Deshabhimani

മാർഗരറ്റ് ഹാമിൽട്ടണും കാതറിൻ ജോൺസണും

print edition ചന്ദ്രനിലേക്ക് വഴിവെട്ടിയവർ

moon.
avatar
വി പി ബാലഗംഗാധരൻ

Published on Oct 16, 2026, 12:53 AM | 3 min read

1969 ജൂലൈ 20 മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്താൻ നിമിഷങ്ങൾമാത്രം ബാക്കി.. അപ്പോൾ അപ്പോളോ 11-ന്റെ ചാന്ദ്രയാത്രാ പേടകമായ ഈഗിളിലെ കംപ്യൂട്ടർ മുന്നറിയിപ്പ് നൽകി.... ‘1202’. ചന്ദ്രനിലേക്കുള്ള ഇറക്കം തുടരുന്നതിനിടെ വീണ്ടും മുന്നറിയിപ്പ്. കംപ്യൂട്ടറിന് എന്താണ് സംഭവിക്കുന്നത്. ദൗത്യം അവസാനിപ്പിക്കേണ്ടിവരുമോ. നീൽ ആംസ്‌ട്രോങ്ങും ബസ് ആൾഡ്രിനും ചന്ദ്രനിൽ ഇറങ്ങുമോ.

ഹ്യൂസ്റ്റണിലെ നാസയുടെ നിയന്ത്രണകേന്ദ്രത്തിലും പിരിമുറുക്കമേറി. മുന്നറിയിപ്പുകൾക്കിടയിലും കംപ്യൂട്ടർ പൂർണമായി തകരാറിലായില്ല. അതിന്റെ സോഫ്റ്റ്‌വെയർ രൂപകൽപ്പനയിൽ മുഖ്യപങ്കുവഹിച്ച മാർഗരറ്റ് ഹാമിൽട്ടണും സംഘവും ഒരുക്കിയ സംവിധാനത്തിന് അപ്പോൾ വലിയ പ്രാധാന്യമുണ്ടായിരുന്നു. ചന്ദ്രനിലിറങ്ങാൻ ആവശ്യമായ നിർണായക ജോലികൾ തുടരാൻ കംപ്യൂട്ടറിന് കഴിഞ്ഞു. നിയന്ത്രണകേന്ദ്രത്തിന്റെ അനുമതിയോടെ ആംസ്‌ട്രോങ് ഇറക്കം തുടർന്നു. ഒടുവിൽ ഈഗിൾ ചന്ദ്രോപരിതലത്തിലിറങ്ങി. നാസയുടെ നിയന്ത്രണകേന്ദ്രത്തിൽ ആശ്വാസം. മനുഷ്യന്റെ ചാന്ദ്രവിജയത്തിനുപിന്നിൽ പ്രവർത്തിച്ച ഈ വനിതയുടെ കഥയ്ക്കൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു ജീവിതമുണ്ട്– കാതറിൻ ജോൺസന്റേത്. ഒരാൾ കംപ്യൂട്ടറിന്റെ സോഫ്റ്റ്‌വെയറിലൂടെ പേടകത്തെ നിർണായക സാഹചര്യങ്ങളിൽ സുരക്ഷിതമായി പ്രവർത്തിക്കാൻ സഹായിച്ചപ്പോൾ, മറ്റൊരാൾ ഗണിതക്കൂട്ടുകളിലൂടെ ബഹിരാകാശയാത്രകൾക്ക് വഴികാട്ടി. അപ്പോളോയുടെ ചരിത്രത്തിൽ ഇവരുടെ സംഭാവനകൾ വ്യത്യസ്തമായിരുന്നെങ്കിലും രണ്ടും ഒരേ ലക്ഷ്യത്തിലേക്കായിരുന്നു, മനുഷ്യനെ സുരക്ഷിതമായി ബഹിരാകാശത്തേക്കും തിരിച്ചും എത്തിക്കുക.


