print edition സൗരോർജക്കരുത്ത് ; മുമ്പേ പറക്കുന്നു സിയാൽ


ശ്രീരാജ് ഓണക്കൂർ [email protected]
Published on Dec 03, 2025, 02:14 AM | 1 min read
കൊച്ചി
ലോകത്തെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാൽ (കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) ഹരിതോർജ ഉൽപ്പാദനത്തിൽ ചരിത്രം സൃഷ്ടിക്കുന്നു. ഇതുവരെ 52 കോടി യൂണിറ്റ് ഹരിതോർജമാണ് സിയാൽ ഉൽപ്പാദിപ്പിച്ചത്. ഇതിൽ 46.5 കോടി യൂണിറ്റ് സൗരോർജത്തിൽനിന്നും ബാക്കി ചെറുകിട ജലവൈദ്യുതി പദ്ധതിയിൽനിന്നുമാണ്. ലോകത്തെ മറ്റ് വിമാനത്താവളങ്ങളും സ്ഥാപനങ്ങളും ‘സിയാൽ മോഡൽ’ പകർത്താൻ ഒരുങ്ങുകയാണ്.
കെഎസ്‌ഇബി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവുംവലിയ ഊർജ ഉൽപ്പാദകരാണ് സിയാൽ. വിമാനത്താവള പരിസരത്തുമാത്രം ഏഴ് സൗരോർജ പ്ലാന്റുകളുണ്ട്. കാർ പാർക്കിങ് സ്ലോട്ടുകൾക്കുമുകളിലും സോളാർ പാനലുകളുണ്ട്. 2022 മാർച്ച് ആറിന് പയ്യന്നൂർ ഏറ്റുകുടുക്കയിൽ 12 മെഗാവാട്ട് സൗരോർജനിലയംകൂടി ആരംഭിച്ചതോടെ സ്ഥാപിതശേഷി 50 മെഗാവാട്ടായി. ഇതിനുപുറമെ 2021ൽ കമീഷൻചെയ്‌ത കോഴിക്കോട് അരിപ്പാറ ഇരുവഞ്ഞിപ്പുഴയിലെ ജലവൈദ്യുതി നിലയത്തിന് 4.5 മെഗാവാട്ട് ഉൽപ്പാദനശേഷിയുമുണ്ട്.
ദിവസം രണ്ടുലക്ഷം യൂണിറ്റോളം വൈദ്യുതി സിയാൽ ഉൽപ്പാദിപ്പിക്കുന്നു. 1.6 ലക്ഷം യൂണിറ്റാണ് വിമാനത്താവളത്തിന്റെ ദിന ഉപയോഗം. 2013-ൽ പരീക്ഷണാടിസ്ഥാനത്തിൽ ടെർമിനലിനുമുകളിൽ 100 കിലോവാട്ട് പ്ലാന്റ് സ്ഥാപിച്ചാണ് പദ്ധതി തുടങ്ങിയത്. 2015-ൽ ലോകത്തെ ആദ്യസമ്പൂർണ സൗരോർജ വിമാനത്താവളമായി. 2018ൽ യുഎന്നിന്റെ പരിസ്ഥിതി പുരസ്‌കാരമായ ‘ചാന്പ്യൻ ഓഫ് ദി എർത്ത്’ സിയാലിന് ലഭിച്ചു.










0 comments