print edition ദിവപ്രിയക്ക് രണ്ട് പരീക്ഷ


അശ്വതി ജയശ്രീ
Published on Nov 28, 2025, 04:01 AM | 1 min read
പത്തനംതിട്ട
പരീക്ഷാച്ചൂടും പ്രചാരണച്ചൂടും ഒരുപോലെ അനുഭവിക്കുന്നതിന്റെ ടെൻഷനൊന്നുമില്ല ദിവപ്രിയക്ക്. രണ്ടും ‘ഹോംവർക്കി’ലൂടെ ജയിക്കാമെന്ന ആത്മവിശ്വാസമാണ് മുഖത്ത്. നവംബർ 16 ദിവപ്രിയക്ക് ഇരട്ടിമധുരമുള്ള ദിനമായിരുന്നു. 21-–ാം പിറന്നാളും തദ്ദേശ തെരഞ്ഞെടുപ്പിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് നന്നൂര്‍ ഡിവിഷനില്‍ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടതും അന്നായിരുന്നു. 20ന് പത്രിക നൽകി. ഇരുപത്തിയൊന്നുകാരി ബിടെക്ക് ഏഴാം സെമസ്റ്റർ പരീക്ഷയ്‌ക്കിടെയാണ് വോട്ടഭ്യർഥിക്കുന്നത്.
‘പരീക്ഷയ്ക്ക് പോകുമ്പോൾ നാട്ടിൽ പാർടിക്കാരുണ്ട് വോട്ടുചോദിക്കാൻ. പരീക്ഷയില്ലാത്ത ദിവസങ്ങളിൽ പൂർണസമയ പ്രചാരണത്തിലുണ്ട്. പഠനവും തെരഞ്ഞെടുപ്പും ഒരുപോലെ കൊണ്ടുപോകാനാണ് ശ്രമം. മത്സരിക്കാനുള്ള അവസരം യുവജനങ്ങൾക്കുള്ള അംഗീകാരമായാണ് കരുതുന്നത്’– ദിവപ്രിയ അനിൽ പറഞ്ഞു.
കോട്ടയം പാത്താംമുട്ടം സെന്റ് ഗിറ്റ്‌സ് എൻജിനിയറിങ് കോളേജിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻസ് നാലാംവർഷ വിദ്യാർഥിയാണ്. റിട്ട. അധ്യാപകൻ കെ എന്‍ അനില്‍കുമാറിന്റെയും ജി ബിന്ദുവിന്റെയും ഇളയമകളാണ്. സഹോദരി: ദേവപ്രിയ.









0 comments