പൂമ്പാറ്റകളായി അവർ വരട്ടെ...

school opening.
avatar
വി ശിവൻകുട്ടി

Published on Jun 02, 2025, 04:59 AM | 3 min read

ജൂൺ രണ്ട്‌ കേരളത്തിൽ അക്കാദമിക പുതുവത്സര ദിനമാണ്. ഇന്ന്‌ സ്‌കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികളെയും സന്തോഷത്തോടെ വരവേൽക്കുന്നു. ഇക്കൂട്ടത്തിൽ ആദ്യമായെത്തുന്ന കുഞ്ഞുങ്ങളുമുണ്ട്. അവരെ പ്രത്യേകം സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്തുടനീളം ശക്തമായ കാലവർഷമാണുള്ളത്‌. ഈ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വലിയ തോതിലുള്ള സമൂഹകരുതൽ അനിവാര്യമാണ്. മഴക്കാലത്ത് ഉണ്ടാകുന്ന പകർച്ചവ്യാധികളെ നേരിടാനുള്ള മുൻകരുതൽ എടുക്കേണ്ടതുണ്ട്‌. ഇക്കാര്യത്തിലും പൊതുസമൂഹത്തിന്റെകൂടി യോജിച്ച പ്രവർത്തനം അത്യാവശ്യമാണ്. ആരോഗ്യവകുപ്പ് ഉൾപ്പെടെ എല്ലാ വകുപ്പുകളുടെയും ഏകോപനം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടുത്തും.

ഭൗതിക സൗകര്യത്തിൽ മുന്നേറ്റം

കുട്ടികളെ സ്‌കൂളിലേക്ക് സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ രണ്ടുമാസമായി അക്ഷീണം പ്രവർത്തിക്കുകയണ്. സ്‌കൂൾ കെട്ടിടങ്ങൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്.

ഭൗതിക സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. കിഫ്ബി ധനസഹായത്തോടെ 2600 കോടി രൂപയുടെ ഭൗതിക സൗകര്യ വികസനമാണ് നടത്തുന്നത്. ആകെ വിഭാവനം ചെയ്‌ത 973 സ്‌കൂൾ കെട്ടിടങ്ങളിൽ 539 കെട്ടിടം നിർമാണം പൂർത്തീകരിച്ചു. ഇതുകൂടാതെ പ്ലാൻ ഫണ്ട്, തദ്ദേശഭരണസ്ഥാപന ഫണ്ട്, ജനപ്രതിനിധികളുടെ ആസ്‌തിവികസന ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ വിനിയോഗിച്ച് നൂറുകണക്കിന് സ്‌കൂൾ കെട്ടിടങ്ങൾ കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിൽ പൂർത്തീകരിച്ചു. ഏതാണ്ട് 5000 കോടി രൂപയ്ക്ക് അടുത്തുള്ള നിക്ഷേപമാണ് ഇക്കാലയളവിൽ സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് ഉണ്ടായത്. പഠനപ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി സാങ്കേതികവിദ്യ സാധ്യതകൾ വലിയതോതിൽ പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിഞ്ഞു. കംപ്യൂട്ടറുകൾ, അനുബന്ധ സാമഗ്രികൾ എന്നിവ സ്‌കൂളുകളിൽ വിന്യസിക്കുന്നതോടൊപ്പം റോബോട്ടിക് ഉപകരണങ്ങളും ലഭ്യമാക്കാൻ സാധിച്ചു.

നിർമിതബുദ്ധിയുടെ സാധ്യത ഫലപ്രദമായി വിനിയോഗിക്കാനുള്ള പരിശീലനങ്ങൾ അധ്യാപകർക്ക് നൽകിയിട്ടുണ്ട്. എല്ലാ കുട്ടികളെയും ഉൾക്കൊണ്ടുകൊണ്ടുള്ള ആധുനികവൽക്കരണ കാര്യത്തിൽ ഏറെ മുന്നിലാണ് കേരളം. ഒന്നുമുതൽ 10 വരെയുള്ള മുഴുവൻ പാഠപുസ്‌തകങ്ങളും പാഠ്യപദ്ധതി ചട്ടക്കൂട് 2023ന് അനുസൃതമായി മാറിയിട്ടുണ്ട്. സ്‌കൂൾ വർഷാരംഭത്തിൽത്തന്നെ എല്ലാ കുട്ടികൾക്കും പാഠപുസ്‌കങ്ങൾ എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചു. ഒമ്പതാം ക്ലാസ് പരീക്ഷ എഴുതി പുറത്തിറങ്ങിയ ഘട്ടത്തിൽത്തന്നെ പത്താം ക്ലാസിലെ പാഠപുസ്‌തകങ്ങൾ 2025 മാർച്ചിൽ വിതരണം ചെയ്തു. ഇതെല്ലാം കേരളത്തെ സംബന്ധിച്ച് പുത്തൻ അനുഭവങ്ങളാണ്.