കംപ്യൂട്ടർ പതറിയപ്പോൾ 
തുണചന്ദ്രനിലേക്ക് വഴിവെട്ടിയവർ യായ കോഡ്


1960-കളിൽ അമേരിക്കയുടെ അപ്പോളോ ചാന്ദ്രദൗത്യത്തിനുവേണ്ടിയുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ച സംഘത്തെ നയിച്ചിരുന്നത് മാർഗരറ്റ് ഹാമിൽട്ടണായിരുന്നു. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഇൻസ്ട്രുമെന്റേഷൻ ലബോറട്ടറിയിൽ പ്രവർത്തിച്ച അവർക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളി വലുതായിരുന്നു. അന്നത്തെ കംപ്യൂട്ടറുകൾക്ക് ഇന്നത്തെപ്പോലെ ശേഷിയും മെമ്മറിയും മറ്റ്‌ വിപുലമായ സാങ്കേതിക സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. അവയ്ക്ക് എന്ത് ചെയ്യണമെന്ന് നിർദേശങ്ങൾ നൽകുന്നതുമാത്രം പോരാ, പ്രതീക്ഷിക്കാത്ത പ്രശ്നങ്ങൾ ഉണ്ടായാലും പ്രധാനപ്പെട്ട ജോലികൾ തുടരാൻ കഴിയുന്ന രീതിയിൽ സോഫ്റ്റ്‌വെയർ രൂപകൽപ്പന ചെയ്യുകയും വേണം.

അപ്പോളോ 11- ചന്ദ്രനിൽ ലാൻഡ്‌ ചെയ്യുന്നതിനിടെ പ്രത്യക്ഷപ്പെട്ട 1202 മുന്നറിയിപ്പിന്റെ കാരണം റാൻഡെവൂ റഡാറിന്റെ സ്വിച്ച് തെറ്റായ നിലയിൽ ക്രമീകരിക്കപ്പെട്ടതിനെത്തുടർന്നുണ്ടായ ‘അധിക കംപ്യൂട്ടർ ജോലിഭാരമാ’യിരുന്നു. റഡാറിൽ യഥാർഥത്തിൽ ആവശ്യമില്ലാത്ത ഡേറ്റാ പ്രവർത്തനങ്ങൾ കംപ്യൂട്ടറിന്റെ പരിമിതമായ വിഭവങ്ങൾക്ക് അമിതഭാരം സൃഷ്ടിച്ചു.

എന്നാൽ, കംപ്യൂട്ടറിന്റെ സോഫ്റ്റ്‌വെയറിൽ മാർഗരറ്റ് ഹാമിൽട്ടൺ വികസിപ്പിച്ച മുൻഗണനാ സംവിധാനം ഉണ്ടായിരുന്നു. കംപ്യൂട്ടറിന് അമിതഭാരം അനുഭവപ്പെട്ടപ്പോൾ കുറഞ്ഞ പ്രാധാന്യമുള്ള ജോലികൾ മാറ്റിവച്ച് പ്രധാനപ്പെട്ട കണക്കുകൂട്ടലുകൾ തുടരാൻ അതിന് കഴിഞ്ഞു. പ്രവർത്തനം പുനക്രമീകരിച്ച് ആവശ്യമായ ജോലികൾ വീണ്ടെടുക്കാനും ഈ സംവിധാനം സഹായിച്ചു.

ഹാമിൽട്ടണിന്റെ പങ്ക് തിരിച്ചറിയേണ്ടത് ഇവിടെയാണ്. ഒരു ബട്ടൺ അമർത്തി അവർ ഒറ്റയ്ക്ക് ദൗത്യം രക്ഷിക്കുകയായിരുന്നില്ല, അവരുടെ സംഘം വികസിപ്പിച്ച കരുത്തുറ്റ സോഫ്റ്റ്‌വെയറാണ് ആ പ്രതിസന്ധിയിലും കംപ്യൂട്ടറിനെ തുണച്ചത്. സോഫ്റ്റ്‌വെയർ എന്നത് കേവലം നിർദേശങ്ങളല്ല, സുരക്ഷ ഉറപ്പാക്കുന്ന എൻജിനിയറിങ് മേഖലയാണെന്ന് അവർ തെളിയിച്ചു. സോഫ്റ്റ്‌വെയർ എൻജിനിയറിങ്ങിന് അർഹമായ അംഗീകാരം നേടിക്കൊടുക്കുന്നതിലും ഹാമിൽട്ടൺ നിർണായക പങ്കുവഹിച്ചു.


