയാണ്

കെ എം ധന്യ
എസ് കിരൺബാബു
Published on Nov 28, 2025, 04:18 AM | 1 min read
തിരുവനന്തപുരം
"നിങ്ങൾ നന്നായി പഠിച്ചോളൂ, ബാക്കിയൊക്കെ ചെയ്യാനല്ലേ ഞങ്ങളിവിടെയുള്ളത്’– രണ്ടുവർഷം മുമ്പ് സെക്രട്ടറിയേറ്റിലെ ഓഫീസിൽ വച്ച് അന്നത്തെ മന്ത്രി കെ രാധാകൃഷ്ണന്റെ ഇൗ വാക്കുകൾ കേട്ടപ്പോൾ സന്തോഷത്താൽ അവരുടെ കണ്ണുനിറഞ്ഞു. ‘അതിരില്ലാത്ത ആകാശം സ്വപ്നംകാണാൻ പഠിപ്പിച്ചതും പറന്നുയരാൻ ചിറകുനൽകിയതും ഇൗ സർക്കാരാണ്. പൈലറ്റാകാനുള്ള മോഹത്തിന് ഭീമമായ ഫീസ് തടസ്സമായപ്പോൾ സംസ്ഥാന സർക്കാർ പഠനച്ചെലവ് മുഴുവൻ ഏറ്റെടുത്തു. ഇപ്പോൾ ഞങ്ങൾ പറക്കാൻ പഠിക്കുകയാണ്’– തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ ടെക്നോളജിയിലെ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് രണ്ടാം വർഷ വിദ്യാർഥിനികളായ കെ എം ധന്യയും ജെ എം ശിവലക്ഷ്മിയും പറയുന്നു.
സംസ്ഥാന സർക്കാരിന്റെ വിങ്സ് സ്കോളർഷിപ്പ് പദ്ധതി പ്രകാരം പഠിക്കുന്ന ആദിവാസി വിഭാഗത്തിൽനിന്നുള്ള ആദ്യ വിദ്യാർഥികളാണ് ഇരുവരും. രണ്ടുവർഷ കോഴ്സിന് ആകെ 33.20 ലക്ഷം രൂപയാണ് ഫീസ്. മുഴുവൻ വഹിക്കുന്നത് സർക്കാരാണ്.
കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് ധന്യ. നഗരസഭ ശുചീകരണത്തൊഴിലാളിയായ മഹേഷിന്റെയും ബിന്ദുവിന്റെയും മകൾ. തിരുവനന്തപുരം വിതുര സ്വദേശി മുരളീധരന്റെയും ജയലക്ഷ്മിയുടെയും മകളാണ് ശിവലക്ഷ്മി. പ്രതിവർഷം ആറു വിദ്യാർഥികൾക്കാണ് വിങ്സ് പദ്ധതി പ്രകാരം സ്കോളർഷിപ്പ് നൽകുന്നത്. ഒരാൾക്ക് 33 ലക്ഷം വരെ ലഭിക്കും. ഇതുവരെ അഞ്ചുപേരാണ് പഠിച്ചിറങ്ങിയത്. മൂന്നുപേർ പഠിക്കുന്നു.










0 comments