സമഗ്രഗുണമേന്മാ വിദ്യാഭ്യാസം


ഈ അധ്യയന വർഷം സമഗ്രഗുണമേന്മാ വർഷമായാണ് കണക്കാക്കുന്നത്‌. കഴിഞ്ഞ അക്കാദമിക വർഷംതന്നെ ഈ ദിശയിലേക്കുള്ള പ്രവർത്തനം ആരംഭിച്ചിരുന്നു. ഇത്തവണ അത് കൂടുതൽ ചിട്ടപ്പെടുത്തി മികവാർന്ന രീതിയിൽ നടപ്പാക്കേണ്ടതുണ്ട്. കുട്ടികളുടെ പഠനമുന്നേറ്റം സമൂഹത്തിനുകൂടി അനുഭവവേദ്യമാകണം. മൂല്യനിർണയരംഗത്തും വലിയ മാറ്റമാണ് വിഭാവനം ചെയ്യുന്നത്. കുട്ടികളുടെ അറിവും കഴിവും പ്രായത്തിനനുസരിച്ച് വികസിക്കുന്നെന്ന് ഉറപ്പിക്കാൻ കഴിയണം. അതിനുള്ള മാർഗമെന്ന നിലയിലാണ് മിനിമം മാർക്ക് എന്നത്‌ നടപ്പാക്കിയത്. എട്ടാം ക്ലാസിൽ വർഷാന്ത്യ പരീക്ഷയിൽ ഇത്‌ നടപ്പാക്കുകയും പഠനപിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് അത് നൽകി പഠനം തുടരാനുള്ള ക്രമീകരണങ്ങളും വരുത്തി. ഇതിന് വലിയ ജനകീയ പിന്തുണയാണ് ലഭിച്ചത്. വർഷാന്ത്യത്തിൽ നടക്കേണ്ട പ്രക്രിയയായി അതിനെ പരിമിതപ്പെടുത്തരുത്. കുട്ടികളുടെ പഠനത്തിന്റെ അവിഭാജ്യഭാഗമെന്ന രീതിയിൽ തുടർപ്രക്രിയയായി മാറണം. നിരന്തര വിലയിരുത്തലിന്റെ ഭാഗമായി കുട്ടികളുടെ പഠനനില ഓരോ ഘട്ടത്തിലും പരിശോധിക്കുകയും അതത് ഘട്ടത്തിൽത്തന്നെ പിന്തുണ നൽകി എല്ലാ കുട്ടികളെയും പഠനമുന്നേറ്റത്തിന് പ്രാപ്തരാക്കുകയും വേണം. സ്‌കൂൾ വർഷാരംഭത്തിൽ ഓരോ കുട്ടിയെയും അറിയാനും അവരുടെ ശക്തിയും പരിമിതിയും തിരിച്ചറിയാനും അതിനെ മറികടക്കാനുള്ള പഠനപിന്തുണ നൽകാനും അധ്യാപകർക്ക് കഴിയണം. കുട്ടികൾ അനിവാര്യമായി അറിയേണ്ട കാര്യങ്ങൾ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിക്കാൻ സഹായകമായ മാർഗരേഖ തയ്യാറാക്കി എല്ലാ വിദ്യാലയങ്ങളിലും എത്തിച്ചിട്ടുണ്ട്. ലഹരിക്കെതിരെയായ മനോഭാവവികാസം, ശുചിത്വ ആരോഗ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യം, റോഡ് സുരക്ഷാ നിയമങ്ങൾ, സ്‌കൂൾ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ, ആരോഗ്യം, കായികക്ഷമത തുടങ്ങിയ കാര്യങ്ങളുടെ ആമുഖം തുടങ്ങിയവയെല്ലാം ആദ്യ രണ്ടാഴ്ചയിൽ കുട്ടികളിൽ എത്തിക്കാനുള്ള പ്രത്യേക തീരുമാനം ഈ വർഷം കൈക്കൊണ്ടിട്ടുണ്ട്. ഇത് ഒറ്റത്തവണയായി നടപ്പാക്കേണ്ട പ്രവർത്തനമല്ല. അക്കാദമിക വർഷം മുഴുവൻ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി തുടരേണ്ടതുണ്ട്. കുട്ടികൾക്കുണ്ടാകുന്ന ആകാംക്ഷ, സമ്മർദം, പിരിമുറുക്കം എന്നിവ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ പഠനത്തിന്റെ ഭാഗമായി മാറണം. അതിൽ ഒരിനമായാണ് സൂംബാ ഡാൻസിനെ കാണേണ്ടത്. ഇങ്ങനെ സ്‌കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും സ്‌കൂൾ അക്കാദമിക മാസ്റ്റർ പ്ലാനിന്റെ ഭാഗമാക്കണം. ജൂൺ പത്തിനകം എല്ലാ വിദ്യാലയങ്ങളിലും അക്കാദമിക മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കേണ്ടതുണ്ട്. ഇതിനെല്ലാം കഴിയുംവിധം ആവശ്യമായ പരിശീലനങ്ങൾ അധ്യാപകർക്ക് അവധിക്കാലത്ത് നൽകിയിട്ടുണ്ട്. അക്കാദമിക വർഷം ആരംഭിക്കുമ്പോൾത്തന്നെ സ്ഥാപന മേധാവികളെ നിയമിക്കൽ, അധ്യാപക സ്ഥലംമാറ്റം തുടങ്ങി ഭരണപരമായി കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായ കാറ്റും മഴയുമാണ് ഇപ്പോൾ കേരളത്തിലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് മുഴുവൻ കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തണം. എല്ലാ കുട്ടികൾക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ഒരുക്കാനുള്ള അക്കാദമിക വർഷമായി ഇതിനെ പരിവർത്തിപ്പിക്കുകയും വേണം. അതിനായി നമുക്കെല്ലാവർക്കും കൂട്ടായി പരിശ്രമിക്കാം. എല്ലാ കുഞ്ഞുങ്ങളെയും ഒരിക്കൽക്കൂടി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home