അവരുടെ ശരിയിൽ വിശ്വാസം

ചന്ദ്രനിലേക്ക് വഴിവെട്ടിയവർ

കംപ്യൂട്ടർ സോഫ്റ്റ്‌വെയർ ചന്ദ്രനിലിറങ്ങുന്ന പേടകത്തെ സഹായിച്ചപ്പോൾ, മറ്റൊരു നിർണായക ഘട്ടത്തിൽ ഗണിതത്തിന്റെ കൃത്യതയിലായിരുന്നു ഒരു ബഹിരാകാശയാത്രികന്റെ വിശ്വാസം. ആ വിശ്വാസം നേടിയെടുത്തത് കാതറിൻ ജോൺസൺ എന്ന ഗണിതശാസ്ത്രജ്ഞയായിരുന്നു.

1918-ൽ അമേരിക്കയിൽ ജനിച്ച കാതറിൻ ചെറുപ്പത്തിലേ ഗണിതത്തിൽ അസാധാരണമായ കഴിവ് പ്രകടിപ്പിച്ചു. അക്കാലത്ത് കറുത്തവർഗക്കാരായ സ്ത്രീകൾക്ക് ശാസ്ത്രമേഖലയിൽ അവസരങ്ങൾ വളരെ പരിമിതമായിരുന്നു. എങ്കിലും പഠനമികവിലൂടെ മുന്നേറിയ അവർ 1953-ൽ അമേരിക്കയുടെ വ്യോമഗവേഷണ സ്ഥാപനമായ NACA-യിൽ ജോലിയിൽ പ്രവേശിച്ചു. 1958-ൽ ഈ സ്ഥാപനം നാസയുടെ ഭാഗമായി.

ബഹിരാകാശപേടകം എവിടെയെത്തും.. എപ്പോൾ ഭൂമിയെ ചുറ്റും... യാത്ര കഴിഞ്ഞ് എവിടെ തിരിച്ചിറങ്ങും... ഭൂമിയുടെ ഭ്രമണവും പേടകത്തിന്റെ വേഗവും സ്ഥാനവും കണക്കിലെടുത്തുള്ള ഇത്തരം പ്രശ്നങ്ങൾക്ക് സങ്കീർണമായ ഗണിതക്കൂട്ടുകൾ ആവശ്യമായിരുന്നു. 1961-ൽ അലൻ ഷെപ്പേർഡിന്റെ ബഹിരാകാശയാത്രയുടെ പാത കണക്കാക്കുന്നതിൽ കാതറിൻ മുഖ്യപങ്കുവഹിച്ചു.


എന്നാൽ, 1962-ൽ ജോൺ ഗ്ലെന്നിന്റെ ഭൂമിയെ ചുറ്റിയുള്ള യാത്രയ്ക്കുമുമ്പാണ് കാതറിന്റെ കഴിവിലുള്ള വിശ്വാസം ലോകശ്രദ്ധ നേടിയത്. നാസ അപ്പോഴേക്കും ഇലക്ട്രോണിക് കംപ്യൂട്ടറുകൾ ഉപയോഗിച്ചുതുടങ്ങിയിരുന്നു. കംപ്യൂട്ടറുകൾ വേഗത്തിൽ കണക്കുകൂട്ടിയെങ്കിലും അവയുടെ കണക്കുകളിൽ പിഴവുണ്ടാകുമോ എന്ന ആശങ്ക തുടക്കത്തിൽ നിലനിന്നിരുന്നു. ഗ്ലെന്നിന്റെ യാത്രാപഥം നിർണയിക്കുന്ന കണക്കുകൾ കംപ്യൂട്ടർ പരിശോധിച്ചുകൊണ്ടിരിക്കെ, അവ വീണ്ടും കൈകൊണ്ട് കണക്കുകൂട്ടി ഉറപ്പാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആ ചുമതല കാതറിനായിരുന്നു.

‘അവൾ ശരിയെന്ന്‌ പറഞ്ഞാൽ എനിക്ക് വിശ്വാസമാണ്’ എന്നായിരുന്നു ഗ്ലെന്നിന്റെ നിലപാട്. കാതറിൻ കണക്കുകൾ പരിശോധിച്ചു. അവ ശരിയായിരുന്നു. തുടർന്ന് ഗ്ലെന്നിന്റെ പേടകം വിജയകരമായി ഭൂമിയെ ചുറ്റി തിരിച്ചെത്തി.


കാതറിന്റെ സംഭാവന അവിടെ അവസാനിച്ചില്ല. അപ്പോളോ ചാന്ദ്രദൗത്യങ്ങളിലും, ചന്ദ്രനെ ചുറ്റുന്ന കമാൻഡ് മോഡ്യൂളും ചന്ദ്രനിലിറങ്ങുന്ന ലൂണാർ മൊഡ്യൂളും തമ്മിലുള്ള യാത്രാപഥങ്ങളുടെ കണക്കുകൂട്ടലുകളിലും അവർ പ്രവർത്തിച്ചു. അപ്പോളോ 13-ന്റെ ദൗത്യം അപകടത്തെത്തുടർന്ന് അവസാനിപ്പിക്കേണ്ടിവന്നപ്പോൾ, സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങാൻ സഹായിച്ച നാവിഗേഷൻ വിവരങ്ങൾക്കും മുൻകൂട്ടി തയ്യാറാക്കിയ കണക്കുകൾക്കും പ്രാധാന്യമുണ്ടായിരുന്നു. ബഹിരാകാശയാത്രയിൽ ഒരു കണക്കിന്റെ കൃത്യത ജീവനും മരണവും തമ്മിലുള്ള വ്യത്യാസമാകാമെന്നതിന്റെ ഓർമപ്പെടുത്തലാണിത്.


2 വഴികൾ, ഒരേ ലക്ഷ്യം


മാർഗരറ്റ് ഹാമിൽട്ടണും കാതറിൻ ജോൺസണും ഒരേ ജോലി ചെയ്തവരല്ല. കാതറിൻ ഗണിതത്തിലൂടെ പേടകങ്ങളുടെ യാത്രാപഥം കണക്കാക്കുകയും ദൗത്യങ്ങളുടെ നാവിഗേഷനിൽ സംഭാവന നൽകുകയും ചെയ്തു. ഹാമിൽട്ടൺ കംപ്യൂട്ടർ സോഫ്റ്റ്‌വെയർ വികസിപ്പിച്ച സംഘത്തെ നയിച്ച്, പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിലും നിർണായക ജോലികൾ തുടരാൻ കഴിയുന്ന സംവിധാനം ഒരുക്കുന്നതിൽ പങ്കുവഹിച്ചു. അപ്പോളോയുടെ വിജയം ഈ വ്യത്യസ്ത കഴിവുകൾ ഒരുമിച്ചുചേർന്നതിന്റെ ഫലമായിരുന്നു.

കാതറിൻ 2020-ൽ 101–-ാം വയസ്സിൽ അന്തരിച്ചു. മാർഗരറ്റ് ഹാമിൽട്ടൺ കഴിഞ്ഞ മാസം 30-ന് 90–-ാം വയസ്സിലും വിടവാങ്ങി.


ചന്ദ്രനിലിറങ്ങിയ ആ ചരിത്രനിമിഷം ഓർക്കുമ്പോൾ ബഹിരാകാശയാത്രികരുടെ ധൈര്യവും റോക്കറ്റുകളുടെ ശക്തിയും മാത്രമല്ല ഓർക്കേണ്ടത്. ഭൂമിയിൽ ഇരുന്ന് പേടകത്തിന്റെ പാത കണക്കാക്കിയ ഗണിതശാസ്ത്രജ്ഞയെയും കംപ്യൂട്ടറിന്റെ ഓരോ നിർദേശവും വിശ്വസനീയമാക്കാൻ പരിശ്രമിച്ച സോഫ്റ്റ്‌വെയർ എൻജിനിയർമാരെയുംകൂടി ഓർക്കണം. ചന്ദ്രനിലേക്കുള്ള യാത്രയിൽ ഒരു വശത്ത് ഗണിതത്തിന്റെ കൃത്യതയും മറുവശത്ത് കോഡിന്റെ കരുത്തുമുണ്ടായിരുന്നു. ആ രണ്ടുവഴികളിലും തിളങ്ങിനിന്ന വനിതകളാണ് കാതറിൻ ജോൺസണും മാർഗരറ്റ് ഹാമിൽട്ടണും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home